ദേശീയ ജുഡീഷ്യല്‍ നിയമനകമ്മീഷന്‍ നിലവില്‍വന്നു.

രണ്ടു ബില്ലുകളും ലോക്സഭയും രാജ്യസഭയും കഴിഞ്ഞകൊല്ലം ആഗസ്ത് 13-നും 14-നുമായി ഐകകണ്ഠ്യേന പാസാക്കിയിരുന്നു. തുടര്‍ന്ന് പകുതിയിലധികം സംസ്ഥാനനിയമസഭകളും ഇവ അംഗീകരിച്ചു. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞകൊല്ലം ഡിസംബര്‍ 31-ന് ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനംചെയ്യുന്നദിവസംമുതല്ക്കാണ് രണ്ടു നിയമങ്ങളും പ്രാബല്യത്തില്വരികയെന്ന് നിയമത്തില്‍ വ്യക്തമാക്കിയിരുന്നു.
നിയമങ്ങള്‍ വിജ്ഞാപനംചെയ്തിട്ടില്ലാത്ത സാഹചര്യത്തില്‍ ഹര്‍ജികള്‍ അകാലത്തിലാണെന്ന നിലപാടാണ് ജസ്റ്റിസ് അനില്‍ ആര്. ദവെ അധ്യക്ഷനായ മൂന്നംഗബെഞ്ചിനുമുന്നില് സര്‍ക്കാര്‍ നേരത്തേയെടുത്തത്. നിയമം നിലവിലില്ലാത്തസാഹചര്യത്തില് അതു നടപ്പാക്കുന്നത് സ്റ്റേചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന്, സ്റ്റേനല്കാതെ, ഹര്‍ജികള്‍ അഞ്ചംഗഭരണഘടനാബെഞ്ചിനു വിടുകയായിരുന്നു.
ബുധനാഴ്ച ജസ്റ്റിസുമാരായ അനില്‍ ആര്. ദവെ, ജെ. ചെലമേശ്വര്‍, മദന്‍ ബി. ലോക്കൂര്‍, കുര്യന് ജോസഫ്, ആദര്‍ശ് കെ. ഗോയല്‍ എന്നിവരടങ്ങുന്ന ഭരണഘടനാബെഞ്ച് ഹര്‍ജി പരിഗണിക്കുമ്പോള്‍, ജുഡീഷ്യല്‍ നിയമനകമ്മീഷന്‍ നിയമം നിലവില്‍വന്നുകഴിഞ്ഞ സാഹചര്യമാണ്. ആ സ്ഥിതിക്ക് ഹര്‍ജിക്കാര്‍ സ്റ്റേ ആവശ്യപ്പെട്ടാല്‍ സുപ്രീംകോടതിക്ക് ആ ആവശ്യം പരിഗണിക്കാവുന്നതാണ്. നിയമനകമ്മീഷന്‍ നിയമം നടപ്പാക്കുന്നത് ബുധനാഴ്ച സ്റ്റേചെയ്താല്, പഴയ കൊളീജിയം സംവിധാനം വീണ്ടും നിലവില്‍വരും.
ഭരണഘടന ഭേദഗതിചെയ്തുകൊണ്ടുള്ള ബില്‍ പാസാക്കാതെയാണ് ജുഡീഷ്യല്‍ നിയമനകമ്മീഷന്‍ ബില്‍ പാസാക്കിയതെന്നാണ് ഹര്‍ജിക്കാരുടെ വാദം. നിയമനകമ്മീഷന്‍ ബില്‍ പാസാക്കിയശേഷമാണ്, കമ്മീഷനു വഴിയൊരുക്കി ഭരണഘടനയില്‍ 121-ാം അനുച്ഛേദമുള്പ്പെടുത്തിയത്. കമ്മീഷന് നിയമം പാസാക്കുമ്പോള്‍ ഭരണഘടനയില്‍ അതിനനുവദിക്കുന്ന അനുച്ഛേദമില്ലായിരുന്നുവെന്ന ഹര്‍ജിക്കാരുടെ വാദം അഞ്ചംഗബെഞ്ചിന് ഗൗരവത്തോടെ പരിഗണിക്കേണ്ടിവരും.