സ്ഥാനാർത്ഥികളെ കണ്ടെത്താൻ കഴിയാതെ ചെങ്ങന്നൂർ.

  • ചെങ്ങന്നൂര്‍ : ചെങ്ങന്നൂരിൽ വീണ്ടും തിരഞ്ഞെടുപ്പിന് കേളികൊട്ടുയരുമ്പോൾ സ്ഥാനാർത്ഥി നിർണ്ണയം എങ്ങുമെത്തിയില്ല. ഇരു മുന്നണികളും ഇക്കാര്യത്തിൽ ഒരുപോലെ വിഷമവൃത്തത്തിലാണ്. അനുയോജ്യരായ സ്ഥാനാർത്ഥികളെ കണ്ടെത്താൻ കഴിയാത്തതാണ് പ്രശ്‌നം.

യു.ഡി.എഫിന്റെ കോട്ടയെന്ന് വിശേഷിപ്പിച്ചു വന്ന ചെങ്ങന്നൂരിൽ നീണ്ട കാലയളവിന് ശേഷം ചെങ്കൊടി പാറിക്കാൻ കഴിഞ്ഞ സി.പി.എം കയ്യിൽ കിട്ടിയ സീറ്റ് നിലനിർത്താനുള്ള തീവ്രശ്രമത്തിൽ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു കഴിഞ്ഞു.

സിനിമാ നടി മഞ്ജു വാര്യരെ സ്ഥാനാർത്ഥിയാക്കാൻ ശ്രമം നടക്കുന്നതായി അഭ്യൂഹങ്ങൾ പരന്നെങ്കിലും തുടക്കത്തിൽ മൗനം പാലിച്ച പാർട്ടി പിന്നീട് പ്രതികരിച്ചു. മഞ്ജു വാര്യരെ സ്ഥാനാർത്ഥിയാക്കില്ലെന്നു ജില്ലാ സെക്രട്ടറി സജി ചെറിയാൻ തന്നെ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് ഗോദായാലിറങ്ങാൻ മഞ്ജു വാര്യർക്ക് താത്പര്യമില്ലാത്തതാണ് പാർട്ടിയുടെ രഹസ്യ നീക്കത്തിന് തിരിച്ചടിയായതെന്ന് സൂചനയുണ്ട്. സജി ചെറിയാൻ. ബുധനൂർ ഗ്രാമപ്പഞ്ചായാത്ത് പ്രസിഡന്റ് അഡ്വ.പി.വിശ്വംഭരപ്പണിക്കർ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.

യു.ഡി.എഫിൽ പ്രഖ്യാപനമൊന്നും വന്നില്ലെങ്കിലും മുൻ എം.എൽ.എ പി.സി. വിഷ്ണുനാഥ് കളത്തിലിറങ്ങി കഴിഞ്ഞു. കളം ഒരുക്കുന്നതിന് അദ്ദേഹം അങ്ങിങ്ങ് യോഗങ്ങളിൽ പങ്കെടുത്തു. അഡ്വ.എബി കുര്യാക്കോസ്, അഡ്വ.ഡി.വിജയകുമാറിന്റെ മകൾ ജ്യോതി വിജയകുമാർ എന്നിവരും പരിഗണനയിലുണ്ട്.

സ്ഥാനാർത്ഥി നിർണ്ണയത്തിന് മുമ്പേ വിഷ്ണുനാഥ് നടത്തിയ രംഗപ്രവേശം ഗ്രൂപ്പ് വൈരത്തിന് മൂർച്ച കൂട്ടിയിട്ടുണ്ട്.

ഇതിനിടെ ബിജെപിയിൽ സ്ഥാനാർത്ഥി നിർണ്ണയം പുരോഗമിക്കുകയാണ്. കൃത്യമായ സമയത്ത് സ്ഥാനാർത്ഥി നിർണ്ണയം ഉണ്ടാകുമെന്നു  ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള റിക്കാർഡ് വോട്ടുകൾ നേടിയിരുന്നു.

എം.എൽ.എ ആയിരുന്ന അഡ്വ.കെ.കെ.രാമചന്ദ്രൻ നായർ അന്തരിച്ച ഒഴിവിലാണ് ഇവിടം വീണ്ടും തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്.

Show More

Related Articles

Close
Close