” ശിവശങ്കരം ” മങ്കൊമ്പ് ശിവശങ്കരപ്പിള്ളയുടെ ഓര്‍മയില്‍

web1994 കാലത്ത് എനിക്കു വീണുകിട്ടിയ ഭാഗ്യമായിരുന്നു ശ്രീ മങ്കൊമ്പ് ശിവശങ്കരപ്പിള്ള എന്ന അനന്യനായ കഥകളി കലാകാരന്റെ ഓർമ്മക്കുറിപ്പുകൾ എഴുതുക എന്ന നിയോഗം. അതിനായി എനിക്കു കിട്ടിയ അവസരം എത്ര വലുതായിരുന്നു എന്ന് കേവലം 20 വയസ്സിന്റെ അപക്വതയിൽ അന്നെനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നതാണ് യാഥാർത്ഥ്യം. അല്ലെങ്കിൽ ഓർമ്മക്കുറിപ്പുകളെന്നോ ജീവചരിത്രമെന്നോ പറയാവുന്ന അമൂല്യമായ ആ രേഖകൾ അപൂർണ്ണമാക്കി നിർത്തുകയോ നഷ്ടപ്പെടുത്തുകയോ ചെയ്യുമായിരുന്നില്ല.

മങ്കൊമ്പാശാന്റെ അധികം കളികളൊന്നും നേരിൽ കാണാൻ എനിക്കവസരം ലഭിച്ചിട്ടില്ല. എന്നാൽ അദ്ദേഹവുമായി നാലഞ്ചുമാസത്തോളം പലപ്പോഴായി അദ്ദേഹത്തിന്റെ വസതിയിൽ വച്ച് നടത്തിയ കൂടിക്കാഴ്ചകളും ഒരു ‘പയ്യന്റെ’ ചോദ്യം ചെയ്യലുകളോട്  സാധാരണ കാട്ടാൻ സാദ്ധ്യതയുള്ള ഇഷ്ടക്കേടുകളോ മുഷിച്ചിലുകളോ ഒന്നുമില്ലാതെ അത്യന്തം വാത്സല്യത്തോടെ അദ്ദേഹം ഓർമ്മയിൽ നിന്നും ഓരോന്നായി ചികഞ്ഞെടുത്തു നൽകിയ അനുഭവകഥകൾ കൈമോശം വന്നെന്ന യാഥാർത്ഥ്യം ഒരു തീരാദുഃഖമായി മനസ്സിൽ ഇന്നും വിങ്ങുന്നു. നന്നേ ചെറുപ്പകാലം മുതലുള്ള സംഭവങ്ങൾ ഓരോന്നായി അടുക്കും ചിട്ടയോടും കൂടി എനിക്ക് എഴുതിയെടുക്കാൻ പാകത്തിനു സാവധാനത്തിലും വ്യക്തതയോടെയും അദ്ദേഹം പറഞ്ഞു തന്നതു തന്നെ എനിക്കൊരു അത്ഭുതമായിരുന്നു. ആ മഹാനായ കലാകാരന്റെ എളിമയും സംവേദനക്ഷമതയും എന്നെ അദ്ദേഹത്തിന്റെ  ഒരു ആരാധകനാക്കിമാറ്റി. വടക്കൻ ചിട്ടകളിൽ നിന്ന് തെക്കൻ ചിട്ടകൾക്ക് വ്യത്യാസമായി പറയുന്ന ശാസ്ത്രീയയുടേയും പൂർണ്ണതയുടേയും കുറവുണ്ടെന്ന ആരോപണങ്ങളെ വെറും കഥയാക്കി മാറ്റിയാണ് കളിയുടെ അന്തര്യാമിയായ ഭാവതലങ്ങളിലേക്ക് അദ്ദേഹം പകർന്നാട്ടം നടത്തിയതും അനേകം ശിഷ്യരിലേക്ക് അതു പകർന്നു നൽകിയതും. നൃത്ത-നാട്യങ്ങളുടെ ഭാവപൂർണ്ണതയ്ക്കൊപ്പം മുഖത്തു വിരിയുന്ന രസങ്ങളുടെ മനയോലഭംഗിയിൽ ഏതു വേഷവും കെട്ടിയാടാനുള്ള അവഗാഹവും പരിശീലനവും സ്വായത്തമാക്കിയ അപൂർവ്വം ചില കലാകാരന്മാരിൽ ഒരാളായിരുന്നു ശ്രീ മങ്കൊമ്പ് ശിവശങ്കരപ്പിള്ള.

