ഇങ്ങനെ ചെയ്യാന്‍ ഭാരതത്തിനേ കഴിയൂ..

t
ഒരു വര്‍ഷം മുമ്പ് ഭരണമേറ്റപ്പോള്‍ ശ്രീ നരേന്ദ്ര മോദി തന്റെ ആദ്യ വിദേശ യാത്രക്കായി തിരഞ്ഞെടുത്തത് നേപ്പാള്‍ ആയിരുന്നു . തന്റെ സത്യപ്രതിജ്ഞക്ക് സാര്‍ക്ക് രാഷ്ട്ര തലവന്മാരെ ക്ഷണിച്ചതിന്റെ അമ്പരപ്പ് മാറിയിരുന്നില്ല അപ്പോളും പലര്‍ക്ക്‌. ഭരണത്തിന്റെ ഒന്നാം വാര്‍ഷികത്തിനു ശേഷം നടത്തിയ ആദ്യ വിദേശ യാത്രയും അതുവഴി നേടിയ അതിശയിപ്പിച്ച നയതന്ത്ര വിജയവും മോഡി എന്നാ ഭരണാധികാരിയുടെ ദീര്‍ഘവീക്ഷണത്തെ കാണിക്കുന്നു.

ബംഗ്ലാദേശില്‍ ശ്രീ മോദി നേടിയ വിജയത്തെ ” ലോക രാഷ്ട്രീയത്തിലെ വലിയ സംഭവം” എന്ന് കമ്മ്യൂണിസ്റ്റ്‌ പത്രമായ ദേശാഭിമാനി എഡിറ്റോറിയല്‍ തന്നെ എഴുതി ഞെട്ടിച്ചു .

1. ദേശാഭിമാനി :

“ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുടെയും , ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുടെയും സാന്നിധ്യത്തില്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറും ,ബംഗ്ലാദേശ് തല്‍സ്ഥാനീയന്‍ എം ഷഹീദുല്‍ ഹക്കും ഒപ്പുവച്ച ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി കരാര്‍ ലോക രാഷ്ട്രീയത്തിലെ തന്നെ വലിയ സംഭവമാണ്.”
( ദേശാഭിമാനി ജൂണ്‍ 08,2015 )

1971 ല്‍ രൂപം നല്‍കിയ ഇന്ത്യാ-ബംഗ്ലാദേശ് കരാറിന് അംഗീകാരം നേടാന്‍ നീണ്ട 41 വര്‍ഷങ്ങള്‍ വേണ്ടി വന്നു എന്നുള്ളതാണ് വസ്തുത. 2015 മെയ്‌ 7 നു ഇന്ത്യന്‍ ഭരണഘടനയിലെ 119 -)0 വകുപ്പ് ഭേദഗതി ചെയ്യാന്‍ ഇടതുപക്ഷം വഹിച്ച പങ്കിനെക്കുറിച്ചും മുഖപ്രസംഗം എടുത്തു പറയുന്നു. എന്നാല്‍ ഒന്നാം യു പി എ സര്‍ക്കാരിനെ സര്‍വാത്മന പിന്തുണച്ച ഇടതുപക്ഷത്തിനു ഇതു നേടിയെടുക്കാന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല ,ഇപ്പോള്‍ തങ്ങള്‍ എക്കാലവും എതിര്‍ത്ത് പോന്ന മോദിയാണ് ഇതു നേടിത്തന്നതും .

41 വര്‍ഷത്തെ അസ്വസ്ഥതകള്‍ക്കും , കൂടിയാലോചനകള്‍ക്കും പരിസമാപ്തിയായി ഏറു രാജ്യങ്ങളും ഒപ്പിട്ട കരാര്‍ രാഷ്ട്ര രൂപീകരണത്തില്‍ ചതഞ്ഞരഞ്ഞു പോയ കുച്ച് ബീഹാര്‍ ജനതയ്ക്ക് ദേശീയ വ്യക്തിത്വം നല്‍കുന്നു എന്ന് ദേശാഭിമാനി തുടരുന്നു. അന്താരാഷ്‌ട്ര അതിര്‍ത്തിയില്‍ ഉള്ളവയില്‍ 111 തുരുത്തുകള്‍ ഇന്ത്യന്‍ പ്രദേശത്ത് ഉള്ളവയും 51 എണ്ണം മറുപക്ഷത്തുമാണ്.

