പ്രേമജത്തിന്റെ മകനെ ഐസക്ക് കെഎഫ്‌സി എംഡിയാക്കി

ബന്ധുനിയമനങ്ങള്‍ വിവാദമായി ഇ പി ജയരാജന്‍ രാജി വച്ചതിനു പിന്നാലെ പുതിയ നിയമന വിവരങ്ങള്‍ പുറത്തു വരുന്നു.

അധികാരത്തിലേറി ആദ്യ മാസം തന്നെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ ധനമന്ത്രി തോമസ് ഐസക്ക് വഴിവിട്ട നിയമനം നടത്തി എന്നാണ് ആരോപണം . കോഴിക്കോട് മുന്‍ മേയറും മുന്‍ എംപിയുമായ എ.കെ. പ്രേമജത്തിന്റെ മകന്‍ പ്രേംനാഥ് രവീന്ദ്രനാഥിനെയാണ് മാനേജിങ് ഡയറക്ടറാക്കിയത്.

കെഎഫ്‌സി യൂണിയന്‍ നേതാവായ ആനത്തലവട്ടം ആനന്ദന്റെ സമ്മര്‍ദ്ദത്തില്‍, പാര്‍ട്ടി ഉന്നത നേതാക്കളുടെ നിര്‍ബന്ധമായിരുന്നു നിയമനത്തിനു പിന്നില്‍. രണ്ടു മാസത്തിനുള്ളില്‍ എം.ജി. രാജമാണിക്യത്തെ എംഡിയാക്കിയതോടെ ഐസക്ക് രക്ഷപ്പെട്ടു.

താല്‍ക്കാലിക ചുമതലയായിരുന്നു പ്രേംനാഥിന്. അയോഗ്യനായിരിക്കെ ജനറല്‍ മാനേജരായ ഇയാള്‍ക്കെതിരേ, മുന്‍ എംഡി കെ.എം. നായര്‍ നടപടി ആവശ്യപ്പെട്ടിരുന്നു.

ഇടതു യൂണിയന്‍ ശക്തമായ കെഎഫ്‌സി ഭരിക്കുന്നത് ആനത്തലവട്ടം ആനന്ദനാണ്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് പ്രേംനാഥിനെ ജിഎം ആക്കിയതും ധനമന്ത്രി തോമസ് ഐസക്ക്. എക്‌സിം ബാങ്കിലെ ഏറെ ജൂനിയറായിരുന്ന പ്രേംനാഥിനെ നിയമിച്ചത്, കെഎഫ്‌സി നയത്തിനു വിരുദ്ധമായിരുന്നു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ക്കേ ജിഎം ആകാനാവൂ.

പ്രേംനാഥ് എല്ലാ തലത്തിലും സിപിഎംകാരെ നിയമിച്ചു. ഫിനാന്‍സ് മുതല്‍ ബ്രാഞ്ച് തലവന്മാര്‍ വരെ പാര്‍ട്ടി വിശ്വസ്തരായി. വായ്പകള്‍ക്ക് കണ്‍സള്‍ട്ടന്‍സി ചാര്‍ജായി തുകയുടെ 2% നിശ്ചയിച്ചു. യൂണിയന്‍ നേതാക്കള്‍ക്കു വിഹിതം കൊടുത്തു. തലസ്ഥാനത്ത് ബേക്കറി ജംക്ഷനില്‍ ഭൂമി വാങ്ങി, ഗസ്റ്റ് ഹൗസ് പണിതു. ഇതിലെല്ലാം ക്രമക്കേടുണ്ടെന്ന ആരോപണം ഉയര്‍ന്നു.

അതിനിടെ പുതിയ എംഡിയെ നിയോഗിച്ച് റിസര്‍വ് ബാങ്ക് അതുവരെ വായ്പയിലും മറ്റു നടപടികളിലും ഉണ്ടായിരുന്ന ക്രമക്കേടുകള്‍ക്ക് തടയിട്ടു. രണ്ടു ജനറല്‍ മാനേജര്‍മാരെക്കൂടി നിയമിച്ചു. സ്ഥാനക്കയറ്റവും നിയമനവും ആര്‍ബിഐ ചട്ടപ്രകാരമാക്കി. അയോഗ്യതയെ തുടര്‍ന്ന് പ്രേംനാഥിനെതിരേ നടപടിക്ക് നിര്‍ദ്ദേശിച്ചു. അയാള്‍ കോടതിയില്‍നിന്ന് സ്റ്റേ വാങ്ങി.

യുഡിഎഫ് സര്‍ക്കാര്‍ വന്ന്, മാണി ധനമന്ത്രിയായപ്പോള്‍ ആനത്തലവട്ടം നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് പ്രേംനാഥിനെതിരേ നടപടി ശുപാര്‍ശ ചെയ്ത കെ.എം. നായരെ മാറ്റി. എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നയുടന്‍ എംഡി ജോയ് ഉമ്മനെ മാറ്റി പ്രേംനാഥിന് താല്‍ക്കാലിക ചുമതല നല്‍കുകയായിരുന്നു.

 കടപ്പാട്: ജന്മഭുമി

 

Show More

Related Articles

Close
Close