പുതുവൈപ്പിന്‍കാര്‍ക്ക് നേരെ പൊലീസിന്റെ നരനായാട്ട് വീണ്ടും

എറണാകുളം പുതുവൈപ്പില്‍ ഐഒസിയുടെ എല്‍പിജി പ്ലാന്റിനെതിരെ നടക്കുന്ന സമരം വീണ്ടും ശക്തമാകുന്നു.
സമരക്കാര്‍ക്കു നേരെ പോലീസ് ലാത്തിവീശി.ഇന്ന് സമരത്തിനിറങ്ങിയ സ്ത്രീകളും കുട്ടികളും അടക്കമുളളവര്‍ക്കെതിരെയാണ് പൊലീസ് തേര്‍വാഴ്ച നടത്തിയത്. സമരത്തിനെത്തിയ നിരവധി പ്രദേശവാസികളുടെ തലയ്ക്കു നേരെയായിരുന്നു പൊലീസിന്റെ ലാത്തി പ്രയോഗം. പൊലീസിന്റെ ആക്രമണത്തില്‍ സ്ത്രീകളടക്കമുളളവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുമായി നടത്തിയ ചര്‍ച്ചയില്‍ ലഭിച്ച ഉറപ്പുകള്‍ തൊട്ടടുത്ത ദിവസം തന്നെ ലംഘിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ വീണ്ടും പ്രതിഷേധവുമായി എത്തിയതും സമരം പുനരാരംഭിച്ചതും.

രണ്ടു ദിവസം മുൻപു സമരക്കാർ ഹൈക്കോടതി ജംക്‌ഷനിലേക്കു നടത്തിയ പ്രതിഷേധ പ്രകടനവും പൊലീസുമായുള്ള സംഘർഷത്തിൽ കലാശിച്ചിരുന്നു. മുന്നൂറോളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.

കൊച്ചി മെട്രൊയുടെ ഉദ്ഘാടന ചടങ്ങുകള്‍ക്കായി മുഖ്യമന്ത്രി എത്തുന്നേരം ചര്‍ച്ച നടത്താമെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. സമരസമിതിയും വരാപ്പുഴ അതിരൂപത ആക്ഷന്‍ കൗണ്‍സിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇന്നലെ ചര്‍ച്ച നടന്നിരുന്നില്ല.  ചര്‍ച്ച നടക്കുന്നത് വരെ പുതുവൈപ്പിനില്‍ നിന്നും പൊലീസിനെ പിന്‍വലിക്കുമെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചിരുന്നു. ഇത്തരം ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ജംക്ഷനില്‍ നടന്നിരുന്ന സമരവും പുതവൈപ്പിനിലെ പ്രക്ഷോഭപരിപാടികളും ഇന്നലെ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഇന്നുരാവിലെ മുതല്‍ പുതുവൈപ്പില്‍ ഐഒസി അധികൃതരും തൊഴിലാളികളും എത്തുകയും പൊലീസ് സംരക്ഷണത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതും സമരം ശക്തമാക്കുമെന്ന് അറിയിച്ചതും.

PHOTO COURTESY : MANORAMA ONLINE

 

Show More

Related Articles

Close
Close