അദ്ദേഹത്തെക്കുറിച്ചുള്ള വായിച്ചറിവുകളിൽ നിന്ന് ഓർത്തെടുക്കുന്ന ഒന്ന്, പണ്ട് കലാമണ്ഡലത്തിൽ തെക്കൻ കളരിയുടെ പ്രൊഫസർ ആയിരുന്ന കാലത്ത് അവിടെ വച്ച് നളചരിതം ഒന്നാം ദിവസം ആടിയ കാര്യമാണ്. മങ്കൊമ്പ് നളനായും ഓയൂർ ഹംസമായും വേഷമിട്ട ആ കളിയിൽ നളന്റെ  വ്യത്യസ്ത സമ്പ്രദായത്തിലുള്ള അഭിനയ രീതികണ്ട് സദസ്സിലുണ്ടായിരുന്ന അന്നത്തെ സീനിയർ വിദ്യാർത്ഥികൾ കളിയാക്കുകയും വിമർശിക്കുകയുമുണ്ടായി. പല തെക്കൻ സമ്പ്രദായ കഥകളി നടന്മാരും അതിൽ വേദനിച്ചാണ് അന്ന് വേദി വിട്ടത്. എന്നാൽ പിൽക്കാലത്ത് അദ്ദേഹത്തെ പരിഹസിച്ച ആ സീനിയർ വിദ്യാർത്ഥികളിൽ മിക്കവരും തന്നെ അദ്ദേഹത്തിന്റെ  രാവണനു നാരദനായും മണ്ഡോദരിയായും നിഴൽക്കുത്തിലെ ദൂതനായും ത്രിഗർത്തനായും മറ്റും അപ്രസക്തമായ വേഷങ്ങളിൽ വന്നു എന്നതാണ് യാഥാർത്ഥ്യം. ശ്രീ ഗുരുചെങ്ങന്നൂരിന്റെ  “തെക്കൻ ചിട്ടയിലെ അഭ്യാസക്രമങ്ങൾ” അതേ പടി പകർത്തുകയും ഒപ്പം തന്റെ ഭാവനാവിശേഷങ്ങൾക്ക് അനുസൃതമായി അതിനെ പരിപോഷിപ്പിക്കുകയും ചെയ്ത മഹാനായ ഒരദ്ധ്യാപകൻ കൂടിയായിരുന്നു ശ്രീ മങ്കൊമ്പ്. ഒരറിവും പൂർണ്ണമല്ല എന്ന തത്വത്തിലധിഷ്ഠിതമായിരുന്ന അദ്ദേഹത്തിന്റെ വിശ്വാസപ്രമാണമാകാം മല്ലികാസാരാഭായിയുടെ ദർപ്പണയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. അതുകൊണ്ട്  നൃത്ത-നൃത്യങ്ങളുടെ ഒരു സർവ്വകലാശാലയായി അദ്ദേഹം മാറി എന്നതാണ് സത്യം. അഭിനയത്തിൽ മാത്രമല്ല എല്ലാ കഥകളുടേയും സാഹിത്യസാരാംശങ്ങളിൽ അദ്ദേഹത്തിന്റെ അവഗാഹവും പാടാനുള്ള കഴിയും ഒരു സമ്പൂർണ്ണനായ കഥകളി കലാകാരനാക്കി അദ്ദേഹത്തെ മാറ്റി. ചെറുപ്പം മുതൽ കഥകളിക്കുവേണ്ടി ഉഴിഞ്ഞു വച്ച ജീവിതചര്യയും ഒരു വ്യാഴവട്ടക്കാലം ഗുരുകുല സമ്പ്രദായത്തിൽ ശ്രീ ഗുരു ചെങ്ങന്നൂർ ആശാന്റെ കീഴിലുള്ള അഭ്യാസവും അദ്ദേഹത്തിന്റെ പ്രതിഭയുടെ മാറ്റുകൂട്ടിയത് ആ കലാരൂപത്തിന്റെ തന്നെ ഉന്നതിക്ക് കാരണമായി. അതിന്റെ അലയൊലികൾ ആ കലാരൂപം നിലനിൽക്കുവോളം ഇവിടെ അവശേഷിക്കുകയും ചെയ്യും.

