പ്രവാസി ഇന്ത്യക്കാര്‍ പിഐഒ കാര്‍ഡ് ഒസിഐ കാര്‍ഡ് ആക്കി മാറ്റണമെന്ന് പ്രധാനമന്ത്രി

പഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍( പിഐഒ )കാര്‍ഡ് ഉള്ളവര്‍ അത് ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് ആക്കി മാറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 14-ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായുള്ള കാലാവധി ഈ വര്‍ഷം ജൂണ്‍ 30 വരെ നീട്ടി. ഇതിനു പിഴ ഈടാക്കില്ല. വിദേശത്ത് ജോലി തേടുന്നവര്‍ക്കായി കേരളം നൈപുണ്യ വികസനപദ്ധതി രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ സമൂഹത്തിന്റെ പ്രശ്‌നങ്ങളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാനും പരിഹരിക്കാനും വിവിധ രാജ്യങ്ങളിലെ എംബസ്സികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇക്കാര്യത്തില്‍ സോഷ്യല്‍ മീഡിയയെ ഉപയോഗിച്ചും വളരെ ഫലപ്രദമായി ഇടപെടുന്നുണ്ട്.

ഇന്ത്യയുടെ വികസനത്തില്‍ പ്രവാസി ഇന്ത്യക്കാര്‍ വലിയ പങ്കാളികളാണ്. ബ്രെയിന്‍-ഡ്രെയിന്‍ (സ്വന്തം രാജ്യത്തുനിന്ന് അന്യരാജ്യങ്ങളിലേക്കുള്ള ബുദ്ധിയുള്ളവരുടെ കുടിയേറ്റം) എന്നതില്‍നിന്ന് ബ്രെയിന്‍- ഗെയിന്‍ എന്നതിലേക്കു നാം മാറ്റണം. ഇതിനു നിങ്ങളുടെ പിന്തുണ വേണം. 61 ബില്യണ്‍ ഡോളറാണ് വാര്‍ഷികമായി പ്രവാസി ഇന്ത്യക്കാര്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കു നല്‍കുന്നത്. ഇതു സമ്പദ്‌വ്യവസ്ഥയില്‍ പ്രധാനമാണ്. വിദേശത്തു ജീവിക്കുന്ന എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷയ്ക്കാണു പ്രധാന പരിഗണനയെന്നും പ്രധാനമന്ത്രി പറഞ്ഞു.

21-ാം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്ന് ആത്മവിശ്വാസത്തോടെ താന്‍ പറയുന്നു. ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ പ്രധാനമന്തി ഇന്ത്യന്‍ സമൂഹത്തോട് ആവശ്യപ്പെട്ടു. എഫ്ഡിഐ എന്നാല്‍ നേരിട്ടുള്ള വിദേശനിക്ഷേപം (Foreign Direct Investment) മാത്രമല്ല, ആദ്യം ഇന്ത്യയെ വികസിപ്പിക്കൂ (First Develop India) എന്നും കൂടിയാണെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

പ്രവാസി കൗശല്‍ വികാസ് യോജന എന്ന പേരില്‍ വിദേശത്തു ജോലി തേടുന്ന യുവജനങ്ങള്‍ക്കായി സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഇന്ത്യയെ അറിയാം’ പദ്ധതിയിലൂടെ വിദേശത്തു താമസിക്കുന്ന യുവ ഇന്ത്യക്കാര്‍ക്കു രാജ്യം സന്ദര്‍ശിക്കാം. പദ്ധതിയുടെ ആദ്യ ബാച്ച് ഇന്നു സമ്മേളനത്തില്‍ പങ്കെടുക്കുന്നു. അവരെ സ്വാഗതം ചെയ്യുന്നു. കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ പോരാട്ടത്തില്‍ പിന്തുണ നല്‍കിയ ഇന്ത്യന്‍ സമൂഹത്തിനു നന്ദി പറയാനും മോദി മറന്നില്ല.

Show More

Related Articles

Close
Close