തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍

Venkaiah_Naiduകൊച്ചിക്കു പുറമേ തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ കൂടി കേന്ദ്രസര്‍ക്കാരിന്റെ സ്മാര്‍ട്ട്‌സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി. പാട്‌ന(ബീഹാര്‍), ഷിംല(ഹിമാചല്‍പ്രദേശ്), ന്യൂ റായ്പൂര്‍(ഛത്തീസ്ഗഡ്), ഇറ്റാനഗര്‍(അരുണാചല്‍പ്രദേശ്), അമരാവതി(ആന്ധ്രാപ്രദേശ്), ബംഗളൂരു(കര്‍ണ്ണാടക) എന്നീ തലസ്ഥാന നഗരങ്ങളെയും സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.കേന്ദ്രനഗരവികസന മന്ത്രി വെങ്കയ്യ നായിഡുവാണ് പുതിയ സ്മാര്‍ട്ട് നഗരങ്ങളെ പ്രഖ്യാപിച്ചത്.

വിവിധ സംസ്ഥാനങ്ങളിലായി 13 സ്മാര്‍ട്ട് സിറ്റികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 23 നഗരങ്ങളില്‍ നടത്തിയ ഫാസ്റ്റ് ട്രാക്ക് മത്സരത്തില്‍ ലക്‌നൗ ഒന്നാമതെത്തി. മത്സരത്തില്‍ പങ്കെടുത്ത നഗരങ്ങള്‍ 25 ശതമാനം വരെ നിലവാരം മെച്ചപ്പെടുത്തിയതായി വെങ്കയ്യ നായിഡു പറഞ്ഞു. പതിമൂന്ന് നഗരങ്ങളെക്കൂടി സ്മാര്‍ട്ട് സിറ്റികളായി പ്രഖ്യാപിച്ചതോടെ 25 സംസ്ഥാനങ്ങള്‍ സ്മാര്‍ട്ട് സിറ്റികളുടെ പരിധിയിലായതായും മന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷമായി നഗരാസൂത്രണവും‘ഭരണവും മികച്ചതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ മാതൃകാപരമായ മാറ്റങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന നഗര നവോത്ഥാനം 2016 മെയ് തല്‍ 2016 മെയ് വരെ എന്ന പുസ്തകവും അദ്ദേഹം പ്രകാശനം ചെയ്തു.

മത്സരത്തിലെ വിജയികളായ മറ്റു നഗരങ്ങള്‍ വാറങ്കല്‍, തെലുങ്കാന (13%), ഷിംല, ഹിമാചല്‍ പ്രദേശ് (27%), ചണ്ഡീഗഡ് (9%), റായ്പൂര്‍, ഛത്തീസ്ഗഡ് (25%), ന്യൂ ടൗണ്‍ കൊല്‍ക്കത്ത (11%), ഭഗല്‍പൂര്‍, ബീഹാര്‍ (25%), പനാജി, ഗോവ (9%), പോര്‍ട്ട് ബ്ലെയര്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ (26%), ഇംഫാല്‍, മണിപ്പുര്‍ (27%), റാഞ്ചി, ജാര്‍ഖണ്ഡ് (27%), അഗര്‍ത്തല, ത്രിപുര (25%) ഫരീദാബാദ്, ഹരിയാന (12%) എന്നിവയാണ്.

അതിനിടെ സ്മാര്‍ട്ട് നഗരങ്ങള്‍ സംബന്ധിച്ച് ഉത്തര്‍പ്രദേശിലും ജമ്മുകാശ്മീരിലും തുടരുന്ന തര്‍ക്കങ്ങള്‍ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. യുപിയിലെ മീററ്റും റായ് ബറേലിയും തമ്മിലും ജമ്മുകാശ്മീരിലെ ജമ്മുവും ശ്രീനഗറും തമ്മലുമാണ് തര്‍ക്കം. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ മേന്മയുടെ അടിസ്ഥാനത്തില്‍ രണ്ടു സംസ്ഥാനങ്ങളിലെയും ഓരോ നഗരങ്ങളെ വേഗത്തില്‍ തന്നെ തീരുമാനിക്കുമെന്നും വെങ്കയ്യ അറിയിച്ചു.

നഗരങ്ങളില്‍ കഴിയുന്ന ദരിദ്രര്‍ക്ക് ജലവിതരണം, ഡ്രെയിനേജ് സംവിധാനം, പൊതുഗതാഗതം, പാര്‍പ്പിടം, തൊഴിലവസരം തുടങ്ങിയവ വര്‍ദ്ധിച്ച തോതില്‍ ലഭ്യമാക്കാനാണ് പദ്ധതികള്‍ ലക്ഷ്യമിടുന്നത്. 2019ഓടെ എല്ലാ നഗരവാസികള്‍ക്കും 135 ലിറ്റര്‍ വീതം ജലം പ്രതിദിനം ലഭ്യമാക്കും, നഗരപ്രദേശങ്ങളിലെ കെട്ടിട നിര്‍മ്മാണ ചട്ടം ലഘൂകരിക്കും, എല്ലാ പാവപ്പെട്ടവര്‍ക്കും ഗൃഹനിര്‍മ്മാണ പദ്ധതി എന്നിവയെല്ലാം കേന്ദ്രസര്‍ക്കാരിന്റെ നഗരവികസന പദ്ധതികളിലൂടെ സാധ്യമാകും. പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 6.84 ലക്ഷം വീടുകളുടെ നിര്‍മ്മാണാനുമതി ഇതിനകം ലഭിച്ചിട്ടുണ്ട്. 2004-2014ല്‍ ആകെ നിര്‍മ്മിക്കപ്പെട്ട 13.70ലക്ഷം വീടുകളുടെ പകുതിയോളമാണിത്.

പ്രധാനമന്ത്രി ആവാസ് യോജന, അമൃത് പദ്ധതി, സ്മാര്‍ട്ട് സിറ്റി പദ്ധതി, സ്വച്ഛ് ഭാരത് അഭിയാന്‍, ഹൃദയ് പദ്ധതി എന്നിവയ്ക്കായി 18ലക്ഷം കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്. ഇതില്‍ 1,48,093 കോടി രൂപ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് 43,922 കോടിരൂപയും സ്മാര്‍ട്ട് സിറ്റികള്‍ക്ക് 80,789 കോടി രൂപയും അമൃത് നഗരങ്ങള്‍ക്ക് 20,882 കോടിരൂപയും ഹൃദയ് നഗരപദ്ധതിക്ക് 500 കോടി രൂപയും ഇതിനകം വിതരണം ചെയ്തുകഴിഞ്ഞിട്ടുണ്ട്.

Show More

Related Articles

Close
Close