സര്‍ക്കാറും സിബിഐയും നേര്‍ക്കുനേര്‍

കെ.റ്റി.ഡി.എഫ്.സി മാനേജിങ് ഡയറക്ടറായിരുന്ന കാലത്ത് ജേക്കബ് തോമസ് കൊല്ലം ടി.കെ.എം കോളേജില്‍ അധ്യാപകനായി ജോലി ചെയ്തത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി  ഇന്ന് ഹൈക്കോടതി പരിഗണിച്ചു.

കേസില്‍ പ്രാരംഭ വാദം പോലും നടന്നില്ലെന്നിരിക്കെ കേസ് ഏറ്റെടുക്കാമെന്ന സിബിഐയുടെ നിലപാട് ദുരുദ്ദ്യേശ്യപരമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചു.

മാറാട് കേസ് പോലും ഏറ്റെടുക്കാന്‍ ആവശ്യത്തിന് ഉദ്ദ്യോഗസ്ഥരില്ലെന്ന് പറഞ്ഞ സിബിഐ ഒരു സര്‍വ്വീസ് സംബന്ധമായ കേസ് അന്വേഷിക്കാമെന്ന് പറയുന്നത് പിന്നില്‍ ദുരുദ്ദേശ്യമുണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദിച്ചത്.

നേരത്തെ ജേക്കബ് തോമസിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കുന്ന സത്യവാങ് മൂലം സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

എന്ത് സാഹചര്യത്തിലാണ് ഇത്തരമൊരും കേസ് ഏറ്റെടുക്കാന്‍ സിബിഐ തയ്യാറായതെന്ന് ചോദിച്ച് ജേക്കബ് തോമസ് ചീഫ് സെക്രട്ടറി മുഖേന സിബിഐ ഡയറക്ടര്‍ക്ക് കത്തയച്ചിരുന്നു. ഇതിനെയും ഇന്ന് സിബിഐ കോടതിയില്‍ ചോദ്യം ചെയ്തു.

ഇന്നലെ ഇതേ കേസ് പരിഗണിക്കവെ ഇത് അന്വേഷിക്കാന്‍ തയ്യാറാണെന്ന് കാണിച്ച് സി.ബി.ഐ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് ഇത് പരിഗണിക്കവെ രൂക്ഷമായ പ്രതികരണമാണ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്കെതിരെ നടത്തിയത്.

കോളേജില്‍ പഠിപ്പിക്കുന്നതിന് അന്ന് ഐജിയായിരുന്ന ജേക്കബ് തോമസ് മുന്‍കൂട്ടി സര്‍ക്കാറിന് അവധി അപേക്ഷ നല്‍കിയിരുന്നു.

എല്ലാ ചട്ടങ്ങളും പാലിച്ചാണ് അദ്ദേഹം അവധിയില്‍ പോയത്. പിന്നീട് ഇത് സംബന്ധിച്ച ആരോപണം ഉയരുകയും വിജിലന്‍സ് അന്വേഷണം നടക്കുകയും ചെയ്ത സാഹചര്യത്തില്‍ കോളേജില്‍ നിന്ന് വാങ്ങിയ മുഴുവന്‍ ശമ്പളവും തിരിച്ചേല്‍പ്പിച്ചു.

അവധി അനുവദിക്കും എന്ന വിശ്വാസത്തിലാണ് അദ്ദേഹം ടി.കെ.എം കോളേജില്‍ നാലു മാസം അധ്യാപകനായി പ്രവര്‍ത്തിച്ചത്. അതോടെ ആ അധ്യായം അവസാനിച്ചതാണ്.

സര്‍വ്വീസ് സംബന്ധമായ യാതൊരു ഗൗരവുമില്ലാത്ത കേസാണിത്. മാത്രവുമല്ല, ഇത്തരമൊരു കേസ് പൊതുതാത്പര്യ ഹരജിയായി കോടതിയില്‍ വാദിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

 

 

 

 

 

Show More

Related Articles

Close
Close