ഈ തുരുത്തുകളില്‍ ജീവിക്കുന്നവരുടെ അവസ്ഥ അതിദാരുണം ആയിരുന്നു.

” ഇവരുടെ വീടുകള്‍ എല്ലാം തന്നെ മണ്‍കൂനകള്‍ ആണ്. കെട്ടിട നിര്‍മാണത്തിന് അനുമതിയില്ല.ഹൈടെന്‍ഷന്‍ പവര്‍ ലൈനുകള്‍ മുകളിലൂടെ ,വൈദ്യുതിയില്ല,സ്കൂളുകളില്ല,ആശുപത്രികളില്ല…..തുടങ്ങി നാടുകടത്തലും ,വംശീയ മണവും ,തീവ്രവാദവും വരെ ഇവിടെ നടക്കുന്നു എന്ന് പത്രം പറയുന്നു.

എന്നാല്‍ അടുത്ത വരികള്‍ ശ്രദ്ധിക്കുക…

” ഡല്‍ഹിയിലും,ധാക്കയിലും കേന്ദ്രീകരിച്ച ഭരണ വര്‍ഗം ഇവരെ ഇക്കാലമത്രയും മറന്നു പോകുക ആയിരുന്നു.എന്നാല്‍ ഇവര്‍ക്ക് കൈത്താങ്ങായി പശ്ചിമ ബംഗാളിലെയും ,ബംഗ്ലാദേശിലെയും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ എന്നുമുണ്ടായിരുന്നു.”

ഇവിടെയാണ് ഒരു ചോദ്യം ചോദിക്കാന്‍ നമുക്ക് തോന്നുക…

മൂന്നു ദശാബ്ദങ്ങള്‍ ബംഗാള്‍ ഭരിച്ച ഇടതു പക്ഷം എന്തുകൊണ്ടാണ് ഇതു നേടിക്കൊടുക്കാതിരുന്നത്?
കേന്ദ്രത്തില്‍ പ്രത്യക്ഷത്തിലും ,പരോക്ഷത്തിലും ഭരണ സ്വാധീനം ഉണ്ടായിരുന്നല്ലോ ?
അതുകൊണ്ട് ഒടുവില്‍ ഇതു നേടിയെടുക്കാന്‍ ഒരു മോദി വരേണ്ടിവന്നു എന്നാ വസ്തുത ,ഇന്ത്യയിലെ ഇടതു പക്ഷക്കാര്‍ അംഗീകരിച്ചേ മതിയാകൂ..

പാര്‍ട്ടി പത്രത്തിന്റെ മുഖപ്രസംഗം ഇതു അംഗീകരിക്കുന്നു എന്നത് അഭിനന്ദനീയം ആണ്.
ഈ നയതന്ത്ര വിജയം ഇനിയും എത്രയെത്ര ജനതതികള്‍ക്ക് പ്രത്യാശ പകരുന്നത് ആണ് എന്ന് പറഞ്ഞ്‌ മുഖ പ്രസംഗം അവസാനിക്കുന്നു.

2. മാതൃഭൂമി :

“മനുഷത്വപരമായ രാഷ്ട്രീയ നിലപാടുമാറ്റം ” എന്ന് മാതൃഭൂമി പറയുമ്പോള്‍ അത് മോദിയെന്ന ഭരണാധികാരിക്ക് ലഭിക്കുന്ന അഭിനന്ദനം ആണ്.”

മോദിബംഗ്ലാദേശില്‍ ആയിരിക്കുമ്പോള്‍ നേടിയ മറ്റു കാര്യങ്ങള്‍ ദേശാഭിമാനി വിസ്മരിച്ചപ്പോള്‍ മാതൃഭൂമി അവ അക്കമിട്ടു നിരത്തി എന്നതും ശ്രദ്ധേയമാണ്.

മുഖപ്രസംഗം എടുത്തു പറയുന്ന നേട്ടങ്ങള്‍:
1.അതിര്‍ത്തി കടന്നുള്ള രണ്ടു ബസ് സര്‍വീസുകള്‍ .

