കൈക്കൂലിക്കേസ്: യെദിയൂരപ്പയെ സിബിഐ കോടതി കുറ്റവിമുക്തനാക്കി

നാല്‍പ്പതു കോടി രൂപ കൈക്കൂലി വാങ്ങി അനധികൃത ഖനനത്തിന് അനുമതി നല്‍കിയ കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയെ ബംഗലൂരു സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തനാക്കി.

യെദ്യൂരപ്പയുടെ രണ്ട് മക്കള്‍ ഉള്‍പ്പെടെ കേസില്‍ ഉള്‍പ്പെട്ടിരുന്ന പതിമൂന്ന് പേരെയും കോടതി വെറുതെവിട്ടു. നീതി നടപ്പായെന്നും താന്‍ കുറ്റവിമുക്തനായെന്നും ആയിരുന്നു കോടതി വിധിയോടുള്ള യെദ്യൂരപ്പയുടെ പ്രതികരണം.

വിചാരണ വേളയില്‍ താന്‍ നിരപരാധിയാണെന്ന് പറഞ്ഞ് യെദ്യൂരപ്പ കോടതി മുറിക്കുള്ളില്‍ പൊട്ടിക്കരഞ്ഞിരുന്നു.

ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ജെഎസ്ഡബ്ലൂ സ്റ്റീലിന് ബെല്ലാരിയില്‍ അനധികൃത ഖനനത്തിന് അനുമതി നല്‍കിയെന്നും ഇതിന് നാല്‍പത് കോടി രൂപ കൈക്കൂലിയായി യെദ്യൂരപ്പയുടെ കുടുംബത്തിന് ലഭിച്ചുവെന്നായിരുന്നു കേസ്.

യെദ്യൂരപ്പയുടെ കുടുംബത്തിന്റെ നേതൃത്വത്തിലുള്ള പ്രേരണ എജ്യൂക്കേഷന്റെ ട്രസ്റ്റിന്റെ ഉടമസ്ഥതിയിലുണ്ടായിരുന്ന ഭൂമി വിപണി വിലയില്‍ നിന്നു പത്തിരിട്ടിയിലധികം നല്‍കി വാങ്ങിയും ട്രസ്റ്റിന് സംഭാവനയായി നല്‍കിയുമാണ് ജിന്‍ഡാല്‍ ഗ്രൂപ്പ് കൈക്കൂലി കൈമാറിയതെന്ന് അന്നത്തെ കര്‍ണാടക ലോകായുക്ത സന്തോഷ് ഹെഗ്ഡെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ച യെദ്യൂരപ്പക്കെതിരെ സിബിഐ കേസെടുക്കുകയായിരുന്നു.

ലോകായുക്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു മുന്‍ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കുന്നത് ഭാരതത്തില്‍ ആദ്യത്തെ സംഭവമായിരുന്നു.

 

Show More

Related Articles

Close
Close