ഭരണഘടനാപരമായ വിലക്കു മാറിയാൽ സൗമ്യ വധക്കേസിൽ ഹാജരാകാം: കട്ജു

ഭരണഘടന അനുവദിച്ചാൽ തുറന്ന കോടതിയിൽ ഹാജരാകുന്നതിൽ സന്തോഷമേയുള്ളെന്ന് സുപ്രീം കോടതി മുൻ ജ‍ഡ്ജി മാർക്കണ്ഡേയ കട്ജു. സുപ്രീം കോടതിയിൽനിന്നു വിരമിച്ച ജഡ്‌ജിമാർ കോടതിയിൽ ഹാജരാകുന്നതിന് ഭരണഘടനയുടെ 124(7) വകുപ്പു പ്രകാരം വിലക്കുണ്ട്. ഈ നിയമം തനിക്കുവേണ്ടി ഒഴിവാക്കാൻ ജഡ്ജിമാർ തയാറാണെങ്കിൽ ഹാജരായി തന്റെ ഭാഗം അവതരിപ്പിക്കുമെന്നും കട്ജു ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിൽ അറിയിച്ചു.

ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗൊയ്, യു.യു.ലളിത്, പി.സി.പാന്ത് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഗോവിന്ദച്ചാമിക്കു വധശിക്ഷ റദ്ദാക്കിയതിനെതിരെ ഫെയ്സ്ബുക് പേജിലാണ് കട്ജു അഭിപ്രായം രേഖപ്പെടുത്തിയത്. ഇതു ഹർജിയായി പരിഗണിക്കുമെന്നാണ് കോടതി പറ‍ഞ്ഞത്.

ഹാജരാകണമെന്ന് ഇതുവരെ സുപ്രീം കോടതിയിൽനിന്ന് ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. കേരള സർക്കാരിന്റെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. എന്നിരുന്നാലും താൻ വിശദമായി മറുപടി തയാറാക്കുകയാണ്. ഫെയ്സ്ബുക് പേജിൽ പിന്നീട് ആ മറുപടി പ്രസിദ്ധീകരിക്കുമെന്നും കട്ജു കൂട്ടിച്ചേർത്തു.

Show More

Related Articles

Close
Close