60 ലക്ഷം കുടുംബങ്ങൾക്ക് കേന്ദ്രപദ്ധതിയിൽ പാചകവാതക കണക്ഷൻ

കേന്ദ്രസർക്കാരിന്റെ ഗിവ് ഇറ്റ് അപ്പ് പദ്ധതിയിലൂടെ പാചകവാതക സബ്സിഡി ഉപേക്ഷിച്ചവരുടെ സംഖ്യ ഒരു കോടി കടന്ന സാഹചര്യത്തിൽ, 60 ലക്ഷം പാവപ്പെട്ട കുടുംബങ്ങൾക്കു കൂടി പുതിയ ഗ്യാസ് കണക്ഷൻ ലഭിച്ചു.

പദ്ധതി പ്രകാരം ലാഭിക്കാനായത് 1,110 കോടി രൂപയാണ്. രാജ്യത്താകമാനം 16.5 കോടി പാചകവാതക ഉപഭോക്താക്കളാണുള്ളത്. പദ്ധതിപ്രകാരം വിപ്ലവകരമായ ഒരു മുന്നേറ്റമാണ് കേന്ദ്രസർക്കാർ കൈവരിച്ചതെന്നു വിലയിരുത്തപ്പെടുന്നു.

രാഷ്ട്രപുരോഗതിയിൽ പൗരന്മാരുടെ കൂടി സജീവപങ്കാളിത്തം ഉറപ്പുവരുത്തുന്നതായിരുന്നു ഈ പദ്ധതി. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു ഗിവ് ഇറ്റ് അപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇതോടൊപ്പം ബി.പി.എൽ. കുടുംബങ്ങളിലെ സ്ത്രീകൾക്ക് സൗജന്യമായി പാചകവാതകവിതരണം ചെയ്യുന്നതിന് 8000 കോടി രൂപയും കേന്ദ്രസർക്കാർ വകയിരുത്തിയിട്ടുണ്ട്.

പ്രധാൻ മന്ത്രി ഉജ്ജ്വൽ യോജന എന്നു പേരിട്ടിരിക്കുന്ന പദ്ധതി മൂന്നു വർഷത്തിനകം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതു പ്രകാരം ദാരിദ്ര്യരേഖയ്ക്കു താഴെ നിൽക്കുന്ന ഓരോ കുടുംബത്തിനും പുതിയ കണക്ഷൻ എടുക്കാൻ 1,600 രൂപയുടെ സാമ്പത്തിക സഹായം ലഭിക്കും. അർഹതപ്പെട്ട ബി.പി.എൽ. കുടുംബങ്ങളെ കണ്ടെത്തുന്നതിൽ സംസ്ഥാനസർക്കാരുകളുമായി സഹകരിച്ചാവും പദ്ധതി നടപ്പാക്കുക.

കോടിക്കണക്കിന് നിർദ്ധനരായ സ്ത്രീകൾക്ക് ഗുണം ചെയ്യുന്ന ഈ പദ്ധതി ഇരു കയ്യും നീട്ടിയാണ് ജനങ്ങൾ സ്വാഗതം ചെയ്തത്. ഇതോടൊപ്പം പത്തു ലക്ഷത്തിലധികം രൂപ വാർഷിക വരുമാനമുളളവരുടെ എൽ.പി.ജി സബ്സിഡി നിർബന്ധമായും നിർത്തലാക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു.

സബ്സിഡിയോടു കൂടിയ ഗ്യാസ് സിലിണ്ടർ 419 രൂപയ്ക്കും, സബ്സിഡി കൂടാതെ 509.50 രൂപയ്ക്കുമാണിപ്പോൾ ലഭിക്കുന്നത്. പ്രതിവർഷം 14.2 കിലോയുടെ 12 സിലിണ്ടറുകളോ 5 കിലോയുടെ 34 സിലിണ്ടറുകളോ ലഭിക്കുന്നതിനാണ് നിലവിൽ സബ്സിഡി അനുവദിക്കുന്നത്. ഗ്യാസ് ഏജൻസിയിൽ എഴുതി നൽകിയോ, ഓൺലൈനിലൂടെയോ, എസ്.എം.എസ് വഴിയോ ഗ്യാസ് സബ്സിഡി ഉപേക്ഷിക്കാം. ഒരു സിലിണ്ടറിൽ കേവലം 115 രൂപയുടെ മാത്രം വ്യത്യാസമേയുണ്ടാവുന്നുള്ളൂ. ഇത് ഉപേക്ഷിക്കുക വഴി രാജ്യത്തെ കോടിക്കണക്കായ നിർദ്ധന കുടുംബങ്ങൾക്കാണ് പ്രയോജനം ലഭിക്കുക.

 

Show More

Related Articles

Close
Close