2015 വിസിറ്റ് കേരള വര്‍ഷം

visit keralaകേരളത്തിലേക്കു കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ 2015 വിസിറ്റ് കേരള വര്‍ഷമായി ആഘോഷിക്കുകയാണെന്നും ഇതിന്റെ ഉദ്ഘാടനം നാളെ ഡല്‍ഹിയില്‍ കേന്ദ്ര വിനോദസഞ്ചാര മന്ത്രി നിര്‍വഹിക്കുമെന്നും മന്ത്രി എ.പി.അനില്‍കുമാര്‍ അറിയിച്ചു. ബീയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ ടൂറിസം രംഗത്ത് ഇതുമായി ബന്ധപ്പെട്ട പ്രതിസന്ധി ഒഴിവായിട്ടുണ്ട്. ആയുര്‍വേദ മേഖലയിലേക്കു വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പ്രചാരണം കൂടുതല്‍ ശക്തമാക്കും. മുസിരിസ് പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യാന്‍ എത്താമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. വിഷു, ഓണം ദിവസങ്ങളില്‍ കേരളത്തില്‍നിന്നുള്ള വിമാനങ്ങളില്‍ കേരളീയ ഭക്ഷണം വിളമ്പണമെന്നു വിമാനക്കമ്പനികളോട് ആവശ്യപ്പെടുകയും പലരും അതു സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

ടേക്ക് എ ബ്രേക്ക് എന്ന പേരില്‍ സഞ്ചാരികള്‍ക്കു വിശ്രമത്തിനും ടോയ്‌ലറ്റില്‍ സൗകര്യമൊരുക്കുന്ന പദ്ധതിക്കു ശംഖുമുഖത്തു തുടക്കമിട്ടു. ഇനി കാസര്‍കോട്, മലപ്പുറം, പിറവം, ഹരിപ്പാട്, കൊട്ടാരക്കര, ഏനാത്ത്, വൈക്കം എന്നിവിടങ്ങളിലും പുതിയ യൂണിറ്റുകള്‍ തുടങ്ങും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ ടൂറിസം വകുപ്പിന് എന്‍ജിനീയറിങ് വിഭാഗം ഇല്ലാത്ത സാഹചര്യത്തില്‍ എന്‍ജിനീയര്‍മാര്‍ അംഗങ്ങളായ പ്രോജക്ട് മോനിട്ടറിങ് സെല്‍ രൂപീകരിക്കും. ഗെസ്റ്റ് ഹൗസുകളുടെ അറ്റകുറ്റപ്പണിയും മറ്റും പുതിയ സംവിധാനത്തിലായിരിക്കും നടത്തുകയെന്നും മന്ത്രി അറിയിച്ചു.

കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി സാഹസിക ടൂറിസം സാധ്യതകള്‍ ആഗോള ശ്രദ്ധയില്‍പ്പെടുത്താന്‍ സംഘടിപ്പിക്കുന്ന മൗണ്ടന്‍ സൈക്ക്‌ളിങ് വയനാട് ജില്ലയിലെ മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി ടീ എസ്‌റ്റേറ്റില്‍ 18നു നടക്കും. ഇന്ത്യയ്ക്കു പുറമെ യുഎസ്എ, ഫ്രാന്‍സ്, ജര്‍മനി, സിംഗപ്പൂര്‍, അര്‍മീനിയ, ന്യൂസീലന്‍ഡ്, ബ്രൂണൈ, മൗറീഷ്യസ് തുടങ്ങി പതിനഞ്ചിലേറെ വിദേശ രാജ്യങ്ങളില്‍നിന്നുള്ള സൈക്കിളിങ് താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും.അഞ്ചു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ട്രാക്കില്‍ രാജ്യാന്തര നിലവാരമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ വാഗമണ്‍, മൂന്നാര്‍, കൊല്ലം ജില്ലയിലെ തെന്മല, തിരുവനന്തപുരം ജില്ലയിലെ പൊന്മുടി എന്നിവവിടങ്ങളിലും സാഹസിക വിനോദ മത്സരങ്ങള്‍ നടക്കും.

Photo courtesy : Kerala Tourism

 

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close