1500 പേരെ മാറ്റിപ്പാര്‍പ്പിച്ചു

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് ജില്ലയില്‍ വ്യാപക നഷ്ടം. നിരവധി വീടുകള്‍ തകര്‍ന്നു. 1500ലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. മലയോര മേഖലയിലുള്ളവരാണ് ദുരിതം ഏറെ അനുഭവിച്ചത്. ഹെക്ടറുകണക്കിന് കൃഷിയിടങ്ങള്‍ പൂര്‍ണമായി നശിച്ചു. മിക്കയിടങ്ങളിലും വീടുകളില്‍ വെള്ളം കയറി. പലയിടത്തും അഗ്‌നിശമന സേനാംഗങ്ങളെത്തിയാണ് വീടിലുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. നഗരത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായിത്തന്നെ വെള്ളത്തിനടിയിലായി. വെള്ളനാട് കൂവക്കുടിയാറ്റില്‍നിന്ന് ഒഴുകിവന്ന മൃതദേഹം കണ്ടെത്തി.

ജില്ലയില്‍ വിവിധയിടങ്ങളിലായി 25 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 1500ലധികം പേര്‍ ക്യാമ്പുകളിലുണ്ട്്. തിരുവനന്തപുരം താലൂക്കില്‍ അഞ്ചും നെടുമങ്ങാട്ട് 17 ഉം ചിറയിന്‍കീഴില്‍ മൂന്നും ക്യാമ്പുകളാണ് തുറന്നത്. നെയ്യാര്‍, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്.

തിരുവനന്തപുരം താലൂക്കില്‍ 17 വീടുകള്‍ പൂര്‍ണമായും 32 വീടുകള്‍ ഭാഗികമായും തകര്‍ന്നുവെന്നാണ് ഔദ്യോഗിക കണക്ക്. കാട്ടാക്കട താലൂക്കില്‍ 15 വീടുകള്‍ ഭാഗികമായി തകര്‍ന്നുവെന്ന് അധികൃതര്‍ അറിയിച്ചു. നെടുമങ്ങാട് താലൂക്കില്‍ 4 വീടുകള്‍ പൂര്‍ണമായും രണ്ട് വീടുകള്‍ ഭാഗികമായും ചിറയിന്‍കീഴ് താലൂക്കില്‍ ഒരു വീട് പൂര്‍ണമായും 2 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി അധികൃതര്‍ പറഞ്ഞു.

വര്‍ക്കല താലൂക്കില്‍ മണമ്പൂരില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നു. നെയ്യാറ്റിന്‍കര താലൂക്കില്‍ അടിമലത്തുറ, കരുംകുളം ഭാഗങ്ങളില്‍ കടല്‍വെള്ളം കയറി. കാഞ്ഞിരംകുളം വില്ലേജില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നതായി അധികൃതര്‍ പറഞ്ഞു. വിളപ്പില്‍ വില്ലേജില്‍ കുണ്ടമണ്‍കടവ് പാലത്തിന് സമീപം മൂന്ന് വീടുകള്‍ പൂര്‍ണമായും അഞ്ച് വീടുകള്‍ ഭാഗികമായും വെള്ളത്തിനടിയിലായി.
തിരുവനന്തപുരം താലൂക്കില്‍ മണക്കാട് വില്ലേജില്‍ എട്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. വട്ടിയൂര്‍ക്കാവില്‍ എട്ട് വീടുകള്‍ പൂര്‍ണമായും ഏഴ് വീടുകള്‍ ഭാഗികമായും തകര്‍ന്നു. തിരുമലയില്‍ ആറ് വീടുകള്‍ പൂര്‍ണമായും 18 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മുട്ടത്തറയില്‍ മൂന്ന് വീടുകള്‍ ഭാഗികമായും ഒരുവീട് പൂര്‍ണമായും തകര്‍ന്നു. ശാസ്തമംഗലം വില്ലേജില്‍ നാല് വീടുകള്‍ ഭാഗികമായും കല്ലിയൂര്‍, കവടിയാര്‍ വില്ലേജുകളില്‍ ഓരോ വീടുകള്‍ വീതവും പൂര്‍ണമായി തകര്‍ന്നു. എന്നാല്‍ യഥാര്‍ത്ഥ കണക്ക് ഇതിലും വലുതാണ്.

നെടുമങ്ങാട് താലൂക്കില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. വാമനപുരം നദിയും കരമനയാറും കര കവിഞ്ഞൊഴുകുകയാണ്. വനത്തില്‍ കനത്തമഴ പെയ്യുന്നത് മലയോരമേഖലയില്‍ കനത്ത നഷ്ടത്തിന് ഇടയാക്കി. പെരിങ്ങമ്മല, പാലോട് , തെന്നൂര്‍, വിതുര, തൊളിക്കോട്, കുറ്റിച്ചല്‍, കള്ളിക്കാട് തുടങ്ങിയ പ്രദേശങ്ങളില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായി. അരുവിക്കര, പേപ്പാറ ഡാമുകള്‍ തുറന്നുവിട്ടിട്ടുണ്ട്. കോട്ടൂര്‍, ഉഴമലക്കല്‍ ഭാഗങ്ങളില്‍ നിരവധി വീടുകള്‍ തകര്‍ന്നു. അമ്പൂരി ശൂരവക്കാണിയില്‍ മലയിടിഞ്ഞ് വീടിനുമേല്‍ പതിച്ചു. ആളപായമില്ല.