2.അടിസ്ഥാന സൗകര്യ വികസനം , വാണിജ്യം ,ഗതാഗതം ,സുരക്ഷ ,നിക്ഷേപം തുടങ്ങിയവ മെച്ചപ്പെടുത്തുവാന്‍ ഉള്ള ധാരണാപത്രങ്ങളുമായി 22 രേഖകള്‍ ഒപ്പ് വച്ചു.

3.4600 മെഗാവാട്ട് വൈദ്യതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള നിലയങ്ങള്‍ 32000 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കാന്‍ ഉടമ്പടിയായി.

4.ബംഗ്ലാദേശിന് 12,822 കോടി വായ്പ പ്രഖ്യാപിച്ചു.

5.ബംഗ്ലാദേശിലെ ചിട്ടഗോന്ഗ് ,മോന്ട്ല തുറമുഖങ്ങള്‍ ഇന്ത്യന്‍ ചരക്കു കപ്പലുകള്‍ക്ക് കൂടി ഉപയോഗിക്കാന്‍ ഉടമ്പടി.

” ചൈനയുടെ സഹായത്തോടെ നിര്‍മ്മിച്ച തുറമുഖമാണ് ചിട്ടഗോങ്ങിലേത്. ഇതു ചൈനയുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം എന്നാ ധാരണ നിലനില്‍ക്കുമ്പോള്‍ ആണ്,ഇന്ത്യക്കും ഇതിനുള്ള സൗകര്യം ഒരുക്കുന്നത്. ഇതു സാമ്പത്തികമായും , തന്ത്രപരമായും നമുക്ക് ഗുണം ചെയ്യും ”
മാതൃഭുമി തുടരുന്നു……

ഇവിടെയാണ് മോദി എന്നാ ഭരണാധികാരിയുടെ നയതന്ത്രജ്ഞത പ്രകടമായത്. പക്ഷെ ഇന്ത്യയിലെ ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ക്ക്‌ ഇതു അത്ര ദഹിക്കാഞ്ഞതിനാല്‍ അവരുടെ മുഖപ്രസംഗത്തിലനമ്മുടെ നാട്ടിലെ പാവപ്പെട്ടവനെയും കര്‍ഷകനേയും സഹായിക്കാതെ വിദേശത്തേക്ക് പണം വാരിക്കോരി നല്‍കുകയാണ് നമ്മുടെ പ്രധാനമന്ത്രി എന്ന് യുവ കോണ്‍ഗ്രസ്സ് നേതാവ് ശ്രീ രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍ പറഞ്ഞതായി കണ്ടു.

മാതൃഭുമി മുഖപ്രസംഗം ഒടുവില്‍ സത്യം എഴുതി :

” ദക്ഷിണേഷ്യയില്‍ ചൈനയുണ്ടാക്കുന്ന മുന്നേറ്റത്തിന് മൂക്കുകയറിട്ടു ബദല്‍ ശക്തിയാകാന്‍ അധികാരത്തിലേറിയത് മുതല്‍ ശ്രീ മോദി ശ്രമിക്കുന്നുണ്ട്.

ലുക്ക്‌ ഈസ്റ്റ്‌ നയത്തിന്റെ ഭാഗമായി ഇതുവരെ 38,466 കോടി രൂപയുടെ വായ്പയാണ് നേപ്പാള്‍,ബംഗ്ലാദേശ്,ശ്രീലങ്ക,മലെദ്വീപ് രാജ്യങ്ങള്‍ക്ക് ഇന്ത്യ നല്‍കിയത്.

ഇതു ഇന്ത്യക്ക് നേട്ടവുമാണ് .ബംഗ്ലാദേശിന് നല്‍കിയ 12,822 കോടി രൂപയുടെ വായ്പ ഇന്ത്യയില്‍ അരലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ട്ടിക്കും എന്നാണ് വിലയിരുത്തല്‍.അടിസ്ഥാന സൗകര്യ വികസനത്തിന്‌ ആണ് ഈ വായ്പ നല്‍കുന്നത്. ഇതുപയോഗിച്ച് വാങ്ങുന്ന ഉപകരണങ്ങളുടെയും സേവനങ്ങളുടെയും 75 ശതമാനം ഇന്ത്യയില്‍ നിന്നായിരിക്കണം എന്ന് നിര്‍ബന്ധമുണ്ട്.”

