ഡിസംബറിൽ പുതിയ പാര്‍ട്ടി

SNDP
ഡിസംബറോടെ എസ്എൻഡിപി യോഗത്തിന്റെ നേതൃത്വത്തിൽ സാമൂഹിക നീതിയിൽ അധിഷ്ഠിതമായ മതേതര പാർട്ടി രൂപവൽക്കരിക്കുമെന്നു ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

രാഷ്ട്രീയ പാർട്ടി രൂപീകരണത്തിനു മുന്നോടിയായി വിവിധ സമുദായനേതാക്കളുടെയും സാംസ്കാരിക പ്രവർത്തകരുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും യോഗത്തിനു ശേഷമാണു വെള്ളാപ്പള്ളി ഇക്കാര്യം അറിയിച്ചത്.

കേരളത്തിൽ മൂന്നാം മുന്നണി അനിവാര്യമാണെന്നു യോഗം വിലയിരുത്തി. ഭൂരിപക്ഷ സമുദായ ഐക്യം എന്നതിനേക്കാൾ മതേതര മുന്നണിക്കാണു കേരളത്തിൽ പ്രസക്തിയെന്നു യോഗത്തിൽ പങ്കെടുത്തവരിൽ അധികം പേരും പറഞ്ഞു. പാർട്ടി രൂപവൽക്കരണം സംബന്ധിച്ച ചർച്ചകൾ ഇനിയും തുടരുമെന്നു വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, എ. ജയശങ്കർ, എൻ.എം. പിയേഴ്സൺ, ഫിലിപ് എം. പ്രസാദ്, പി. രാജൻ, ഡോ. ജയപ്രസാദ് എന്നിവരാണു ചർച്ചയ്ക്കു നേതൃത്വം നൽകിയത്.

എസ്എൻഡിപി ഡിസംബറിൽ നടത്തുന്ന യാത്രയുടെ സമാപനത്തോടെ പുതിയ പാർട്ടിയുടെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഹിന്ദു സമുദായ ഐക്യം എന്നതു പാർട്ടിക്കു ദോഷം ചെയ്യുമെന്നു യോഗത്തിൽ അഭിപ്രായമുയർന്നതായി സൂചനയുണ്ട്. തുടർന്നാണു മതേതര മുന്നണി രൂപവൽക്കരണത്തിന് ഊന്നൽ നൽകിയത്. രാവിലെ പത്തോടെ തുടങ്ങിയ ചർച്ച വൈകിട്ട് അഞ്ചര വരെ നീണ്ടു. രാവിലെ പൊതുചർച്ച ആരംഭിക്കും മുൻപു വെള്ളാപ്പള്ളിയും മറ്റു യോഗം നേതാക്കളും രാഷ്ട്രീയ നിരീക്ഷകരുമായി പ്രത്യേക ചർച്ച നടത്തി.

യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, കെപിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. ബാബു, സെക്രട്ടറി തുറവൂർ സുരേഷ്, വിഎസ്ഡിപി സംസ്ഥാന പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരൻ, ഓൾ ഇന്ത്യ വീരശൈവ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. ശിവൻ, ട്രഷറർ പി.എൻ. വിനോദ്, മുന്നാക്ക സമുദായ സംരക്ഷണ മുന്നണി സെക്രട്ടറി സി.എസ്. നായർ, പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ പോറ്റി, കേരള വിശ്വകർമ സഭ സംസ്ഥാന സെക്രട്ടറി ടി.കെ. സോമശേഖരൻ, വൈസ് പ്രസിഡന്റ് കെ. ഹരി, ധീവര സർവീസ് സൊസൈറ്റി പ്രസിഡന്റ് പൂയപ്പള്ളി രാഘവൻ, എക്യുമെനിക്കൽ സഭാംഗം ഫാ. തോമസ് കൈതപ്പറമ്പിൽ എന്നിവരും യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. എസ്എൻഡിപിയുടെ അറുപതോളം ഭാരവാഹികളും പങ്കെടുത്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close