ഇടപ്പള്ളി മേൽപ്പാലം നാടിന്‌ സമർപ്പിച്ചു

ഗതാഗത കുരുക്കിന്‌ ആശ്വാസം പകർന്ന്‌ ഇടപ്പള്ളി മേൽപ്പാലം നാടിന്‌ സമർപ്പിച്ചു.

മെട്രോ റയിൽ ജോലികളുടെ ഭാഗമായി ഡിഎംആർസി നിർമ്മിച്ച മേൽപ്പാലം നവകേരള സൃഷ്ടിക്കായി തുറന്ന്‌ കൊടുക്കുന്നതായി പ്രത്യേക സന്ദേശത്തിലൂടെ മന്ത്രി ജി സുധാകരൻ സദസ്സിനെ അറിയിച്ചു.

പുതിയ മേൽപ്പാലത്തിലൂടെയുള്ള ഗതാഗതം മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്‌ നാടമുറിച്ച്‌ ഉദ്ഘാടനം ചെയ്തു.

ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ്‌ ഡോ. ഇ ശ്രീധരൻ സ്വാഗതം പറഞ്ഞു. മെട്രോ നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിലെ പ്രധാന പ്രശ്നം ഇടപ്പള്ളി ജംഗ്ഷനിലെ  മേൽപ്പാല നിർമ്മാണമായിരുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു.

റയിൽമേൽപാലവും റോഡ്‌ മേൽപ്പാലവും ഒരുമിച്ചുകൊണ്ടുപോകേണ്ടതുണ്ടായിരുന്നു. ഇവിടെ മറ്റ്‌ മേൽപ്പാലത്തിന്‌ സാധ്യതയുമില്ല. ഇക്കാര്യം സർക്കാരിനെ അറിയിക്കുകയും ഇരു മേൽപ്പാലങ്ങളും യോജിപ്പിച്ച്‌ നവീന സാങ്കേതിക വിദ്യയോടെയാണ്‌ ഇപ്പോൾ പാലങ്ങൾ പൂർത്തിയാക്കിയതെന്നും ഇ ശ്രീധരൻ പറഞ്ഞു.

റോഡ്‌ മേൽപ്പാലം വന്നാലും ഇടപ്പള്ളിയിലെ ഗതാഗതകുരുക്ക്‌ പൂർണമായും മാറില്ല. കൊടുങ്ങല്ലൂരിലേക്ക്‌ പോകനായി ബൈപ്പാസ്‌ നിർമിക്കണം.

ആലുവയിലേക്കും വൈറ്റിലയിലേക്കും യാത്രക്കാർക്ക്‌ പോകാൻ എലിവേറ്റഡ്‌ ഫ്ലൈ ഓവർ നിർമ്മിക്കാനായി പ്രവർത്തനങ്ങൾ ആരംഭിച്ചു.

ഇടപ്പള്ളി തോട്‌ നവീകരണം പൂർത്തിയാക്കി ബോട്ടുകൾക്ക്‌ കടന്നുപോകാനും സൗകര്യമൊരുക്കിയതായും ഇ ശ്രീധരൻ പറഞ്ഞു.

ഗതാഗതത്തിന്‌ തുറന്നു കൊടുത്ത മേൽപ്പാലത്തിലൂടെ മന്ത്രി സി രവീന്ദ്രനാഥ്‌, ഇ ശ്രീധരൻ എന്നിവർ നടന്നു.

ഉദ്ഘാടനത്തിന്‌ സാക്ഷ്യംവഹിക്കാൻ നൂറുകണക്കിനാളുകളുമെത്തിയിരുന്നു.

മേൽപ്പാലത്തിന്റെ നിർമ്മാണ ഉപകരാർ ഏറ്റെടുത്തത്‌ എൽ ആന്റ്‌ ടി കമ്പനിയാണ്‌. 20 മാസം കൊണ്ടാണ്‌ പാലം പൂർത്തിയാക്കിയത്‌.

നിശ്ചയിച്ചതിലും 11 കോടി രൂപ കുറച്ചാണ്‌ നിർമാണം പൂർത്തിയാക്കിയത്‌. 49 കോടി രൂപയായിരുന്നു നിർമാണച്ചെലവ്‌ കണക്കാക്കിയിരുന്നത്‌. എന്നാൽ,38 കോടി മാത്രം ചെലവാക്കി നിർമാണം പൂർത്തീകരിച്ചു.

Show More

Related Articles

Close
Close