മമതയെക്കൂട്ടി ബംഗ്ലാദേശില്‍ പോയത് മോദിയുടെ വ്യക്തിപരമായ മിടുക്കന് എന്ന് മാതൃഭുമി പറയുന്നു. മന്‍മോഹന്‍ വിളിച്ചപ്പോള്‍ കൂടെ പോകാതിരുന്ന മമതയില്‍ നിന്നും ഇനി മോദി അനുകൂല നിലപാടുകള്‍ ഉണ്ടാകുമോ എന്ന് കാത്തിരുന്നു കാണുകയെ നിവര്‍ത്തിയുള്ളൂ.

നരേന്ദ്രമോദി ബംഗ്ലാദേശിന്റെ മനം കവര്‍ന്നുവെന്നു പറയാന്‍ മലയാള മനോരമ മടി കാണിച്ചില്ല .ഒരു പ്രൊഫഷനല്‍ പത്രമാണെന്നിരിക്കിലും കോണ്‍ഗ്രസ്‌ ചായ്‌വ് പത്രത്തിന്റെ നയത്തിന്റെ തന്നെ ഭാഗമാണ് എന്ന് ഓര്‍ക്കണം.
” ഏതുകാര്യത്തിലും ഹസീനയില്‍ കുറ്റം കാണുന്ന പതിവില്‍ നിന്നും വ്യതിചലിച്ചു മുഖ്യ ബംഗ്ലാ പ്രതിപക്ഷ കക്ഷികള്‍ പോലും മോദിക്കു സ്വാഗതമോതി.”

( മലയാള മനോരമ മുഖപ്രസംഗം, ജൂണ്‍ 8 )

അതിര്‍ത്തിക്കരാറിന്റെ വിജയം മോദിയുടെ വിജയമാണെന്ന് പത്രം പറയുന്നു.

” ഇന്ത്യക്ക് പതിനായിരം ഏക്കര്‍ ഭൂമി നഷ്ട്ടപ്പെടുമെന്ന കാരണത്താല്‍ ബിജെപിഉള്‍പ്പെടെ ചില കക്ഷികള്‍ മുന്‍പ് ഇതിനെ എതിര്‍ക്കുക ആയിരുന്നു.കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ എത്തിയതോടെയാണ് ബിജെപി നിലപാട് മാറ്റിയത്.സ്വാഭാവികമായും മോദി അതില്‍ സുപ്രധാന പങ്കു വഹിക്കുകയും ചെയ്തു.”

ഹിമാലയത്തില്‍ നിന്നും തുടങ്ങി ബംഗാളിലൂടെ ,ബംഗ്ലാദേശിലേക്ക് ഒഴുകുന്ന തിസ്താ നദിയിലെ വെള്ളം പങ്കിടുന്ന കാര്യത്തിലുള്ളതാണ് ഇനി അവശേഷിക്കുന്ന കീറാമുട്ടി .ഇതും രമ്യമായി തീരുമെന്നാണ് സൂചനകള്‍ എന്നും മനോരമ കൂട്ടിച്ചേര്‍ക്കുന്നു .

ഇതില്‍ നിന്നെല്ലാം ഒരു കാര്യം വ്യക്തം. ഒന്നും കാണാതെയല്ല മോദി സാര്‍ക്ക് നേതാക്കളെ വിളിച്ചതും , നേപ്പാളിലും ,ബംഗ്ലാദേശിലും പോയതും. എന്തിനു ചൈനയില്‍ പോയതു പോലും!

