ഭുവനേശ്വറിലെ ആശുപത്രിയില്‍ അഗ്‍നിബാധ; 22 പേര്‍ മരിച്ചു

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് എസ്‌യുഎം ആശുപത്രിയിലുണ്ടായ അഗ്‍നിബാധയില്‍ 22 പേര്‍ മരിച്ചു. രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് പരുക്കേറ്റു.

ആശുപത്രിയുടെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് വാര്‍ഡിലാണ് അഗ്‍നിബാധയുണ്ടായത്. പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് കൂടുതല്‍ പേരും മരിച്ചത്.

അസ്വസ്ഥത അനുഭവപ്പെട്ട 40ലധികം പേരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ചികിത്സയില്‍ കഴിയുന്നവരെ മുഖ്യമന്ത്രി നവീന്‍ പട്നായിക് സന്ദര്‍ശിച്ചു. എല്ലാ സഹായങ്ങളും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപകട സമയത്ത് അഞ്ഞൂറോളം രോഗികളാണ് ആശുപത്രിയിലുണ്ടായിരുന്നത്. തീവ്രപരിചരണ വിഭാഗത്തിലും ഡയാലിസിസ് വാര്‍ഡിലും ഉണ്ടായിരുന്ന രോഗികളാണ് മരിച്ചത്.

ഷോട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏഴ് അഗ്‌നിശമന സേനാ വിഭാഗങ്ങള്‍ ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. തന്റെ മനസ് മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്കൊപ്പമാണെന്ന് മോദി ട്വീറ്റ് ചെയ്തു.

കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുമായി സംസാരിച്ചതായും പരുക്കേറ്റവരെ മുഴുവന്‍ ദല്‍ഹിയിലെ എയിംസ് ആശുപത്രിയിലേക്കു മാറ്റാന്‍ നിര്‍ദേശം നല്‍കിയതായും മോദി അറിയിച്ചു.

 

Show More

Related Articles

Close
Close