പത്താന്‍കോട്ട്‌ ഭീകരാക്രമണം : പാകിസ്‌താനില്‍ 4 പേര്‍ പിടിയില്‍ ?

pakistan-modi-sharif-pti
പത്താന്‍കോട്ട്‌ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ ഇന്ത്യ നിലപാട്‌ കടുപ്പിച്ചതോടെ പാകിസ്‌താന്‍ അന്വേഷണം സജീവമാക്കി. ഭീകരാക്രമണവുമായി ബന്ധപ്പെട്ട നാലുപേര്‍ സിയാല്‍കോട്ട്‌, ബഹാവല്‍പുര്‍ എന്നിവിടങ്ങളില്‍നിന്നു പിടിയിലായതായും റിപ്പോര്‍ട്ടുണ്ട്‌. കേസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്‌ ഇന്ത്യക്കു കൈമാറി.

ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ ഇന്ത്യ നല്‍കിയ തെളിവുകളുടെ അടിസ്‌ഥാനത്തില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടാണു പാകിസ്‌താന്‍ കൈമാറിയത്‌. എന്നാല്‍, പിടിയിലായവരുടെ കൃത്യമായ കണക്ക്‌ പാകിസ്‌താന്‍ വെളിപ്പെടുത്തിയിട്ടില്ല.

ഗുജ്‌റണ്‍വാല, ഝലം, ബഹാവല്‍പുര്‍ എന്നിവിടങ്ങളില്‍ ഭീകരര്‍ക്കായി പരിശോധന നടത്തിയെന്നു സംയുക്‌ത അന്വേഷണസംഘം അറിയിച്ചു. പത്താന്‍കോട്ട്‌ ഭീകരാക്രമണത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഫെഡറല്‍ ഇന്‍വെസ്‌റ്റിഗേഷന്‍ ഏജന്‍സി (എഫ്‌.ഐ.എ), ചാരസംഘടനയായ ഐ.എസ്‌.ഐ, ഭീകരവാദവിരുദ്ധവിഭാഗം (സി.ടി.ഡി) എന്നിവയുടെ സഹായത്തോടെയാണു പാകിസ്‌താന്‍ സംയുക്‌ത അന്വേഷണസംഘം രൂപീകരിച്ചത്‌. പ്രധാനമന്ത്രി നവാസ്‌ ഷെരീഫിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്‌. എന്നാല്‍, അറസ്‌റ്റ്‌ സംബന്ധിച്ച വാര്‍ത്ത ബഹാവല്‍പുര്‍ മേഖലാ പോലീസ്‌ ഓഫീസര്‍ അഹ്‌സാന്‍ സാദ്ദിഖ്‌ നിഷേധിച്ചു.

ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തില്‍ ഇന്ത്യ-പാകിസ്‌താന്‍ വിദേശകാര്യ സെക്രട്ടറി ചര്‍ച്ചകള്‍ റദ്ദാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണു പാകിസ്‌താന്‍ നടപടികള്‍ വേഗത്തിലാക്കിയത്‌. നവാസ്‌ ഷെരീഫിന്റെ നിര്‍ദേശപ്രകാരം ഇന്ത്യ കൈമാറിയ തെളിവുകള്‍ പാക്‌ രഹസ്യാന്വേഷണവിഭാഗത്തിനു കഴിഞ്ഞ ശനിയാഴ്‌ച കൈമാറിയിരുന്നു. അന്വേഷണം തുടങ്ങി മണിക്കൂറുകള്‍ക്കുള്ളിലാണു നാലുപേര്‍ പിടിയിലായത്‌.

പത്താന്‍കോട്ട്‌ ആക്രമണത്തിനു പിന്നില്‍ പാകിസ്‌താന്‍ കേന്ദ്രീകരിച്ചു പ്രര്‍ത്തിക്കുന്ന ജയ്‌ഷെ മുഹമ്മദ്‌ എന്ന ഭീകരസംഘടനയാണെന്ന ഉറച്ച നിലപാടിലാണ്‌ ഇന്ത്യ. പാകിസ്‌താന്‍ നടപടിയെടുക്കാന്‍ വൈകുന്നതില്‍ ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു. പത്താന്‍കോട്ട്‌ ആക്രമണവുമായി ബന്ധപ്പെട്ട്‌ ഇന്ത്യയുടെ അന്വേഷണവും പുരോഗമിക്കുകയാണ്‌. ഗുരുദാസ്‌പുര്‍ എസ്‌.പി: സല്‍വീന്ദര്‍സിങ്‌, സുഹൃത്തും വ്യാപാരിയുമായ രാജേഷ്‌വര്‍മ, കൊല്ലപ്പെട്ട ടാക്‌സി ഡ്രൈവര്‍ എന്നിവരുടെ ഫോണുകളില്‍നിന്നു ഭീകരര്‍ വിളിച്ചതു പാകിസ്‌താനില്‍ രജിസ്‌റ്റര്‍ ചെയ്‌ത ഫോണ്‍ നമ്പറുകളിലേക്കാണെന്ന്‌ ഇന്ത്യ വാദിക്കുന്നു. എന്നാല്‍ പാകിസ്‌താനില്‍ ഈ നമ്പറുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടില്ലെന്നാണ്‌ അവരുടെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നത്‌.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close