മോഡിയുടെ കാനഡ സന്ദര്‍ശനം

pm modi and pm canada

കാനഡയിലെ സസ്കാച്വൻ പ്രവിശ്യയിലുള്ള കാമക്കോ കോർപറേഷനിൽനിന്ന് 35 കോടി ഡോളറിന്റെ (2100 കോടിയിലേറെ രൂപ) യുറേനിയം ഇറക്കുമതി ചെയ്യാനുള്ള കരാറാണ് ഇതിൽ പ്രധാനം. ഊർജോൽപാദനത്തിനായി അഞ്ചു വർഷംകൊണ്ട് 70 ലക്ഷം പൌണ്ട് യുറേനിയമാണ് ഇന്ത്യയിലെ ആണവോർജ വകുപ്പ് ഇറക്കുമതി ചെയ്യുക. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കനേഡിയൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപറുടെയും സാന്നിധ്യത്തിലാണ് തലസ്ഥാനമായ ഓട്ടവയിൽ കരാറൊപ്പിട്ടത്.

കാൽനൂറ്റാണ്ടിനുള്ളിൽ ഇന്ത്യയിൽ ഊർജോൽപാദനം മൂന്നിരട്ടിയിലേറെ ആകുമെന്നതു കണക്കിലെടുത്താണ് സൈനികേതര ആവശ്യങ്ങൾക്കായി യുറേനിയം കയറ്റുമതി ചെയ്യുന്നതിനുള്ള സാധ്യത പ്രയോജനപ്പെടുത്തുന്നത്. ഊർജ ഉപയോഗത്തിൽ ലോകത്തിലെ നാലാമെത്തെ രാജ്യമാണ് ഇന്ത്യയെങ്കിൽ, യുറേനിയം ഉൽപാദനത്തിൽ രണ്ടാം സ്ഥാനമാണ് കാനഡയ്ക്കുള്ളത്. കരാറിലൂടെ കാനഡയ്ക്ക് ഇന്ത്യയെക്കുറിച്ചുള്ള വിശ്വാസ്യതയും മതിപ്പുമാണ് തെളിയുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. 2013ൽ ഇന്ത്യ- കാനഡ ആണവ സഹകരണത്തിന് കളമൊരുങ്ങിയതാണ് ഇപ്പോഴത്തെ കരാറിലേക്കുള്ള വഴിയൊരുക്കിയത്.

ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം തുടരണമെന്നും ഇക്കാര്യത്തിൽ കാനഡ സ്വീകരിക്കുന്ന നിലപാടുകളിലും മറ്റുള്ളവരെ ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിലും പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപർ വഹിക്കുന്ന പങ്ക് ശ്ളാഘനീയമാണെന്നു മോദി ചൂണ്ടിക്കാട്ടി. കനേഡിയൻ പാർലമെന്റിനുനേരെ നടന്ന ആക്രമണം ജനാധിപ്യത്തിനും മനുഷ്യവംശത്തിനും നേരെ നടന്ന ആക്രമണമാണ്. അതുകൊണ്ടുതന്നെ ഇത്തരം പോരാട്ടങ്ങൾക്കെതിരെ ലോകമനസാക്ഷി ഉണരണം. രാജ്യാന്തര ഭീകരപ്രവർത്തനങ്ങൾക്ക് തടയിടാൻ ഐക്യരാഷ്ട്ര സംഘടനയും ധീരമായ നിലപാട് എടുക്കണമെന്നും മോദി പറഞ്ഞു. ഇരുരാജ്യങ്ങളും ഇത്തരം പ്രതിസന്ധികൾ നേരിടുന്നതിനാൽ ഇക്കാര്യത്തിൽ ഒരേ മനസാണുള്ളതെന്നു ഹാർപറും പ്രതികരിച്ചു. വ്യാപാര- വാണിജ്യ മേഖലകളിൽ കൂടുതൽ സഹകരണത്തിനും നിക്ഷേപത്തിനും മോദിയുടെ വരവ് ഉപകരിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

കനേഡിയൻ പൌരന്മാർക്ക് 10 വർഷ കാലാവധിയുള്ള വീസയും ഓൺ അറൈവൽ വീസ സംവിധാനവും ഏർപ്പെടുത്തുമെന്നു നരേന്ദ്ര മോദി വ്യക്തമാക്കി. സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച ചർച്ചകളിൽ സെപ്റ്റംബറോടെ തീരുമാനമാകുമെന്നും സ്റ്റീഫൻ ഹാർപർ സൂചനനൽകി.

വ്യോമയാന, റയിൽ, വിദ്യാഭ്യാസ, ബഹിരാകാശ, സാമൂഹിക സുരക്ഷ, ശിശു ആരോഗ്യ പരിപാലന രംഗങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കുന്നതിനും ധാരണയായി. ഇതിലൂടെ വിമാനത്താവള, റയിൽ ഗതാഗത വികസന-സുരക്ഷാ പദ്ധതികളിൽ കനേഡിയൻ നിക്ഷേപം ഉറപ്പാക്കും. വ്യോമയാന, ഐടി, വാഹന, കൃഷി, വസ്ത്ര, ആരോഗ്യ, നിർമാണ രംഗങ്ങളിലാകും വിദ്യാഭ്യാസ- തൊഴിൽവൈദഗ്ധ്യ സംരംഭങ്ങൾ നടപ്പാക്കുക. ഗർഭസ്ഥ ശിശുക്കളുടെയും കുട്ടികളുടെയും ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട അഞ്ച് സംരംഭങ്ങളിൽ 25 ഡോളറാണ് (15 കോടിയിലേറെ രൂപ) നിക്ഷേപിക്കുക. ഇന്ത്യയിൽ താൽക്കാലികമായി ജോലി ചെയ്യുന്ന കനേഡിയൻ പൌരന്മാർക്ക് ഇവിടെ പെൻഷൻ പദ്ധതിയിൽ തുടരാൻ സാമൂഹിക സുരക്ഷാ കരാറിലൂടെ സാധിക്കും.

ബുധനാഴ്ച വൈകുന്നേരം ടൊറന്റോയിലെ റീക്കോ കൊളീസിയത്തിൽ നരേന്ദ്ര മോദിക്കായി ഒരുക്കുന്ന ‘മാഡിസൺ സ്ക്വയർ മോഡൽ’ സ്വീകരണ സമ്മേളനത്തിൽ സ്റ്റീഫൻ ഹാർപറും പങ്കെടുക്കും. യുഎസ്സിലും ഓസ്ട്രേലിയയിലും ഇതേപോലെ ഇന്ത്യൻ സമൂഹം ഒരുക്കിയ സ്വീകരണത്തിൽ മോദി പങ്കെടുത്തിരുന്നെങ്കിലും അവിടങ്ങളിലെ ഭരണത്തലവന്മാരുടെ സാന്നിധ്യമില്ലായിരുന്നു. പൊതുതിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ സമൂഹത്തിന്റെ പിന്തുണ പേരിലാക്കുകുകയാണ് ഹാർപറുടെ ലക്ഷ്യമെന്നാണു പൊതുവേയുള്ള വിലയിരുത്തൽ. മുന്നൂറിലേറെ സംഘടനകളുടെ സഹകരണത്തോടെ നാഷനൽ അലയൻസ് ഓഫ് ഇൻഡോ-കനേഡിയൻസാണ് പൊതുസ്വീകരണം സംഘടിപ്പിക്കുന്നത്.

Photo subject: PM Narendra Modi and PM Stephen Harper while on the way to Toronto.

Photo from : PMO India fb page

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close