ആറ് ബാങ്കുകള്‍ എസ്ബിഐയില്‍ ലയിപ്പിക്കും

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കം ആറ് അസോസിയേറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.
എസ്ബിഐയെ അന്താരാഷ്ട്രതലത്തില്‍ എണ്ണപ്പെട്ട 50 ബാങ്കുകളില്‍ ഒന്നാക്കുക എന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമാണ് ലയനം. എസ്ബിടിക്ക് പുറമെ, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, മഹിളാ ബാങ്കുമാണ് എസ്ബിഐയില്‍ ലയിപ്പിക്കുക. നിലവില്‍ ആഗോള ബാങ്കുകളുടെ നിരയില്‍ 67-ാം സ്ഥാനത്താണ് എസ്ബിഐ.
ലയനം നടക്കുമ്പോള്‍ ഒട്ടനവധി ശാഖകളുടെ അടച്ചുപൂട്ടലോ പുനക്രമീകരണമോ നടക്കും. വര്‍ഷാവര്‍ഷം നടന്നുവരുന്ന നിയമനവും ഇതോടെ നില്ക്കും. ബാങ്കിന്റെ വായ്പാ വിതരണത്തില്‍ വലിയ കുറവ് വരാനുള്ള സാധ്യതയും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
അസോസിയേറ്റ് ബാങ്കുകളെ ലയനത്തിലൂടെ ഇല്ലാതാക്കുന്ന നയത്തിനെതിരെ നേരത്തെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. അഞ്ച് അസോസിയേറ്റ് ബാങ്കുകളിലായി 70000ത്തോളം ജീവനക്കാരാണ് ഉള്ളത്. എസ്ബിഐയില്‍ ലയിക്കുന്നതോടെ പലരുടേയും സ്ഥാനക്കയറ്റ സാധ്യതകള്‍ ഇല്ലാതാകുമോയെന്ന് ജീവനക്കാര്‍ ആശങ്കപ്പെടുന്നു.
ഇതിനിടെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി വി എം സുധീരനും , കോടിയേരി ബാലകൃഷ്ണനും രംഗത്ത് വന്നു.എസ്.ബി.ടിയെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള തീരുമാനം കോപ്പറേറ്റ് അജണ്ടയെന്നതിന് സംശയമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന് പറഞ്ഞു. എന്നാല്‍ പൊതുമേഖലാ ബാങ്കുകളില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനാണ് ലയനമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ബാങ്കുകളുടെ ലയനം സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.