അനേകം നിരൂപകരും ആസ്വാദകരും എഴുതിയതിലും പറഞ്ഞതിലും കൂടുതൽ ഒന്നും തന്നെ അദ്ദേഹത്തെക്കുറിച്ച് എനിക്ക് പറയാനില്ല. എങ്കിലും കല്ലുവഴി – കപ്ലിങ്ങാടൻ – വെട്ടത്തു ചിട്ടകൾക്ക് അതീതമായി നാട്യമർമ്മങ്ങളുടെ അഭിനയചാരുതയിൽ അനവരതം ഒഴുകിപ്പടർന്ന രസഭാവങ്ങളുടെ അനിർവ്വചനീയമായ അനുഭൂതി ആസ്വാദകരിലേക്ക് പകർന്ന അദ്ദേഹത്തിന്റെ മുഖത്തെ ചായക്കൂട്ടുകളുടെ വൈവിദ്ധ്യതരമാർന്ന സൗന്ദര്യം കഥകളി ആസ്വാദകർ ആർക്കും തന്നെ ഒരിക്കലും വിസ്മരിക്കാൻ കഴിയില്ല. പ്രാദേശിക വർഗ്ഗീകരണത്തിന്റെ സീമകൾക്കപ്പുറത്തേക്ക് ചരിത്രത്തെത്തന്നെ നടത്തിച്ച, നിയതവും ശാസ്ത്രീയവുമായ രൂപം നൽകി ഒരു കലയുടെ സമഗ്രമായ സൗന്ദര്യത്തിനു മുകളിൽ കയ്യൊപ്പു ചാർത്തിയ ആ ഗുരുഭൂതൻ ഇന്ന് സ്മൃതികളിലേക്ക് മറഞ്ഞിരിക്കുന്നു എന്ന യാഥാർത്ഥ്യത്തെ അത്യധികം വിഷമത്തോടെ അംഗീകരിക്കാൻ ശ്രമിക്കുന്ന ഒരാളായി ഞാനും മാറുന്നു. 2014 നു ചെങ്ങന്നൂരിന്റെ മാത്രം നഷ്ടമല്ല അദ്ദേഹത്തിന്റെ വിയോഗം മറിച്ച് കഥകളിയെന്ന സമ്പൂർണ്ണ കലാരൂപത്തിനു ആകെ വന്ന തീരാനഷ്ടമാണെന്ന് പറയുന്നതാകും ശരി. അന്യമായിക്കൊണ്ടിരിക്കുന്ന പ്രാചീന രീതികൾ പിന്തുടർന്ന ഒരു തലമുറ കൂടി കണ്ണിയറ്റു പോകുന്നു എന്ന വലിയ ദുര്യോഗവും ഇതിലുണ്ട്. അനേകമനേകം വേഷപ്പകർച്ചകളിലൂടെ, പാത്ര താദാത്മ്യത്തിലൂടെ ആസ്വാദകരെ പുളകം കൊള്ളിച്ച, മുദ്രയുടെ വൃത്തിയും മുഖരസത്തിന്റെ വ്യക്തതയുംകൊണ്ട് ഭാവാഭിനയത്തിന്റെ ചാരുതയും തെളിമയും പകർന്ന് ആട്ടക്കളരിയുടെ സങ്കേതസൗന്ദര്യം ചൊല്ലിയാട്ടങ്ങളിൽ ആവാഹിച്ച് ലോകധർമ്മിയിൽ നിന്നും നാട്യധർമ്മിയിലേക്ക് തെക്കൻ ചിട്ടകളെ എത്തിച്ച, പിന്തുടർന്നുവന്ന അനേകം ശിഷ്യഗണങ്ങൾക്ക് വിജ്ഞാനത്തിന്റെ അമൃതുപകർന്നു നൽകിയ ആ മഹാരഥന്റെ ഓർമ്മകൾക്കു മുൻപിൽ അദ്ദേഹത്തിന്റെ നിര്യാണത്തിന്റെ ഒന്നാം വാർഷികദിനത്തിൽ ചുരുക്കം വാക്കുകളാൽ പ്രണാമമർപ്പിക്കുവാൻ ലഭിച്ച ഈ അവസരം തന്നെ ഒരു ജന്മസുകൃതമായി  കരുതുന്നു.

webജി നിശികാന്ത്
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close