പുതിയ പ്‌ളസ് ടു സ്‌കൂളുകള്‍ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

സംസ്ഥാനത്ത് പുതിയ പ്‌ളസ് ടു സ്‌കൂളുകളും ബാച്ചുകളും അനുവദിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്ക് തിരിച്ചടി. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ശുപാര്‍ശ മറികടന്ന് സര്‍ക്കാര്‍ അനുമതി നല്‍കിയ സ്‌കൂളുകളുടെ പ്രവര്‍ത്തനമാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് റദ്ദാക്കിയത്. ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ശുപാര്‍ശ ചെയ്തിട്ടും അനുമതി നല്‍കാത്ത സ്‌കൂളുകള്‍ക്ക് ഉടന്‍ അധികബാച്ച് അനുവദിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

എം.എല്‍.എ.മാരുടെ ശുപാര്‍ശ പരിഗണിച്ചാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ശുപാര്‍ശ മറികടന്ന് പുതിയ സ്‌കൂളുകള്‍ അനുവദിച്ചതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ എം.എല്‍.എ.മാരുടെ അഭിപ്രായം തേടിയതിന്റേയോ അനുമതി നല്‍കിയ സ്‌കൂളുകളില്‍ പരിശോധന നടത്തിയതിന്റെയോ രേഖകള്‍ സര്‍ക്കാര്‍ ഫയലിലില്ല-കോടതി ഇടക്കാല വിധിയില്‍ പറഞ്ഞു.

ഇതൊരു ഇടക്കാല ഉത്തരവാണെന്നും മറ്റ് വിദ്യാലയങ്ങള്‍ക്ക് താല്‍കാലിക അനുമതി മാത്രമാണ് നല്‍കിയിരിക്കുന്നതെന്നും കോടതി പറഞ്ഞു. പുതിയതായി അനുമതി ലഭിച്ച സ്‌കൂളുകളെ കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. നിലവാരമില്ലാത്ത സ്‌കൂളുകള്‍ക്ക് പ്‌ളസ് ടു ബാച്ചുകള്‍ അനുവദിക്കരുതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

കേസിന്റെ വാദത്തില്‍ ബാലിശമായ ന്യായങ്ങള്‍ ഉന്നയിക്കരുതെന്ന് പറഞ്ഞ് കോടതി അഡ്വക്കേറ്റ് ജനറലിനെ വിമര്‍ശിച്ചു.

അനുമതി റദ്ദാക്കിയ സ്‌കൂളുകളില്‍ ഏറെയും വടക്കന്‍ ജില്ലകളിലാണെന്ന് അറിയുന്നു. ഏതെല്ലാം സ്‌കൂളുകള്‍ക്ക് അനുവദിച്ച ബാച്ചുകളാണ് റദ്ദാക്കിയതെന്ന വിവര അറിഞ്ഞുവരുന്നതേയുള്ളൂ.

ഹൈക്കോടതി വിധിയില്‍ അനുകൂലവും പ്രതികൂലവുമായ ഘടകങ്ങളുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. സ്‌റ്റേ വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. വിധി ആശ്വാസകരമാണെന്ന് എം.ഇ.എസ്. പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close