ഇന്‍സാറ്റ് 3 ഡിആര്‍ വിക്ഷേപിച്ചു

ഭാരതത്തിന്റെ അത്യാധുനിക കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ് 3 ഡിആര്‍ വിജയകരമായി വിക്ഷേപിച്ചു. ഈ വിക്ഷേപണത്തിലൂടെ രാജ്യത്തിന്റെ സ്വന്തം ക്രയോജനിക് എഞ്ചിന്റെ വിജയമാണ് ഭാരതം സാക്ഷാത്ക്കരിച്ചത്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍നിന്നു ഇന്നു വൈകുന്നേരം  4.50 നായിരുന്നു വിക്ഷേപണം.

കാലാവസ്ഥാ നിരീക്ഷണം, സമുദ്രാന്തരീക്ഷ പഠനം, ഓസോണ്‍ പാളിയിലെ മാറ്റങ്ങള്‍ നിരീക്ഷിക്കല്‍ എന്നിവയാണ് ഇന്‍സാറ്റ് 3 ഡിആറിന്റെ ദൗത്യങ്ങള്‍.

956 കിലോഗ്രാം ഭാരമാണ് ഉപഗ്രഹത്തിനുള്ളത്. പ്രകൃതി ദുരന്തങ്ങള്‍ നേരത്തെ അറിയാനായുള്ള ഉപഗ്രഹമായ ഇന്‍‌സാറ്റ് 3ഡിയെ അപേക്ഷിച്ച് നൂതനമായ നിരീക്ഷണ സംവിധാനങ്ങളാണ് ഇന്‍‌സാറ്റ് 3ഡിആറിനുള്ളത്.

പത്ത് വര്‍ഷമാണ് പുതിയ ഉപഗ്രഹത്തിന്റെ ആയുസ് കണക്കാക്കുന്നത്. വിക്ഷേപിക്കുന്ന സമയത്ത് 2,211 കിലോഗ്രാം ഭാരമാണ് ഉപഗ്രഹത്തിനുണ്ടായിരുന്നത്. ഇതില്‍ 1,255 കിലോ ഉപഗ്രഹത്തിലെ ഇന്ധനമാണ്.

സാങ്കേതിക തകരാര്‍ മൂലം നിശ്ചയിച്ച സമയത്തില്‍നിന്നും 40 മിനിറ്റ് താമസിച്ചായിരുന്നു വിക്ഷേപണം. നേരത്തെ നിശ്ചയിച്ചിരുന്നത് 4.10 ന് വിക്ഷേപണം നടക്കുമെന്നായിരുന്നു.

ബഹിരാകാശത്ത് എത്തിയശേഷം ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കുന്നത് ഉപഗ്രഹത്തില്‍ത്തന്നെയുള്ള ഈ ഇന്ധനം കത്തിച്ചാണ്.

പിഎസ്എല്‍വിക്കു പകരം ജിഎസ്എല്‍വി – എഫ് 05 റോക്കറ്റാണ് ഇന്‍സാറ്റ് 3 ഡിആറിന്റെ വിക്ഷേപണത്തിനായി ഐഎസ്ആര്‍ഒ ഉപയോഗിച്ചത്.

വിക്ഷേപണത്തിന് ശേഷം ഉപഗ്രഹത്തിലെ എഞ്ചിന്‍ ജ്വലിപ്പിച്ച് ഘട്ടംഘട്ടമായി ഭൂസ്ഥിര ഭ്രമണപഥത്തിലെത്തിക്കും.

ബഹിരാകാശത്ത് നിന്നും ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നത് ഭാരതം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് എഞ്ചിനാണ്. ഇതാണ് ഈ വിക്ഷേപണത്തിന്റെ പ്രത്യേകതയും.

2014ലും 2015ലും ഭാരതം ക്രയോജനിക് എഞ്ചിനുകള്‍ വിജയകരമായി പരീക്ഷിച്ചിരുന്നു. ഈ ആത്മവിശ്വാസമാണ് ഐ‌എസ്‌ആര്‍‌ഒയെ ക്രയോജനിക് എഞ്ചിനെ ഇന്‍സാറ്റ് 3ഡിആര്‍ വിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചത്.

 

 

Show More

Related Articles

Close
Close