ഹര്‍ത്താലിലുണ്ടാകുന്ന നഷ്ടം ഈടാക്കാന്‍ സംവിധാനം വേണം: ഹൈക്കോടതി

ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സി.ക്കും മറ്റ് പൊതുസ്ഥാപനങ്ങള്‍ക്കുമുണ്ടാവുന്ന നഷ്ടം ഉത്തരവാദികളില്‍ നിന്ന് ഈടാക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഉണ്ടാക്കണമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരത്തിനുള്ള അപേക്ഷ ക്ഷണിക്കല്‍, നഷ്ടം കണക്കാക്കി ഉത്തരവാദികളില്‍ നിന്ന് ഈടാക്കി നല്‍കല്‍ എന്നിവയില്‍ സ്വമേധയാ നടപടിയെടുക്കാന്‍ ഒരു അതോറിറ്റിയെ അധികാരപ്പെടുത്തി സര്‍ക്കാര്‍ നിയമമുണ്ടാക്കണം.

അത്തരം നടപടികളിലൂടെ മാത്രമേ നിര്‍ബന്ധിത ഹര്‍ത്താലെന്ന പ്രശ്‌നം ഇല്ലാതാക്കാനാവൂ എന്ന് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് എ.എം. ഷഫീക്കും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. 2008-ലെ നാല് ഹര്‍ത്താലുകളില്‍ ബസ്സുകള്‍ നിരത്തിലിറക്കാനാവാത്തതുമൂലം ടിക്കറ്റ് വില്പനയിനത്തില്‍ കെ.എസ്.ആര്‍.ടി.സി.ക്ക് 8.41 കോടിയിലധികം രൂപ നഷ്ടമുണ്ടായെന്ന ഹര്‍ജിയിലാണിത്.

ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍ നിന്നും പോലീസ് സംരക്ഷണം നല്‍കാത്ത സര്‍ക്കാറില്‍ നിന്നും നഷ്ടം ഈടാക്കാന്‍ ഉത്തരവിടണമെന്നാണ് എറണാകുളത്തെ പ്രോപ്പര്‍ ചാനല്‍ എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം. ബസ് ഓടിച്ചാലും ആളുണ്ടാവില്ലെന്ന് കെ.എസ്.ആര്‍.ടി.സി.യും സംരക്ഷണം നല്‍കാന്‍ തയ്യാറാണെന്ന് സര്‍ക്കാറും ബോധിപ്പിച്ചിരുന്നു.

എന്നാല്‍ കെ.എസ്.ആര്‍.ടി.സി. നഷ്ടപരിഹാര ആവശ്യം ഉന്നയിച്ചിട്ടില്ലെന്നിരിക്കേ, പൊതുതാത്പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കാന്‍ സാധിക്കില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഹര്‍ത്താല്‍ മൂലമുള്ള നഷ്ടം ആഹ്വാനം ചെയ്തവരില്‍ നിന്ന് ഈടാക്കണമെന്ന് നേരത്തേ ഹൈക്കോടതിയുടെ ഉത്തരവുള്ളതാണ്.

ഹര്‍ത്താലിലെ നഷ്ടം ഈടാക്കല്‍ സംബന്ധിച്ച് സര്‍ക്കാര്‍ 2003 ഡിസംബര്‍ 17-ല്‍ ഉത്തരവ് ഇറക്കിയിട്ടുമുണ്ട്. എന്നിട്ടും നഷ്ടം ഈടാക്കാന്‍ കെ.എസ്.ആര്‍.ടി.സി. ചെറുവിരലനക്കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ഹര്‍ത്താല്‍ പതിവാണ്. ജനം വീട്ടിലിരിക്കും. ബസ് ഓടിച്ചാലും ആളുണ്ടാവില്ലെന്ന് കെ.എസ്.ആര്‍.ടി.സി. പറയുന്നു. ആളില്ലാതെ ബസ് ഓടിക്കണമെന്ന് പറയാനുമാവില്ല.

നാട്ടുകാരാരും ഹര്‍ത്താലിലെ നഷ്ടത്തിന് പരിഹാരം തേടിയതായി കാണുന്നില്ല. ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നവരുടെ സംഘടിത ശക്തിയെ ഭയക്കുന്നതാവാം കാരണം. അതിനാല്‍ കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെ സര്‍ക്കാറിനു കീഴിലുള്ള കോര്‍പറേഷനുകള്‍ക്കും മറ്റും നഷ്ടപരിഹാരം തേടാന്‍ ലളിതമായ സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close