ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് ഫൈനല്‍ ഇന്ന്

ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റില്‍ ഇന്ന്  ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നു. വൈകിട്ട് മൂന്നിന് പോരാട്ടം ആരംഭിക്കും. 10 വര്‍ഷത്തിനുശേഷമാണ് ഇന്ത്യയും പാക്കിസ്ഥാനും ഒരു ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കളിക്കുന്നത്. 2007ലെ ട്വന്റി 20 ലോകകപ്പിലാണ് അവസാനം ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യ പാക്കിസ്ഥാനെ തകര്‍ത്ത് ലോകചാമ്പ്യന്മാരായി. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ബംഗ്ലാദേശിനെ ഒന്‍പത് വിക്കറ്റിന് തകര്‍ത്ത് തുടര്‍ച്ചയായ രണ്ടാംഫൈനലിലേക്ക് കുതിച്ചപ്പോള്‍ പാക്കിസ്ഥാന്‍ കീഴടക്കിയത് ഉജ്ജ്വല ഫോമിലായിരുന്ന ആതിഥേയരായ ഇംഗ്ലണ്ടിനെ. എട്ട് വിക്കറ്റിനായിരുന്നു പാക്കിസ്ഥാന്റെ ജയം.
ഇന്നത്തെ മത്സരത്തില്‍ ടോസ് നേടുന്ന ടീം ബാറ്റിങ്ങ് തെരഞ്ഞെടുക്കാനാണ് സാധ്യത. കെന്നിങ്ങ്ടണ്‍ ഓവലിലെ പിച്ച് പൊതുവില്‍ ബാറ്റ്‌സ്മാന്മാരെ തുണയ്ക്കുന്നതാണ്.

ഇന്ത്യക്കാണ് ഇന്നത്തെ മത്സരത്തില്‍ മുന്‍തൂക്കം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. മാത്രമല്ല, ഐസിസി ചാമ്പ്യന്‍ഷിപ്പുകളില്‍ പാക്കിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനും കഴിഞ്ഞിട്ടില്ല. പ്രാഥമിക റൗണ്ടില്‍ ഇന്ത്യ ശ്രീലങ്കയോട് മാത്രം പരാജയപ്പെട്ട ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കുകയും ചെയ്തു.
മികച്ച ഫോമിലുള്ള ബാറ്റിങ്, ബൗളിങ് നിരയാണ് ഇന്ത്യയുടെ കരുത്ത്. ടൂര്‍ണമെന്റില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ദ്ധസെഞ്ചുറിയും നേടിയ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും മിന്നുന്ന ഫോമിലാണ്. ശിഖര്‍ ധവാന്‍ നാല് ഇന്നിങ്‌സുകളില്‍ നിന്ന് 317 റണ്‍സും രോഹിത് ശര്‍മ്മ 304 റണ്‍സും നേടിയിട്ടുണ്ട്. ഇന്നും ഇവര്‍ മികച്ച തുടക്കം നല്‍കുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. ഇവരിലാരെങ്കിലും പുറത്തായാല്‍ ക്രീസിലെത്തുന്നത് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. കളിച്ച നാല് ഇന്നിങ്ങ്‌സുകളില്‍ നിന്ന് 253 റണ്‍സ് നേടിയ കോഹ്‌ലി റണ്‍വേട്ടയില്‍ അഞ്ചാമത്. കൂടാതെ യുവരാജ്‌സിങ്, ധോണി, ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവരും മികച്ച ഫോമിലാണെന്നതും ഇന്ത്യയ്ക്ക് ഏറെ മുന്‍തൂക്കം നല്‍കുന്നു.

ശ്രീലങ്കക്കെതിരായ കളി മാത്രം മാറ്റിനിര്‍ത്തിയാല്‍ ബൗളര്‍മാരും കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് നടത്തിയത്. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ടീമിലെ പ്രധാന പേസര്‍മാര്‍. ആര്‍. അശ്വിന്‍ നയിക്കുന്ന സ്പിന്നില്‍ രവീന്ദ്ര ജഡേജയും പാര്‍ട്ട് ടൈം ബൗളറായ കേദാര്‍ ജാദവും അണിനിരക്കുമെന്നാണ് സൂചന. മറുവശത്ത് പാക്കിസ്ഥാനും മികച്ച ആത്മവിശ്വാസത്തിലാണ്. തങ്ങളുടേതായ ദിനത്തില്‍ ഏത് കരുത്തരെയും കീഴടക്കാനുള്ള കഴിവ് പാക്കിസ്ഥാനുണ്ട്. അതിന് ഉത്തമ ഉദാഹരണമാണ് ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ പോരാട്ടം. എന്നാല്‍ ഒരു മത്സരത്തില്‍ മികവു കാണിച്ചാല്‍ അത് നിലനിര്‍ത്തുന്നതില്‍ ബാറ്റ്‌സ്മാന്മാര്‍ പരാജയപ്പെടുന്നതാണ് അവരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നത്. എങ്കിലും മികച്ച ബാറ്റിങ് നിര അവര്‍ക്കുണ്ട്. അസ്ഹര്‍ അലി, മുഹമ്മദ് ഹഫീസ്, ഷൊഐബ് മാലിക്ക്, സര്‍ഫ്രാസ് അഹമ്മദ്, ബാബര്‍ അസം, എന്നിവരാണ് ബാറ്റിങ്ങ് നിരയിലെ പ്രധാനികള്‍. ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ മത്സരത്തില്‍ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാല്‍ ബൗളിങില്‍ പ്രശ്‌നങ്ങളൊന്നുമില്ല.

എല്ലാവരും മികച്ച പ്രകടനമാണ് നടത്തുന്നത്. ടൂര്‍ണമെന്റില്‍ കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ഹസന്‍ അലിയാണ് അവരുടെ തുറുപ്പുചീട്ട്. നാല് കളികളില്‍ നിന്ന് 10 വിക്കറ്റുകളാണ് ഇതുവരെ വീഴ്ത്തിയത്. കൂടാതെ പരിക്കിന്റെ പിടിയിലായിരുന്ന പേസര്‍ മുഹമ്മദ് ആമിറും ഇന്ന് കളിച്ചേക്കും. ഇവര്‍ക്കൊപ്പം ജുനൈദ് ഖാനും പന്തെറിയാന്‍ എത്തിയേക്കും. സ്പിന്‍ നിയന്ത്രിക്കുന്നത് മുഹമ്മദ് ഹഫീസും ഇമദ് വാസിമും. എന്തായാലും കളി ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാണെന്നതാണ് ഇന്നത്തെ പോരാട്ടത്തിന്റെ ഹൈ ലൈറ്റ്‌സ്.

 

Show More

Related Articles

Close
Close