ഹാര്‍മോണിയം

harmoniam

കേരളത്തില്‍ ഏറ്റവും നന്നായി ഹാര്‍മോണിയം നിര്‍മ്മിച്ചു കിട്ടുന്നത് എവിടെയാണ് ? എന്നെ സംബന്ധിച്ചിടത്തോളം ഒരുത്തരമേയുള്ളൂ.

അറുമുഖന്‍, വാണി മ്യൂസിക്കല്‍സ്, വളാഞ്ചേരി ,മലപ്പുറം ജില്ല .(അന്താരാഷ്ട്ര നിലവാരമുള്ളഹാര്‍മോണിയം നിര്‍മ്മിച്ചു വില്‍ക്കുന്ന കല്ക്കട്ടയിലെ പോള്‍ ആന്റ് കമ്പനിയെ മാറ്റി നിര്‍ത്തിയാണ് പറയുന്നത് )

നാദം കൊണ്ടു മാത്രമല്ല രൂപഭംഗി കൊണ്ടും കൊതിപ്പിക്കുന്നവയാണ് അറുമുഖന്‍ ഉണ്ടാക്കുന്നഹാര്‍മോണിയപ്പെട്ടികള്‍ .

ജന്മം കൊണ്ട് ജര്‍മ്മന്‍ സ്വദേശിയെങ്കിലും കേരളത്തിന്റെ പാരമ്പര്യത്തില്‍ ഹാര്‍മോണിയംപണ്ടേ ഉണ്ടായിരുന്നു. ഏതു വലിയ ആള്‍ക്കൂട്ടമനസ്സിനെയും നിമിഷനേരം കൊണ്ട് ആകര്‍ഷിച്ചു നിര്‍ത്താന്‍ ഹാര്‍മോണിയക്കട്ടകളിലൊന്നില്‍ വിരലമര്‍ത്തുകയേ വേണ്ടൂ.

തലമുറകള്‍ കൈമാറിവന്ന കുലത്തൊഴിലാണ് അറുമുഖന്‍ചേട്ടനു ഹാര്‍മോണിയം നിര്‍മ്മാണം .ഹാര്‍മോണിയം നിര്‍മ്മിക്കുക എന്നല്ല കെട്ടുക എന്നാണു പറയുക.ഹാര്‍മോണിയക്കട്ടകളില്‍ വിരലോടിക്കുമ്പോഴത്തെ നാദം എന്റെ ബാല്യത്തെ പ്രചോദിപ്പിച്ച നാദമാണ്. അതിന്റെ ലാളിത്യം , ഗ്രാമീണത, നാടോടിത്തം ഇവയൊക്കെയാണെന്നു തോന്നുന്നു എന്നെ ആകര്‍ഷിച്ചത്. അതിനുമപ്പുറം നിസ്വരും നിരാലംബരുമായ മനുഷ്യരുടെകൈകളിലാണ് ഈ സംഗീതോപകരണം കൂടുതലും കണ്ടത് എന്നതും വലിയ ഒരുകാരണമാവാം. പതിന്നാലുകൊല്ലം മുമ്പു ഒരു ഡബിള്‍റീഡ് ഹാര്‍മോണിയത്തിനു വേണ്ടി അറുമുഖന്‍ചേട്ടനു അഡ്വാന്‍സ് കൊടുത്തു കാത്തിരുന്ന കാലം ഓര്‍മ്മയുണ്ട് .അന്ന് ആറു മാസംകൊണ്ട് പെട്ടി കയ്യില്‍ക്കിട്ടി. കഴിഞ്ഞ ഫെബ്രുവരിയില്‍ ചേട്ടന്‍ ചെയ്തു തന്ന ട്രിപ്പിള്‍റീഡിന്റെസുന്ദരന്‍ ഹാര്‍മോണിയത്തിനായി കാത്തുകാത്തിരുന്ന കാലദൈര്‍ഘ്യം വിസ്തരിച്ച് ആരെയും നിരാശപ്പെടുത്താന്‍ ഉദ്ദേശ്യമില്ല. അല്ലെങ്കിലും അതങ്ങനെയാണ്. ഒന്നാംതരം കലാകാരന്മാര്‍ പലരും മുഷിഞ്ഞു പണിയെടുക്കാന്‍ മനസ്സുള്ളവരല്ല. പറഞ്ഞ സമയത്ത് പണി തീര്‍ത്തു തന്നെന്നും വരില്ല. അതേ സമയം ചെയ്യുന്ന പണിയുടെ പൂര്‍ണ്ണതയില്‍ അവര്‍ കോംപ്രമൈസുകള്‍ക്ക് തയ്യാറാവാറുമില്ല. മക്കളായ ബാബുവും സുനിലുമാണ് ചേട്ടനുസഹായികളായി കൂടെ ഉള്ളത് . നിര്‍മ്മാണരഹസ്യം പുറത്തു പോവാതിരിക്കാനാവണംമക്കളൊഴിച്ച് മറ്റാരെയും പണിയില്‍ കൂട്ടാറില്ല .

