പിഒകെയിലെ നിര്‍മ്മാണങ്ങള്‍ നിര്‍ത്താന്‍ ഭാരതം ചൈനയോട് ആവശ്യപ്പെട്ടു

പാക് അധീന കാശ്മീരി(പിഒകെ)ലൂടെയുള്ള പാക്-ചൈനീസ് സാമ്പത്തിക ഇടനാഴിക്കെതിരെ ഭാരതം. ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയിരിക്കുന്ന 46 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക ഇടനാഴിക്കെതിരെയാണ് ഭാരതത്തിന്റെ പ്രതിഷേധം. പാക്കിസ്ഥാന്‍ കൈവശപ്പെടുത്തിയ കാശ്മീരിന്റെ ഭാഗത്തെ ചൈനയുടെ അധീനതയിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഭാരതം കുറ്റപ്പെടുത്തി.

ഭാരതത്തിന്റെ ഭാഗമായി ചേരേണ്ട ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനിലൂടെയാണ് പാക-ചൈനീസ് സാമ്പത്തിക ഇടനാഴി കടന്നുപോകുന്നത്. പാക്കിസ്ഥാനിലെ ഗ്വാഡര്‍ തുറമുഖം വരെ ഇടനാഴി നീളും. ഇതുവഴി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ താവളമൊരുക്കാനാണ് ചൈനയുടെ ലക്ഷ്യം.
നിയന്ത്രണ രേഖയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ചൈന നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാനും ഭാരതം ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പിഒകെയിലെ വിവിധ മേഖലകളില്‍ ചൈനീസ് അധികൃതര്‍ പാലങ്ങളും റോഡുകളും ജലവൈദ്യുത പദ്ധതികളും നിര്‍മ്മിക്കുന്നെന്ന വിവരത്തെ തുടര്‍ന്നാണ് ഭാരതം ശക്തമായ ഭാഷയില്‍ ചൈനയ്‌ക്കെതിരെ രംഗത്തെത്തിയത്.

അതിര്‍ത്തിയിലെ ചൈനീസ് നടപടികള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായി വടക്കാന്‍ കമാണ്ട് സേനാവക്താവ് കേണല്‍ എസ്.ഡി ഗോസ്വാമി അറിയിച്ചു. പിഒകെയിലെ താങ്ധറില്‍ വലിയ ജലവൈദ്യുത പദ്ധതി നിര്‍മ്മിക്കുന്നത് ചൈനീസ് കമ്പനിയാണ്. വടക്കന്‍ കാശ്മീരില്‍ ബന്ദിപ്പൂരില്‍ ഭാതതം നിര്‍മ്മിക്കുന്ന കിഷന്‍ഗംഗ വൈദ്യുത പദ്ധതിക്കു ബദലായാണ് ചൈനീസ് കമ്പനിയുടെ ജലവൈദ്യുത പദ്ധതി നിര്‍മ്മാണം.

പിഒകെയിലെ കേന്ദ്രങ്ങളില്‍ പാക് സൈന്യത്തിന് ചൈനീസ് സൈന്യം പരിശീലനം നല്‍കുന്നതായുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പിഒകെയില്‍ ഭാരതസൈന്യവും ബിഎസ്എഫും അതീവ ജാഗ്രതയിലാണ്.എന്നാല്‍ ചൈനീസ് സൈന്യം നിയന്ത്രണരേഖ മറികടന്നിട്ടില്ലെന്നും അതിര്‍ത്തിരേഖ സംബന്ധിച്ച ഇരുരാജ്യങ്ങള്‍ക്കും രണ്ട് നിലപാടാണുള്ളതെന്നും സൈന്യം അറിയിച്ചിട്ടുണ്ട്. ഇരുവിഭാഗവും അവരവരുടെ നിലപാടിലുള്ള നിയന്ത്രണരേഖാ ഭാഗത്താണ് പട്രോളിംഗും മറ്റും നടത്തുന്നത്.

Show More

Related Articles

Close
Close