വിതുരമേഖലയില്‍ മുന്നൂറോളംപേരെ മാറ്റിപ്പാര്‍പ്പിച്ചു. നൂറോളം വീടുകള്‍ തകര്‍ന്നു. ചിറ്റാര്‍ പാലം അപകടാവസ്ഥയിലായി. പാലോട് ടി.എസ്. റോഡില്‍ വെള്ളം കയറിയതിനാല്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
കിളിമാനൂര്‍ ഭാഗങ്ങളില്‍ നിരവധിപേരെ മാറ്റിപ്പാര്‍പ്പിച്ചു. കാരേറ്റ് ഭാഗത്ത് നൂറ് ഏക്കറോളം കൃഷി നശിച്ചു. കന്യാകുളങ്ങര ആശുപത്രിയുടെ മതില്‍ ഇടിഞ്ഞുവീണു. അരശുംമൂട് താന്നിമൂട് റോഡില്‍ കുന്നിടിഞ്ഞ് കൂറ്റന്‍ പാറകള്‍ റോഡിലേക്ക് വീണതിനാല്‍ ഗതാഗതം നിര്‍ത്തിെവച്ചു. മിതൃമ്മലയില്‍ അരുവിപ്പുറം ദേവീക്ഷേത്രത്തില്‍ വെള്ളം കയറി. മൈലമൂട് ഭാഗത്ത് പന്ത്രണ്ടോളം കുടുംബങ്ങളെ മാറ്റി.

വാമനപുരം നദി കരകവിഞ്ഞൊഴുകുന്നതിനാല്‍ നെല്ലനാട്, പുല്ലമ്പാറ, വാമനപുരം പ്രദേശങ്ങള്‍ ഭീഷണിയിലാണ്. ഇരുന്നൂറോളം വീടുകള്‍ക്ക് കേടുപറ്റി. ഈ ഭാഗത്ത് അഞ്ഞൂറേക്കറോളം കൃഷി നശിച്ചതായി കണക്കാക്കുന്നു. വാമനപുരം പഞ്ചായത്തിലെ തേവരുകാവില്‍ വീടുകളില്‍ വെള്ളം കയറിയതിനാല്‍ അഗ്‌നിശമനസേന ഫൈബര്‍ ബോട്ടുപയോഗിച്ചാണ് പലരെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. മേലാറ്റുമൂഴി വെള്ളത്തിനടിയിലായി. ഈ ഭാഗത്ത് ഇരുന്നൂറോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു.

കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പുല്ലമ്പാറമുത്തിപ്പാറ റൂട്ടില്‍ ഗതാഗതം നിര്‍ത്തിെവച്ചു. നെല്ലനാട് പഞ്ചായത്തിലെ കുറ്ററ പമ്പ് ഹൗസ് പൂര്‍ണമായും വെള്ളത്തിനടിയിലായി. ഈ ഭാഗത്ത് കുടിവെള്ള വിതരണം നിലച്ചു. ചിറയിന്‍കീഴില്‍ നാല്‍പതോളം വീടുകള്‍ തകര്‍ന്നു. എ.പി. തോപ്പ്, വടക്കേ അരയതുരുത്തി, തെക്കേ അരയതുരുത്തി, കടകം തുടങ്ങിയ സ്ഥലങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. നഗരത്തില്‍ കരമനയാറിന്റെ തീരങ്ങള്‍, തൃക്കണ്ണാപുരം, മണക്കാട്, യമുന നഗര്‍, സത്യന്‍ നഗര്‍, അമ്പലത്തറ, കരിമഠം കോളനി, മരപ്പാലം, പഴവങ്ങാടി തുടങ്ങിയയിടങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. നിരവധി വീടുകള്‍ തകര്‍ന്നിട്ടുമുണ്ട്.

മഴയെത്തുടര്‍ന്ന് ജില്ലയിലെ വിവിധയിടങ്ങളിലുണ്ടാകുന്ന നാശം തടയാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിക്കാന്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എസ്. ശിവകുമാര്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എം.എല്‍.എ മാരായ വര്‍ക്കല കഹാര്‍, ആര്‍. ശെല്‍വരാജ്, വി. ശിവന്‍കുട്ടി, കോലിയക്കോട് കൃഷ്ണന്‍ നായര്‍, ജമീല പ്രകാശം, മേയര്‍ കെ. ചന്ദ്രിക, കളക്ടര്‍ ബിജു പ്രഭാകര്‍, റൂറല്‍ എസ്.പി. രാജ്പാല്‍ മീണ, സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷ് തുടങ്ങിയവര്‍ മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ജില്ലാ അവലോകനയോഗത്തില്‍ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close