മാവേലിക്കര താലൂക്ക് ആശുപത്രി: വൃത്തി എന്നത് പറയാനേ ഇല്ല.

പ്രിയപ്പെട്ട മാവേലിക്കര എം.എൽ.ഏ ശ്രീ ആർ രാജേഷ് അറിയുവാൻ. ഇന്ന് മാവേലിക്കര താലൂക്ക് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ ഒരു രോഗിയെ കാണാൻ ചെന്നു. പക്ഷേ കാഴ്ചകൾ അത്ര നന്നായിരുന്നില്ല. സാധാരണ അത്യാഹിത വിഭാഗത്തിൽ നല്ല കാഴ്ചകളല്ലാ ഉണ്ടാകുന്നതെന്ന് എനിക്കറിയാം. എങ്കിലും ഈ കാഴ്ചകൾ ആശുപത്രിയുടെ വളരെ ശോചനീയമായ അവസ്ഥയായിരുന്നു. വൃത്തി എന്നത് പറയാനേ ഇല്ല. കൂടുതൽ അതിനെക്കുറിച്ച് എഴുതുന്നുമില്ല ഈ ചിത്രങ്ങൾ കാണുമ്പോൾ താങ്കൾക്ക് അത് മനസ്സിലാകും. അസുഖം ഇല്ലാത്തവർ പോലും ഇവിടെ ചെന്നാൽ രോഗികളായി മടങ്ങും എന്നതാണ് സത്യം!
govt hospital mavelikkara
താങ്കൾ മണ്ഡലത്തിൽ ചെയ്ത പ്രശംസനീയമായ അനവധി പുരോഗമന പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നു. ആശുപത്രിയിലേക്കുള്ള റോഡ് നവീകരിക്കുന്നത് കണ്ടു. വളരെ അത്യാവശ്യം വേണ്ടതായിരുന്നു അത്. എങ്കിലും അതിലും പ്രധാനം കാഷ്വാലിറ്റിയും അതിനോട് ചേർന്നുള്ള വാർഡും ഓപ്പറേഷൻ തീയേറ്ററും അടിയന്തരമായി ഒന്ന് നവീകരിക്കുക എന്നതാണ്. ആ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്നറിയില്ല.
hos 4
എങ്കിലും ഓപ്പറേഷൻ തീയേറ്ററിലേക്കുള്ള ഇടനാഴിയും അതിലേക്കുള്ള പ്രവേശനവും അത്യന്തം വൃത്തിഹീനമായി കിടക്കുന്ന അവസ്ഥയാണ്. ഈ ടോയിലെറ്റുകളിൽ കോഴികൾ പോലും ഒരു മിനിറ്റ് തികച്ച് നിൽക്കില്ല!
hos 2
വൃത്തിയും അണുരഹിതവുമായ അന്തരീക്ഷമേ അവിടെയില്ല. പനിക്കാലമായതിനാൽ നിന്നു തിരിയാൻ കഴിയാത്ത തിരക്കാണിവിടെ. മൂക്കു പൊത്തിയിരിക്കേണ്ട അവസ്ഥയാണ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും. മനുഷ്യനായ ഒരാൾക്കും മനംപുരട്ടാതെ ഒരു ഗ്ലാസ് വെള്ളം അവിടെയിരുന്നു കുടിക്കാൻ സാധിക്കില്ല. ഉപയോഗിച്ച പഞ്ഞിക്കെട്ട് കിടക്കുന്ന കട്ടിലിൽ തലയിണയ്ക്കടിയിൽ വച്ചിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ!
hos 3
തുരുമ്പിച്ച ഉപകരണങ്ങൾ ഒബ്സർവേഷൻ വാർഡിൽ കൂട്ടിയിട്ടിരിക്കുന്നതെന്തിനാണ്. ഇതേതെങ്കിലും ആക്രിക്കച്ചവടക്കാർക്ക് പെറുക്കി വിൽക്കാത്തതെന്തേ? ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ട ആശുപത്രി സൂപ്രണ്ട് എന്താണ് അതൊന്നും ചെയ്യാത്തത്? ഈ ജീവനക്കാർ ഇനി എന്നാണ് വൃത്തിയും വീറും എന്താണെന്ന് മനസ്സിലാക്കുന്നത്?
hos5
ആരോഗ്യ കേരളം ആണ് സർക്കാരിന്റെ മുഖമുദ്രയെന്ന് ആയിരം വട്ടം മേനി നടിക്കുന്ന ആരോഗ്യ വകുപ്പ് എന്താണിവിടെ ചെയ്യുന്നത്? ആയതിനാൽ ബന്ധപ്പെട്ട അധികാരികളുടെ അടുക്കൽ ഈ കാര്യങ്ങൾ എത്തിക്കുവാൻ താങ്കളുടെ ശ്രദ്ധ ഇക്കാര്യത്തിൽ അടിയന്തിരമായി പതിയണമെന്ന് അഭ്യർത്ഥിക്കുന്നു.
hos9
ആർ. രാജേഷ് മാവേലിക്കര നിയോജക മണ്ഡലത്തിനു വേണ്ടി മറ്റ് എല്ലാ മുൻ എം.എൽ.ഏ മാരേക്കാളും വളരെയധികം വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയ സമർത്ഥനും കാര്യപ്രാപ്തനും ആണ്. എങ്കിലും ഈ വിഷയം ഒരു ജനപ്രതിനിധിയുടെ ചുമലിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല… ആരോഗ്യവകുപ്പും പൊതുമരാമത്ത് വകുപ്പുമാണ് ഇതിനുത്തരവാദികൾ.

ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും പുല്ലുവിലപോലും കൽപ്പിക്കുന്നില്ല എന്നത് അതീവ ദുഃഖകരമായ അവസ്ഥയാണ്. രാജേഷ് അധികാരികളെ പലപ്പോഴായും ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. അദ്ദേഹത്തിന്റെ ഉത്തരവാദിത്തം അദ്ദേഹം നിറവേറ്റുന്നുണ്ടെന്ന് കരുതുന്നു. നമ്മൾ, ആ ആശുപത്രിയെ ആശ്രയിക്കുന്ന പതിനായിരങ്ങൾ ഈ വിഷയം വീണ്ടും വീണ്ടും ഉയർത്തിക്കാട്ടുകയും രാജേഷിന്റെ ഒപ്പം കക്ഷിരാഷ്ട്രീയ ഭേദമെന്യേ അണിനിരക്കുകയും ചെയ്യണമെന്നാണ് എനിക്കു പറയാനുള്ളത്. ഇതിൽ രാഷ്ടീയം കലർത്തുന്നത് തീർത്തും ദുഃഖകരമാണ്. പുരോഗതിയും വികസനവും നമ്മിലേക്ക് എത്താത്തതും ഇത്തരം വിഭാഗീയ ചിന്ത ഒന്നുകൊണ്ടു മാത്രമാണ്. അതിനാൽ ദയവായി ഏവരും ഇക്കാര്യം അധികാരികളെ അറിയിക്കാനുള്ള ഒരു സങ്കേതമായി ഇതിനെ കരുതണം എന്ന് അഭ്യർത്ഥിക്കുന്നു.

(സസ്നേഹം നിശി)

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close