തീവ്രവാദത്തിനെതിരേ ലോകരാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് പ്രധാനമന്ത്രി

g20
ഭീകരവാദത്തിനെതിരെ ഒന്നിക്കണമെന്ന് ലോകജനതയോട് ആഹ്വാനം ചെയ്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.ജി 20 ഉച്ചകോടിക്കായി തുർക്കിയിലെത്തിയ മോദി ബ്രിക്‌സ് രാജ്യങ്ങളുടെ യോഗത്തിൽ സംസാരിക്കവെയാണ് ആഗോളസഖ്യത്തിന്‍റെ പ്രസക്തിയെക്കുറിച്ചു പരാമർശിച്ചത്.തുർക്കിയിലെ അന്താല്യയിലാണ് ജി 20 രാജ്യങ്ങളുടെ ഉച്ചകോടി നടക്കുന്നത്.

ഭീകരവാദത്തെ അമർച്ച ചെയ്യാൻ ലോകരാജ്യങ്ങളുടെ ഐക്യം കൂടുതൽ ശക്തിപ്പെടണമെന്നും പാരീസിൽ നടന്ന പൈശാചികമായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരമൊരു ആഗോളസഖ്യം കെട്ടിപ്പടുക്കേണ്ടതിന്‍റെ ആവശ്യകത വർദ്ധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രിക്‌സ് അദ്ധ്യക്ഷ സ്ഥാനം 2016 ഫെബ്രുവരി ഒന്നിന് ഇന്ത്യ ഏറ്റെടുക്കുന്ന പശ്ചാത്തലത്തിലാണ് മോദിയുടെ പ്രസംഗം. ഭീകരവാദത്തിനെതിരായ പോരാട്ടത്തിന് ഇന്ത്യ മുൻതൂക്കം നൽകുമെന്നു മോദി പറഞ്ഞു. എല്ലാ ബ്രിക്&സ് രാജ്യങ്ങളും ഇന്ത്യയോടൊപ്പം ഭീകരതാവിരുദ്ധ പോരാട്ടത്തിൽ അണിനിരക്കുമെന്ന് ഉറച്ച പ്രതീക്ഷയുണ്ടെന്നും മോദി പറഞ്ഞു.

ഉച്ചകോടി തുടങ്ങുന്നതിന് ഏതാനും മണിക്കൂർ മുമ്പ് തുർക്കിയിൽ ഐസിസ് രണ്ട് ചാവേർ ആക്രമണങ്ങൾ നടത്തിയിരുന്നു. പാരീസ് ഭീകരാക്രമണം ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക അജണ്ടയിൽ ചില മാറ്റങ്ങൾ വരുത്തിയേക്കുമെന്നാണു സൂചന. പാരീസ് ഭീകരാക്രമണം കൂടാതെ സിറിയൻ ആഭ്യന്തരയുദ്ധം, യൂറോപ്പിൽ അഭയാർത്ഥി പ്രവാഹം സൃഷ്ടിക്കുന്ന പ്രതിസന്ധി, ഐസിസ് സൃഷ്ടിക്കുന്ന ഭീഷണി തുടങ്ങിയ പ്രശ്‌നങ്ങൾ ഉച്ചകോടിയിലെ പ്രധാന വിഷയങ്ങളാകും.

ഈജിപ്റ്റിലുണ്ടായ റഷ്യൻ വിമാന ദുരന്തത്തിൽ മോദി അനുശോചനം രേഖപ്പെടുത്തി. ബ്രിക്‌സ് അംഗരാജ്യങ്ങളിലെ ഭരണനേതാക്കളായ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സൂമ, ബ്രസീലിയൻ പ്രസിഡന്റ് ദിൽമ റൂസഫ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ജി20 ഉച്ചകോടിക്കായി തുർക്കിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ മോദിക്ക് അതിവ സുരക്ഷ സംവിധാനങ്ങൾ ഒരുക്കി. ദേശീയ സുരക്ഷാ ഗാർഡിനൊപ്പം ഇസ്രയേൽ ഏജൻസിയായ മൊസാദും ബ്രിട്ടീഷ് ഏജൻസിയായ എംഐ5വും മോദിക്ക് സുരക്ഷാ വളയം തീർക്കും. പാരീസിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്. ഇന്ത്യയുമായി ഏറെ നാളായി മൊസാദ് സുരക്ഷാ കാര്യങ്ങളിൽ സഹകരിക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയാണ് തുർക്കിയിൽ മോദിക്കുള്ള സുരക്ഷാ കവചവും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close