മാസ്റ്റര്‍പ്ലാന്‍ വിഷയം: തിരുവനന്തപുരം നഗരസഭായോഗത്തിലും ബിജെപി അംഗങ്ങള്‍ക്കെതിരേ കയ്യേറ്റശ്രമം

വിവാദമായ മാസ്റ്റര്‍പ്ലാനുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭ വിളിച്ച പ്രത്യേകയോഗത്തില്‍ വനിതകള്‍ അടക്കുളള ബിജെപി അംഗങ്ങള്‍ക്കെതിരേ കയ്യേറ്റശ്രമം. മേയര്‍ വി.കെ പ്രശാന്തിന്റെ നേതൃത്വത്തില്‍ സിപിഎം കൗണ്‍സിലര്‍മാരാണ് തര്‍ക്കത്തിനിടെ ബിജെപി അംഗങ്ങളെ കൈയ്യേറ്റം ചെയ്യാന്‍ മുതിര്‍ന്നത്.

വിഷയവുമായി ബന്ധപ്പെട്ട പ്രമേയത്തിന്‍മേല്‍ ചര്‍ച്ച നടക്കവേ കാട്ടായിക്കോണത്ത് കഴിഞ്ഞ ദിവസമുണ്ടായ അക്രമം ബിജെപി നേതാവ് വി. മുരളീധരനും കൗണ്‍സിലര്‍ എം.ആര്‍ ഗോപനുമാണ് ആസൂത്രണം ചെയ്തതെന്ന സിപിഎം അംഗം ശ്രീകുമാറിന്റെ പരാമര്‍ശമാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്.

അടിസ്ഥാനരഹിതമായ ആരോപണം പിന്‍വലിക്കണമെന്ന് ബിജെപി അംഗങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. കാട്ടായിക്കോണത്ത് മാസ്റ്റര്‍ പ്ലാനിനെതിരെ ജനകീയ പ്രതിഷേധം സംഘടിപ്പിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി അക്രമം നടത്തുകയായിരുന്നെന്നും കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി.

ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനെയും ബിജെപി നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവുമായ എം.ആര്‍. ഗോപനെയും ഗുണ്ടയെന്ന് വിശേഷിപ്പിച്ച് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ. ശ്രീകുമാര്‍ രംഗത്തെത്തിയതാണ് കുഴപ്പങ്ങള്‍ക്ക് കാരണമായത്.

പ്രയോഗം പിന്‍വലിച്ച് ശ്രീകുമാര്‍ മാപ്പു പറയണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി. യോഗം പിരിച്ചുവിട്ട് കൗണ്‍സില്‍ ഹാള്‍ വിടാനൊരുങ്ങിയ മേയറെ ബിജെപി കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചു. ഇതിനിടെയാണ് വിദ്യാഭ്യാസ കായികകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എസ്. ഉണ്ണികൃഷ്ണന്‍, കാട്ടായിക്കോണം കൗണ്‍സിലര്‍ സിന്ധു ശശി എന്നിവരുടെ നേതൃത്വത്തില്‍ മേയറെ ഉപരോധിച്ചിരുന്ന ബിജെപിയുടെ വി. വിജയകുമാറിനെ ചുമരില്‍ ചേര്‍ത്തുവച്ച് മര്‍ദ്ദിച്ചത്.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close