സി.പി.ഐ നേതാവ് എ.ബി ബര്‍ദന്‍ അന്തരിച്ചു

bardan
മുതിര്‍ന്ന സി.പി.ഐ നേതാവ് എ.ബി ബര്‍ദന്‍ (91) അന്തരിച്ചു. കഴിഞ്ഞ മാസം ആദ്യമുണ്ടായ പക്ഷാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ജി.ബി പന്ത് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം വൈകുന്നേരം എട്ട് മണിയോടെയാണ് അന്തരിച്ചത്.

ഡിസംബര്‍ ഏഴിന് രാവിലെയാണ് അദ്ദേഹത്തെ പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സി.പി.ഐ ആസ്ഥാനത്ത് താമസിച്ചിരുന്ന അദ്ദേഹത്തെ ഏഴിന് രാവിലെ എട്ടുമണിയോടെ തളര്‍ച്ച അനുഭവപ്പെടുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ഒരുവശം തളര്‍ന്നിരുന്നു. മസ്തിഷ്‌കത്തില്‍ രക്തം കട്ടപിടിച്ചതും ആരോഗ്യനില വഷളാക്കി.

1924 സെപ്റ്റംബര്‍ 24ന് ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാള്‍ പ്രവിശ്യയിലെ ബരിസാലിലാണ് അര്‍ത്‌ഥേന്ദു ഭൂഷന്‍ ബര്‍ദന്‍ എന്ന എ.ബി ബര്‍ദന്‍ ജനിച്ചത്. ബരിസാല്‍ ഇന്ന് ബംഗ്ലാദേശിന്റെ ഭാഗമാണ്. 1996ല്‍ ഇന്ദ്രജിത് ഗുപ്തയുടെ പിന്‍ഗാമിയായി സി.പി.ഐ ജനറല്‍ സെക്രട്ടറി പദത്തില്‍ എത്തിയ ബര്‍ദാന്‍ നീണ്ട പതിനാറ് വര്‍ഷക്കാലം സി.പി.ഐയുടെ തലപ്പത്തിരുന്നു. ഏറ്റവും കൂടുതല്‍ കാലം സി.പി.ഐ ജനറല്‍ സെക്രട്ടറി പദവി വഹിച്ച നേതാവാണ് ബര്‍ദാന്‍.

ബംഗ്ലദേശിലെ സിലിഹട്ടില്‍ ഹേമേന്ദ്രകുമാര്‍ ബര്‍ദന്റെ മകനായി ജനിച്ച അര്‍ധേന്ദു ഭൂഷണ്‍ ബര്‍ദന്‍ എന്ന എ.ബി.ബര്‍ദന്‍ കുട്ടിക്കാലത്തു തന്നെ മഹാരാഷ്ട്രയിലെ നാഗ്പൂരിലേക്കു വന്നു. അച്ഛന്റെ തൊഴില്‍സ്ഥലം മാറ്റമായിരുന്നു കാരണം. എഐഎസ്എഫിലൂടെ 14ാം വയസ്സില്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. കമ്യൂണിസത്തിന്റെ പേരില്‍ വീട്ടില്‍ നിന്ന് പുറത്താക്കി. നാഗ്പൂര്‍ സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നിയമ ബിരുദവും നേടിയ ബര്‍ദന്‍ വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷനായി.

1967, 80 വര്‍ഷങ്ങളിലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നാഗ്പൂരില്‍ മത്സരിച്ചു തോറ്റുവെങ്കിലും പിന്നീട് സി.പി.ഐ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ 1964ലും എക്‌സിക്യൂട്ടീവില്‍ 1978ലും അംഗമായി. 1995ല്‍ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി, 1996ല്‍ അന്നത്തെ ദേശീയ ജനറല്‍ സെക്രട്ടറിയായ ഇന്ദ്രജിത്ത് ഗുപ്ത കേന്ദ്ര ആഭ്യന്തരമന്ത്രിയായപ്പോള്‍ പകരം ചുമതല കിട്ടിയത് ബര്‍ദനായിരുന്നു. തുടര്‍ന്നുവന്ന അഞ്ച് പാര്‍ട്ടി കോണ്‍ഗ്രസുകളിലും ബര്‍ദന്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

ഡല്‍ഹിയിലേക്ക് പ്രവര്‍ത്തനകേന്ദ്രം മാറ്റുന്നതിന് മുമ്പ് നാഗ്പൂര്‍ കേന്ദ്രീകരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. 1957ല്‍ മഹാരാഷ്ര്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ നാഗ്പ്പൂരില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ചിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close