ഇന്നു ഒരു ശകലം ഭൂമിക്കായി രാജ്യങ്ങള്‍ കലഹിക്കുമ്പോള്‍ ഒരു ജനതയുടെ ആത്മാഭിമാനം വീണ്ടെടുക്കാന്‍ പതിനായിരം ഏക്കര്‍ ധാനം ചെയ്യാന്‍ തയ്യാറായത് ഭാരതം മാത്രമേ ഒള്ളു എന്ന് പറയാതെ വയ്യ. അത് മോദിയെന്ന ഭരണാധികാരിയുടെ മികവാണ് എന്ന് രാഹുല്‍ഗാന്ധി ഒഴിച്ചുള്ള കോണ്‍ഗ്രെസ്സുകാരെങ്കിലും സമ്മതിക്കണം. ഇതു പറയാന്‍ കാരണം , മോദി ചരിത്ര പരമായ കരാര്‍ ഒപ്പിടുമ്പോള്‍ ബംഗാളില്‍ എത്തിയ രാഹുല്‍ ഗാന്ധി ,ബംഗ്ലാദേശില്‍ നടക്കുന്നത് എന്തെന്ന് പോലും അറിയാതെ ഇന്ത്യന്‍ പ്രധാനമന്ത്രിയേയും ,ബംഗാള്‍ മുഖ്യമന്ത്രിയേയും വിമര്‍ശിക്കുക ആയിരുന്നു.

പ്രിയ രാഹുല്‍,

താങ്കള്‍ക്കോ ,താങ്കളുടെ പാര്‍ട്ടിക്കോ കഴിഞ്ഞ 41 വര്‍ഷമായി നടപ്പാക്കാന്‍ കഴിയാത്തത് കേവലം ഒരു വര്‍ഷത്തിനിടെ നടന്നു കാണുമ്പോള്‍ കയ്യടിക്കേണ്ട , ചുരുങ്ങിയ പക്ഷം വാ തുറന്നു മണ്ടത്തരം പറയാ തിരിക്കുവാനുള്ള വിവേകമെങ്കിലും കാണിച്ചുകൂടെ.

വിവാദം അകമ്പടി:

എന്തെങ്കിലും വിവാദമില്ലാതെ ഒരു യാത്ര എങ്ങിനെ പൂര്‍ത്തിയാക്കും. എവിടെയും പതിവ് തെറ്റിയില്ല .

‘ ഒരു സ്ത്രീയായിരുന്നിട്ടു കൂടി ” എന്നാ മോദിയുടെ പ്രയോഗം സ്ത്രീത്വത്തിനു അപമാനമായി എന്ന് കോണ്‍ഗ്രസ്സും മറ്റു ചിലരും കണ്ടെത്തി.സോഷ്യല്‍ മീഡിയയില്‍ വൈറലായി.മോദിയുടെ നയതന്ത്ര വിജയം വരെ വഴിമാറുന്ന തരത്തില്‍ ചര്‍ച്ചയായി. വളരെ പോസിറ്റീവ് ആയി ശ്രീ മോദി പറഞ്ഞത് ഏറെ പേരെ വിഷമിപ്പിച്ചു എന്നത് സത്യമാണ്.

” ഒരു പുരുഷനായിരുന്നിട്ടുകൂടി മോദി വിജയം നേടി ” എന്ന് ആരും പറയില്ലല്ലോ.സ്ത്രീ പുരുഷ ഭിന്നത അശേഷമില്ലാത്ത ഈ ലോകത്ത് ഇത്തരം പ്രയോഗങ്ങള്‍ വിമര്‍ശനങ്ങള്‍ വിളിച്ചു വരുത്തുമെന്ന് ശ്രീ മോദി തിരിച്ചറിയുമെന്നു കരുതുന്നു. മോദിയുടെ പ്രസംഗങ്ങള്‍ ഇത്രത്തോളം ശ്രദ്ധയോടെ ലോകം ശ്രവിക്കുന്നു എന്നതും ഇത്തരുണത്തില്‍ പറയണം. ഒരു വിശദീകരണത്തില്‍ പ്രശനം അവസാനിപ്പിക്കാമായിരുന്നു. എന്നാല്‍ ബിജെപി വക്താക്കള്‍ അനാവശ്യമായ പിടി വാശി കാട്ടി ഇതിനെ കൂടുതല്‍ വഷളാക്കുന്ന കാഴ്ചയാണോ കണ്ടതെന്നും ഒരു സംശയമില്ലാതില്ല.

ലേഖനം:
വി രമേശ്‌ കുമാര്‍

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close