പദ്മനാഭസ്വാമി ക്ഷേത്രം: പുതിയ ഭരണസമിതി വേണം

sree padmanabhaswamy temple

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ തിരുവിതാംകൂര്‍ രാജാവ് ട്രസ്റ്റിയായുള്ള ഭരണസമിതിക്ക് പകരം കോടതിയുടെ മേല്‍നോട്ടത്തില്‍ പുതിയ ഭരണസംവിധാനം രൂപവത്കരിക്കാന്‍ നിര്‍ദേശം.

സുപ്രീംകോടതി ഈ കേസില്‍ തങ്ങളെ സഹായിക്കാനായി നിയോഗിച്ച അഭിഭാഷകന്‍ (അമിക്കസ് ക്യൂറി) ഗോപാല്‍ സുബ്രഹ്മണ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ക്ഷേത്രം സ്വകാര്യ സ്വത്തുപോലെ കൈകാര്യം ചെയ്തൂവെന്നും ധാര്‍മികതയിലും വിശ്വാസത്തിലും അധിഷ്ഠിതമായ കടമകള്‍ ലംഘിക്കപ്പെട്ടൂവെന്നും 575 പേജുള്ള റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

ക്ഷേത്രത്തിലെ കണക്കുകളില്‍ വന്‍തോതില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി കണ്ടെത്തി. മുന്‍ സി.എ.ജി വിനോദ് റായിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 25 കൊല്ലത്തെ കണക്കുകള്‍ പ്രത്യേകം ഓഡിറ്റിങ് നടത്തണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശചെയ്തു. ക്ഷേത്രം ട്രസ്റ്റിന്റെ എല്ലാ സ്വത്തുക്കളും രേഖകളും എത്രയും പെട്ടെന്ന് മുദ്രവെക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

രാജകുടുംബത്തെയും സംസ്ഥാന സര്‍ക്കാറിനെയും റിപ്പോര്‍ട്ട് രൂക്ഷമായി വിമര്‍ശിക്കുന്നു. കണക്കില്‍പ്പെടാത്ത സ്വര്‍ണം ക്ഷേത്രത്തില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണം പൂശുന്ന ഒരു യന്ത്രവും കണ്ടെടുത്തു. ഇത് ഉന്നത ബന്ധമുള്ളവര്‍ സ്വര്‍ണം കടത്തിയെന്ന സംശയത്തിന് ഇടയാക്കുന്നുവെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു.

നിലവിലുള്ള ട്രസ്റ്റികളും കുടുംബാംഗങ്ങളും നേരിട്ടോ പരോക്ഷമായോ ക്ഷേത്രത്തിന്റെ ഭരണത്തില്‍ ഇടപെടുന്നത് തടയണം. നിലവിലുള്ളതുപോലെ ട്രസ്റ്റിയായ രാജാവിന് പ്രാര്‍ത്ഥിക്കാനുള്ള അവകാശംമാത്രമേ ഉണ്ടാകൂ. അദ്ദേഹത്തിന് എന്തെങ്കിലും ശുപാര്‍ശകളുണ്ടെങ്കില്‍ പുതിയ ഭരണസമിതിക്ക് നല്‍കാം.

ട്രസ്റ്റിയായ രാജാവും കുടുംബാംഗങ്ങളും ക്ഷേത്രത്തില്‍ ജോലിചെയ്യുന്നവരെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ തങ്ങളുടെ സാന്നിധ്യം അടിച്ചേല്‍പ്പിക്കുന്നു. ഭക്തരെയും ഭയപ്പെടുത്തുന്നതാണിത്. സ്വകാര്യ സ്വത്താണെന്ന ഈ ഭാവം എക്‌സിക്യൂട്ടീവ് ഓഫീസറിലും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറിലുമുണ്ട്. പദ്മനാഭസ്വാമിയോടുള്ള ബഹുമാനം രാജാവിനോടും ക്ഷേത്രം ഉദ്യോഗസ്ഥരോടുമായി ചുരുക്കപ്പെടുന്നു. ഇത് ശ്രീപ്ദമനാഭസ്വാമിയുടെ അധികാരത്തോടുള്ള വെല്ലുവിളിയാണ്. കൊട്ടാരത്തിന് ഒന്നിലധികം അംഗങ്ങളുണ്ട്. ഒരോരുത്തരും ബാഹ്യമായ കാരണങ്ങള്‍ക്ക് ക്ഷേത്രംജീവനക്കാരെ ദുരുപയോഗപ്പെടുത്തുകയാണ് ചെയ്തതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയ ക്ഷേത്രത്തിലെ ‘എ’, ‘ബി’, ‘സി’, ‘ഡി’, ‘ജി’, ‘എച്ച്’ വരെയുള്ള എല്ലാ കല്ലറകളും മുദ്രവെക്കണമെന്നും അവയുടെ താക്കോല്‍ തിരുവനന്തപുരം ജില്ലാ ജഡ്ജിക്ക് കൈമാറണമെന്നും ശുപാര്‍ശചെയ്തിട്ടുണ്ട്. കല്ലറകള്‍ക്ക് താഴെ ഭൂമിക്കടിയില്‍ എന്തെങ്കിലും ലോഹവസ്തുക്കളുണ്ടോയെന്ന് കണ്ടെത്താന്‍ വി.എസ്.എസ്.സിയുമായി ചേര്‍ന്ന് ചെന്നൈയിലെ നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഗവേഷണം നടത്തണം. ക്ഷേത്രത്തിന്റെ രൂപരേഖയും മാപ്പും നല്‍കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ക്ഷേത്രം അധികൃതര്‍ തയ്യാറാകാത്തതിനാലാണ് ഇത്തരമൊരു നിര്‍ദേശം സമര്‍പ്പിച്ചത്. കല്ലറകള്‍ക്ക് അകത്തും പുറത്തും സി. സി. ടി. വി ക്യാമറ സ്ഥാപിക്കണം.

