ഭൂചലനത്തില്‍ മരണസംഖ്യ 700 കവിഞ്ഞു

images (9)

നേപ്പാളിലും ഉത്തരേന്ത്യയിലുമുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ 700 കവിഞ്ഞു.

ഇന്ത്യയില്‍ മരണസംഖ്യ 34 ആയി ഉയര്‍ന്നിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. അതേസമയം, ഒട്ടേറെ ഇന്ത്യക്കാര്‍ നേപ്പാളിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിയിട്ടുണ്ട്. ഇവരെ അടിയന്തരമായി ഒഴിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കി.

ഇന്നു രാവിലെ 11.40ന് ആണ് നേപ്പാളിനെയും ഉത്തരേന്ത്യയേയും വിറപ്പിച്ച് ഒരു മിനിറ്റ് നീണ്ടു നിന്ന ശക്തമായ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.9 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം നേപ്പാള്‍ തലസ്ഥാനമായ കഠ്മണ്ഡുവിന് 80 കിലോമീറ്റര്‍ കിഴക്കുള്ള പൊഖ്‌റയിലാണ്. ഇവിടെ രണ്ട് കിലോമീറ്റര്‍ താഴ്ചയിലാണ് പ്രകമ്പനമുണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അധികൃതര്‍ അറിയിച്ചു.

ആദ്യ ഭൂചലനത്തെ തുടര്‍ന്ന് 12 തുടര്‍ചലനങ്ങളും നേപ്പാളിലുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഇവയ്ക്ക് 4.5 മുതല്‍ 6.6 വരെ തീവ്രതയാണ് റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത്. നിരവധിപ്പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. നേപ്പാള്‍ തലസ്ഥാനമായ കഠ്മണ്ഡുവില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. ധരാഹരയില്‍ ചരിത്രപ്രധാനമായ ഒന്‍പതുനിലയുള്ള കെട്ടിടം തകര്‍ന്നതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ നാനൂറില്‍ അധികം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. എവറസ്റ്റിന്റെ ബേസ് ക്യാംപില്‍ രണ്ട് പേര്‍ മരിച്ചതായി സൂചനകളുണ്ട്. ഒട്ടേറെ പര്‍വതാരോഹകര്‍ കുടങ്ങിക്കിടക്കുന്നുണ്ട്. നേപ്പാളിലേക്കുള്ള എയര്‍ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി.

ഡല്‍ഹിയിലും റാഞ്ചിയിലും ഗുവഹാത്തിയിലും ആഗ്രയിലും കൊല്‍ക്കത്തയിലും ജയ്പ്പൂരിലും മുംബൈയിലും ഉള്‍പ്പടെ ഉത്തരേന്ത്യയിലെല്ലാം ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. പ്രകമ്പനം ഒരുമിനിട്ട് നേരം നീണ്ടു നിന്നു. ഡല്‍ഹിയിലെ പ്രകമ്പനം ഭൂകമ്പമാപിനിയില്‍ 5.4 രേഖപ്പെടുത്തി. ചെന്നൈയിലും പോണ്ടിച്ചേരിയിലും ആന്ധ്രാപ്രദേശിലും ചലനം അനുഭവപ്പെട്ടു. ഇന്ത്യയില്‍ അനുഭവപ്പെട്ടപോലെ ബംഗ്ലാദേശിലും പാകിസ്താനിലും ടിബറ്റിലും തുടര്‍ചലനം അനുഭവപ്പെട്ടു.

കേരളത്തിലെ എറണാകുളത്ത് കടവന്ത്രയിലും കലൂരിലും ചെറിയ ചലനം അനുഭവപ്പെട്ടു. ബഹുനില ഫ്ലൂറ്റ് സമുച്ചയങ്ങളിലാണ് ചലനം അനുഭവപ്പെട്ടത്. ദേശീയ ദുരന്ത നിവാരണ സേനയെ ഭൂകമ്പ ബാധിത പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചതായി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു.

ഭൂകമ്പത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചു. ഭൂകമ്പ ബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചു. നേപ്പാള്‍ പ്രധാനമന്ത്രിയുമായും പ്രസിഡന്റുമായും ഫോണില്‍ സംസാരിച്ച മോദി നേപ്പാളിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close