തന്നെ പീഡിപ്പിച്ചത് സൈനികരല്ലെന്ന് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍

കശ്മീരില്‍ വിദ്യാര്‍ഥിനിയെ സൈനികര്‍ മാനഭംഗപ്പെടുത്തിയെന്നാരോപിച്ച് ഉണ്ടായ സംഘര്‍ഷം തുടരുന്നതിനിടെ വെളിപ്പെടുത്തലുകളുമായി പെണ്‍കുട്ടി രംഗത്ത്.തന്നെ സൈനികര്‍ അപമാനിച്ചിട്ടില്ലെന്നും അത് ചെയ്തത് പ്രദേശത്തെ ചിലരാണെന്നും പെണ്‍കെട്ടി പറയുന്ന വീഡിയോ പുറത്തുവന്നു.

സ്കൂളില്‍ നിന്നു മടങ്ങുകയായിരുന്ന തന്നെ രണ്ടു യുവാക്കള്‍ കടന്നുപിടിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയുമായിരുന്നെന്നു പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. സൈന്യത്തിന്‍റെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണു നടക്കുന്നതെന്ന് ഇതു ചൂണ്ടിക്കാട്ടി പ്രതിരോധ വക്താവ് എന്‍.എന്‍. ജോഷി പറഞ്ഞു.

സൈനികന്‍ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയെന്ന് ആരോപിച്ച് ഗ്രാമീണര്‍ നടത്തിയ പ്രതിഷേധത്തിന് നേരെ ജമ്മു കശ്മീരിലെ കുപ് വാര ജില്ലയില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ മൂന്നപേര്‍ മരിച്ചിരുന്നു. മരിച്ചവരുടെയെണ്ണം മൂന്നായതോടെ സംഘര്‍ഷമുണ്ടായ ഹന്ദ്വാര പട്ടണത്തില്‍ അധികൃതര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

മേഖലയില്‍ ഇന്റര്‍‌നെറ്റ് ഉപയോഗവും താത്ക്കാലികമായി നിര്‍ത്തിയിട്ടുണ്ട്. ശ്രീനഗര്‍, കുപ്വാര, ബാരമുള്ള, ബന്ദിപോര, ഗന്ദര്‍ബാല്‍ എന്നീ പ്രദേശങ്ങളിലാണ് ഇന്റര്‍നെറ്റ് സേവനം ലഭിക്കാത്തത്. ഇന്ന് രാവിലെ മുതല്‍ വാട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ലഭ്യമാകുന്നില്ല.

Show More

Related Articles

Close
Close