എല്ലാ മതിലകം രേഖകളും പരിശോധിച്ച് തിരുവനന്തപുരം ജില്ലാ ജഡ്ജിക്ക് കൈമാറേണ്ടതാണ്. ക്ഷേത്രത്തിന്റെ യഥാര്‍ത്ഥചിത്രം മതിലകം രേഖകളില്‍നിന്ന് എടുത്ത് സുപ്രീംകോടതിക്ക് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മുന്‍ട്രസ്റ്റി മാര്‍ത്താണ്ഡ വര്‍മയുടെ നിര്‍ദേശപ്രകാരം എടുത്ത എല്ലാ ഫോട്ടോഗ്രാഫുകളും ഹാജരാക്കാന്‍ തിരുവനന്തപുരത്തെ മഹാരാജാസ് സ്റ്റുഡിയോക്ക് നിര്‍ദേശം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ട്രസ്റ്റിയും എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഭുവനേന്ദ്രന്‍നായരും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജയശേഖരന്‍നായരും അടങ്ങുന്ന ഭരണസംവിധാനത്തിന് പകരം മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സച്ചിദാനന്ദന് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ചുമതല നല്‍കണം. സച്ചിദാനന്ദന് പുറമെ, തന്ത്രിമാരായ സതീശന്‍ നമ്പൂതിരിപ്പാട്, സജി നമ്പൂതിരിപ്പാട്, കുട്ടന്‍ നമ്പൂതിരിപ്പാട് എന്നിവര്‍, ക്ഷേത്രത്തിലെ പ്രധാന നമ്പി, ഗോശാല വാസുദേവന്‍, വി. ജനാര്‍ദനന്‍ പോറ്റി, വിഷ്ണുനാരായണന്‍ നമ്പൂതിരി എന്നിവരടങ്ങുന്ന ഭരണസമിതിക്ക് രൂപം നല്‍കണമെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഭരണസമിതിയുടെ അധ്യക്ഷനായി പ്രത്യക്ഷ നികുതിബോര്‍ഡ് മുന്‍അധ്യക്ഷന്‍ ടി.ടി. രംഗാചാരിയെ നിയമിക്കണം. ഗൗതം പദ്മനാഭനെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസറാക്കണം. അസിസ്റ്റന്റ് ശ്രീകാര്യക്കാരനായ രാജനെ ഭരണസമിതിയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റായി നിയമിക്കണം. ക്ഷേത്ര സുരക്ഷയുടെ ചുമതലയുള്ള അസിസ്റ്റന്റ് കമാന്‍ഡന്റ് രാജനെ ചീഫ് വിജിലന്‍സ് ഓഫീസറാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ക്ഷേത്രത്തിനായി പുനരുദ്ധാരണ സമിതിക്കും ശുപാര്‍ശയുണ്ട്. പ്രൊഫ. എം.ജി. ശശിഭൂഷന്‍, ലക്ഷ്മി ഭായ്, ഡോ. എം. വേലായുധന്‍നായര്‍ എന്നിവര്‍ സമിതിയിലെ അംഗങ്ങളായിരിക്കും. ക്ഷേത്രത്തിലെ വൃത്തിയും പാരമ്പര്യവും പുനഃസ്ഥാപിക്കുന്നതിനും അവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പദ്മനാഭന്‍ വര്‍മയെയും ലക്ഷ്മിഭായിയെയും ചുമതലപ്പെടുത്തണം. പദ്മനാഭന്‍ വര്‍മയുമായും ലക്ഷ്മിഭായിയുമായും ഓഡിറ്റര്‍മാരുമായും ആലോചിച്ച് ജീവനക്കാരുടെ ശമ്പളവുംമറ്റും കൂട്ടാന്‍ ഭരണസമിതി തീരുമാനമെടുക്കണം.
ആഭ്യന്തര ഓഡിറ്ററായി തിരുപ്പൂരിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമായ എന്‍. രാമചന്ദ്രന്‍ ആന്‍ഡ് കമ്പനിയിലെ പാര്‍ട്ണര്‍ ടി.ആര്‍. രാമനാഥനെ നിയമിക്കണം. സ്വര്‍ണമായും വെള്ളിയായും പണമായും ലഭിക്കുന്ന കാണിക്ക വരവുവെക്കുന്നതില്‍ നിലവിലുള്ള ഓഡിറ്റര്‍മാര്‍ പരാജയപ്പെട്ടു. നിരവധി ട്രസ്റ്റുകളും പല ബാങ്കുകളില്‍ അക്കൗണ്ടുകളും തുടങ്ങിയത് വിശ്വാസലംഘനമാണ്. കാണിക്കമുറിയിലെ ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തത് സുതാര്യതയെക്കുറിച്ചുള്ള ചോദ്യമുയര്‍ത്തുന്നു എന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close