അവസാന കപ്പലുകള്‍ ഇന്ന് കൊച്ചിയില്‍ എത്തും

yemen

 

യെമനിലെ ഇന്ത്യയുടെ രക്ഷാദൗത്യം പൂര്‍ത്തിയാക്കി അവസാന കപ്പലുകള്‍ ഇന്ന് കൊച്ചിയില്‍ എത്തും. 475 യാത്രക്കാരുമായി ഉച്ചയ്ക്ക് രണ്ട് മണിക്കാണ് രണ്ട് കപ്പലുകള്‍ കൊച്ചി തുറമുഖത്തെത്തുക. വിമാനമാര്‍ഗമുള്ള രക്ഷാദൗത്യം കഴിഞ്ഞ ആഴ്ച ഇന്ത്യ അവസാനിപ്പിച്ചിരുന്നു. ശേഷിക്കുന്നവരെ നാല് കപ്പലുകളിലായാണ് മുംബൈയിലേക്കും കൊച്ചിയിലേക്കും എത്തിക്കുന്നത്. കപ്പല്‍ മാര്‍ഗമുള്ള രക്ഷാദൗത്യവും ഇതോടെ അവസാനിച്ചു. ആന്റി പൈറേറ്റ്‌സ് ഓപ്പറേഷനില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഐഎന്‍സ് സുമിത്ര എന്ന കപ്പല്‍ മാത്രമാണ് ഇനി യെമന്‍ തീരത്ത് തുടരുന്നത്.

ഏപ്രില്‍  12നാണ് 475 യാത്രക്കാരുമായി എം.വി. കോറല്‍, എം.വി കവരത്തി എന്നീ കപ്പലുകള്‍ ജിബൂത്തിയില്‍ നിന്ന് യാത്രതിരിച്ചത്. ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് തീറിന്റെ സുരക്ഷാവലയത്തിലായിരുന്നു കപ്പലുകളുടെ യാത്ര. കപ്പലിലെത്തുന്ന 137 ഇന്ത്യക്കാരില്‍ 17 പേര്‍ മാത്രമാണ് മലയാളികളായുള്ളത്. 65 യെമന്‍ പൗരന്‍മാരും 337 ബംഗ്ലാദേശികളുമാണ്. ബംഗ്ലാദേശികളെ ഇന്ന് തന്നെ പ്രത്യേക വിമാനത്തില്‍ ധാക്കയിലേക്ക് കൊണ്ട് പോകും.

പാസ്‌പോര്‍ട്ടോ മറ്റ് രേഖകളോ ഒന്നും ഇല്ലാതെയെത്തുന്ന ബംഗ്ലാദേശികളെ ധാക്കയിലേക്ക് ഇന്ന് തന്നെ കൊണ്ടുപോകാന്‍ ബംഗ്ലാദേശ് നയതന്ത്രകാര്യാലയത്തിലെ ഉദ്യോഗസ്ഥര്‍ കൊച്ചിയിലെത്തിയിട്ടുണ്ട്. ഇവര്‍ക്കായുള്ള പ്രത്യേക വിമാനങ്ങള്‍ ഇന്ന് ഉച്ചയോടെ നെടുമ്പാശേരിയിലെത്തും. യെമന്‍ കാരുടെ പുനരധിവാസം സംബന്ധിച്ചാണ് അനിശ്ചിതത്വം, ഇവരെ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് കൈമാറുമെന്ന് നാവികസേന അറിയിച്ചു.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close