ഇലക്ട്രോണിക് കീബോര്‍ഡിന്റെ വരവോടെ ഹാര്‍മോണിയം കുറേക്കാലത്തേക്ക് പിന്തള്ളപ്പെട്ടു പോയിരുന്നു എന്നതു സത്യമാണ് . മലയാളി ഹിന്ദുസ്ഥാനിസംഗീതത്തെയും ഗസലുകളെയും കൂടുതല്‍ അടുത്തറിഞ്ഞു തുടങ്ങിയ ഇക്കാലത്ത് ഹാര്‍മോണിയംതിരിച്ചുവരവിന്റെ പാതയിലാണ് എന്നു പറയണം.

വളാഞ്ചേരിയ്ക്കു ചെല്ലുമ്പോഴെല്ലാം ചേട്ടന്‍ പഴയ കാലം ഓര്‍ത്തെടുക്കും .പണിത്തിരക്കിനിടയിലും മണിക്കൂറുകളോളം സംസാരിക്കും. അനശ്വരസംഗീതസംവിധായകനും സുഹൃത്തും സര്‍വ്വോപരി ഹാര്‍മോണിയം ‘ലെജെന്‍ഡു’ മായിരുന്നഎം എസ് ബാബുരാജിനെ കുറിച്ച് . കോട്ടയ്ക്കല്‍ ചികിത്സയ്ക്ക് വന്ന് ഒടുവില്‍ തന്റെ ട്രിപ്പിള്‍റീഡ് പെട്ടിയുമായി പാക്കിസ്ഥാനിലേക്കു ‘കടന്നു കളഞ്ഞ’ ഉസ്താദ് മെഹ്ദിയെക്കുറിച്ച് .സ്ഥിരം സന്ദര്‍ശകരിലൊരാളായിരുന്ന കലാമണ്ഡലം ഹൈദരാലിയെ കുറിച്ച് …

കഴിഞ്ഞ തവണ ചെന്നപ്പോള്‍ മൊബൈലില്‍ ചേട്ടന്റെ കുറെ പടങ്ങള്‍ എടുത്തിരുന്നു .തിരിച്ചു വന്നു നോക്കുമ്പോള്‍ കഷ്ടമേ കഷ്ടം .ഒന്നുമില്ല .കഷ്ടിച്ച് ഒരെണ്ണം മാത്രമുണ്ട് .അതിവിടെചേര്‍ക്കുന്നു .ഒപ്പം ചേട്ടന്‍ പണിതു തന്ന മഹത്തായ രണ്ടു സൃഷ്ടികളുടെ ചിത്രങ്ങളും…

1483388_653399811367784_1429517608_n 1504532_653399511367814_646622480_n 1604656_653400064701092_1624699324_n

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close