നൂറു രൂപയുടെ പ്ലാസ്റ്റിക് വാച്ചിനെ ചൊല്ലി തര്‍ക്കം;പന്ത്രണ്ടുകാരനെ കൂട്ടുകാര്‍ തല്ലിക്കൊന്നു

പ്ലാസ്റ്റിക് വാച്ചിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ പന്ത്രണ്ടുവയസ്സുകാരനെ കൂട്ടുകാര്‍ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ഖോദയിലാണ് സംഭവം. സ്വകാര്യ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ സണ്ണിയാണ് കൂട്ടുകാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹപാഠികളെ പൊലീസ്ചോദ്യം ചെയ്തു.

ഖോഡ ജില്ലയിലെ ആസാദ് വിഹാറിലെ ഒറ്റ മുറി വീട്ടില്‍ മാതാപിതാക്കള്‍ക്കും രണ്ട് സഹോദരങ്ങള്‍ക്കുമൊപ്പമാണ് സണ്ണി താമസിച്ചിരുന്നത്. വീട്ടില്‍ തന്നെയായിരുന്നു സണ്ണി കൊല്ലപ്പെട്ടത്. സഹോദരനാണ് ബോധംകെട്ട് കിടക്കുന്ന സണ്ണിയെ ആദ്യം കണ്ടത്. കുഴഞ്ഞുവീണതാണെന്ന് കരുതി ബന്ധുക്കളെയും അയല്‍വാസികളെയും വിവരമറിയിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കു മുമ്പ് കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

സംഭവത്തില്‍ ദുരൂഹത തോന്നിയ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സണ്ണിയുടെ മരണം കൊലപാതകമാണന്ന് തെളിഞ്ഞത്. കൂട്ടുകാരെയും അയല്‍വാസികളെയും വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് ദാരുണ സംഭവം പുറംലോകമറിഞ്ഞത്.

സംഭവത്തെ കുറിച്ച് പൊലീസിന്റെ വിശദീകരണം ഇങ്ങനെ, കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ട സണ്ണിക്ക് അവിസേക് എന്ന കൂട്ടുകാരന്‍ നൂറു രൂപയുടെ പ്ലാസ്റ്റിക് വാച്ച് സമ്മാനിച്ചിരുന്നു. സണ്ണി ഈ വാച്ച് മറ്റൊരു കൂട്ടുകാരന് നല്‍കി. എന്നാല്‍ കഴിഞ്ഞ ദിവസം സമ്മാനം നല്‍കിയ കൂട്ടുകാരന്‍ ഇത് തിരികെ ചോദിച്ചു. തുടര്‍ന്ന് കൂട്ടുകാര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ സണ്ണിയുടെ ജീവന്‍ പൊലിഞ്ഞു.

Show More

Related Articles

Close
Close