ചൈനയെ പൂട്ടാൻ ഇന്ത്യ

ഇന്ത്യന്‍ മഹാസമുദ്രത്തിലെ നാവിക സേനയുടെ സാന്നിധ്യം ഇന്ത്യ നിശബ്ദമായി വര്‍ധിപ്പിക്കുന്നു. ഇന്ത്യയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഇന്ത്യന്‍ ഓഷ്യന്‍ നേവല്‍ സിംപോസിയം (ഐഒഎന്‍എസ്) എന്ന കൂട്ടായ്മ നേരത്തെ രൂപീകരിച്ചിരുന്നു. ഇതിലെ അംഗരാജ്യങ്ങളുടെ സഹകരണത്തില്‍ ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ സൈനികാഭ്യാസം നടത്താനാണ് ഇന്ത്യയുടെ നീക്കം. ഇന്ത്യന്‍ മഹാ സമുദ്രത്തോട് ചേര്‍ന്നുകിടക്കുന്ന 35 രാജ്യങ്ങളാണ് ഈ കൂട്ടായ്മയിലുള്ളത്.

ഭൂട്ടാനിലെ ഡോക്‌ലാമില്‍ ചൈനയുമായുള്ള സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെയാണ് ഇന്ത്യയുടെ പുതിയ നീക്കം. ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയിലാണ് ചെറു രാജ്യങ്ങളിലെ നാവിക ഉദ്യോഗസ്ഥരുടെ പരിശീലനം നടക്കുക. കെനിയ, ഒമാന്‍, ടാന്‍സാനിയ, മലേഷ്യ, തായ്‌ലൻഡ്, വിയറ്റ്‌നാം തുടങ്ങി നിരവധി രാജ്യങ്ങളിലെ നാവികര്‍ പരിശീലനത്തില്‍ പങ്കെടുക്കും. ഐഒഎന്‍എസിലെ ചെറിയ അംഗരാജ്യങ്ങള്‍ക്ക് വിപുലമായ രീതിയിലുള്ള സൈനിക പരിശീലനത്തിനുള്ള അവസരം സംബന്ധ് എന്ന പേരില്‍ ഇന്ത്യ ഒരുക്കുന്നുണ്ട്‌.

ഇന്ത്യന്‍മഹാ സമുദ്രവും പസഫിക് സമുദ്രവും കൂട്ടിമുട്ടുന്ന തന്ത്രപ്രധാനമായ മലാക്ക കടലിടുക്കിലും ഇന്ത്യന്‍ നാവിക സേനയുടെ നിരീക്ഷണം സ്ഥിരമാക്കിയിട്ടുണ്ട്. ഇന്ത്യ, ചൈന, ജപ്പാന്‍, തായ്‌വാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ സമുദ്രാതിര്‍ത്തി പങ്കിടുന്ന മേഖലയാണിത്. ദക്ഷിണേഷ്യയും ഇന്ത്യന്‍ മഹാസമുദ്രവും തമ്മില്‍ കൂടിച്ചേരുന്ന സുന്ദ കടലിടുക്കും ഇന്ത്യയുടെ നിരീക്ഷണത്തിലാണ്.

 

 

Show More

Related Articles

Close
Close