അന്ത്യം അടുത്തുവരുന്ന പാര്‍ട്ടികളുടെ വെന്റിലേറ്ററായി പ്രവര്‍ത്തിക്കേണ്ട ആവശ്യം എല്‍ഡിഎഫിനില്ലെന്ന് കാനം രാജേന്ദ്രന്‍.

കോഴിക്കോട്: അന്ത്യം അടുത്തുവരുന്ന പാര്‍ട്ടികളുടെ വെന്റിലേറ്ററായി പ്രവര്‍ത്തിക്കേണ്ട ആവശ്യം എല്‍ഡിഎഫിനില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കെ.എം.മാണിയുടെ മുന്നണി പ്രവേശനമടക്കമുള്ള കാര്യങ്ങളിലാണ് സിപിഐ നിലപാട് കടുപ്പിച്ചിരിക്കുന്നത്. പാര്‍ട്ടി കോഴിക്കോട് ജില്ലാ സമ്മേളനത്തിലാണ് കാനം മാണിയെ വിമര്‍ശിച്ചത്. ഇടതു മുന്നണിയുടെ അടിത്തറ വികസിപ്പിക്കുന്നതിനെയോ മുന്നണിയുടെ സ്വാധീനം വര്‍ധിപ്പിക്കുന്നതിനെയോ സിപിഐ ചോദ്യം ചെയ്യുന്നില്ല. മുന്നണി വിട്ടു പോയ കക്ഷികള്‍ തിരിച്ചു വരണമെന്ന് ആദ്യം പറഞ്ഞതു സിപിഐയാണ്. ആ തരത്തിലുള്ള പാര്‍ട്ടികള്‍ മുന്നണിയിലേക്കു വരുന്നതിനെ സ്വാഗതം ചെയ്യുന്നു. എല്‍ഡിഎഫ് ഒരാളെയും മുന്നണിയില്‍ എടുക്കുന്ന കാര്യം ആലോചിച്ചിട്ടില്ല. അങ്ങനെയുള്ള പ്രചാരണം ശരിയല്ല. മുന്നണിക്കു വ്യക്തമായ ഭൂരിപക്ഷമുണ്ട്. അപകടാവസ്ഥയുണ്ടെങ്കിലല്ലേ പുറത്തു നിന്ന് ആളെ വിളിക്കേണ്ട കാര്യമുള്ളുവെന്നും കേരള കോണ്‍ഗ്രസ് എമ്മിന്റെ പേരു പറയാതെ കാനം പറഞ്ഞു.

മുന്നണി രൂപീകരിക്കുന്നത് പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ്. യോജിക്കാന്‍ കഴിയുന്ന പാര്‍ട്ടികളാണ് മുന്നണിയില്‍ ഉണ്ടാവുക. പൊതുനയത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നണിയിലേക്ക് ആളെ എടുക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. അഭിപ്രായ ഐക്യം ഇല്ലാതെ പാര്‍ട്ടികളെ എടുക്കാന്‍ മുന്നണിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയല്ല എന്നാണ് അതിന്റെ അര്‍ഥം. അഭിപ്രായ വ്യത്യാസം തുറന്നു പറയുന്നതു സിപിഐയുടെ ശീലമാണ്. സിപിഐഎം ദുര്‍ബലമായിട്ട് എല്‍ഡിഎഫിനെ ശക്തിപ്പെടുത്താമെന്നു സിപിഐയോ സിപിഐ ദുര്‍ബലമായിട്ട് എല്‍ഡിഎഫിനെ ശക്തിപ്പെടുത്താമെന്നു സിപിഎമ്മോ ചിന്തിക്കില്ലെന്നും കാനം പറഞ്ഞു.

യുപിഎ-എന്‍ഡിഎ മുന്നണികളെ എതിര്‍ക്കണമെന്നു പറഞ്ഞിരുന്നെങ്കിലും വര്‍ത്തമാന രാഷ്ട്രീയത്തില്‍ ബിജെപിയെയും ആര്‍എസ്എസിനെയും തോല്‍പ്പിക്കുകയാണ് അടിയന്തര ആവശ്യമെന്നും കാനം വ്യക്തമാക്കി.

Show More

Related Articles

Close
Close