സോളാര്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം നവംബര്‍ ഒന്‍പതിന്

സോളാര്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ മന്ത്രിസഭയോഗത്തില്‍ തീരുമാനം. അടുത്ത മാസം ഒന്‍പതിനാണ് പ്രത്യേക നിയമസഭ സമ്മേളനം. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും നടപടി റിപ്പോര്‍ട്ടും മുഖ്യമന്ത്രി നിയമസഭയില്‍ വെക്കും. ഒറ്റ ദിവസത്തേക്കാണ് നിയമസഭ ചേരുന്നതെന്നാണ് സൂചന.

സോളാര്‍ റിപ്പോര്‍ട്ട് പുറത്തിറക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചു കളിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനു ഇതോടെ അവസാനമാകും. നേരത്തെ നിരവധി തവണ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തിറക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. ആരോപണ വിധേയര്‍ക്ക് റിപ്പോര്‍ട്ട് നല്‍കേണ്ട ആവശ്യമില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിലപാട്.

നിയമസഭ ചേരാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. അതേസമയം, സോളാര്‍  കേസില്‍ സരിത എസ് നായര്‍ മുഖ്യമന്ത്രിക്കു വീണ്ടും പരാതി നല്‍കി. കേസുമായി ബന്ധപ്പെട്ട് നേരത്തെ നല്‍കിയ പരാതിയില്‍ പോലീസ് നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപമുന്നയിച്ചാണ് വീണ്ടും പരാതി നല്‍കിയത്. പരാതികള്‍ വേണ്ട രീതിയില്‍ അന്വേഷിച്ചില്ല. കേസില്‍ പ്രതിയാക്കാന്‍ ശ്രമിക്കുന്നുവെന്നും സരിത  വ്യക്തമാക്കി. അന്വേഷണം നടത്തുന്നതിനായി സരിതയുടെ പരാതി മുഖ്യമന്ത്രി ഡിജിപിക്കു ലോക്‌നാഥ് ബെഹറയ്ക്കു കൈമാറി. മുന്‍സര്‍ക്കാരിന്റെ ഭാഗമായവര്‍ കേസിലുള്‍പ്പെട്ടതിനാല്‍ പരാതി അട്ടിമറിക്കപ്പെട്ടുവെന്നും തനിക്കു നീതി ലഭിച്ചിട്ടില്ലെന്നും സരിതയുടെ  പരാതിയിലുണ്ട്.

Show More

Related Articles

Close
Close