ചെങ്ങന്നൂർ തിരഞ്ഞെടുപ്പ്: കോൺഗ്രസ്സിനുള്ളിൽ ഗ്രൂപ്പ് വൈരത്തിന്റെ കലാപക്കൊടി

തിരഞ്ഞെടുപ്പിന് വേദി ഒരുങ്ങിയ ചെങ്ങന്നൂരിലെ കോൺഗ്രസ്സിനുള്ളിൽ ഗ്രൂപ്പ് വൈരത്തിന്റെ കലാപക്കൊടി ഉയരുന്നു. മുൻ എം.എൽ..എ പി.സി.വിഷ്ണുനാഥിന്റെ സ്ഥാനാർത്ഥിത്വത്തിന്റെ സാധ്യതകൾ മുന്നിൽക്കണ്ട് പ്രാദേശിക വാദവുമായാണ് ഇവർ രംഗത്തെത്തിയിരിക്കുന്നത്. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ‘വരത്തന്മാരെ വേണ്ടേ വേണ്ട’ എന്ന് കാണിച്ച് പോസ്റ്ററുകൾ നിരന്നു.
നേരം ഇരുണ്ട് പുലരുമ്പോൾ ഇത്തരം പോസ്റ്ററുകൾ പല ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത് കോൺഗ്രസ്സ് നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. മാന്നാർ,ചെങ്ങന്നൂർ ഭാഗങ്ങളിൽ പതിച്ചിരുന്ന പോസ്റ്ററുകൾ പിന്നീട് കോൺഗ്രസ്സുകാർ തന്നെ കീറിക്കളഞ്ഞു. ഇതേ ചൊല്ലി കയ്യാങ്കളിയും നടന്നു. മുതിർന്ന നേതാക്കൾ ഇടപെട്ടാണ് രംഗം തണുപ്പിച്ചത്.
ചെങ്ങന്നൂരിൽ പ്രദേശവാസികളായ തലമുതിർന്ന നേതാക്കൾക്ക് സ്ഥാനാർത്ഥിത്വം ലഭിക്കുന്നില്ലെന്നത് എക്കാലത്തെയും പരാതിയാണ്. ഒന്നുകിൽ പുറത്തു നിന്നുള്ളവരെ സ്ഥാനാർത്ഥിയാക്കും. ഇല്ലെങ്കിൽ പ്രവർത്തന പാരമ്പര്യമില്ലാത്തവരെ ഇറക്കുമതി ചെയ്യുമെന്നാണ് ഇവരുടെ ആക്ഷേപം. എല്ലാ തിരഞ്ഞെടുപ്പു കാലത്തും ഇത്തരം തർക്കങ്ങൾ പതിവായിരിക്കും. പക്ഷേ നേതൃത്വം മുഖവിലയ്‌ക്കെടുക്കാറില്ല. തിരഞ്ഞെടുപ്പ് കൺവെൻഷൻ കഴിയുമ്പോൾ എല്ലാ അപസ്വരങ്ങളും മറന്ന് പ്രവർത്തകർ സജീവമാകുകയാണ് പതിവ്.
തിരഞ്ഞെടുപ്പ് ഉറപ്പായപ്പോള്‍ , സ്ഥാനാർത്ഥി പ്രഖ്യാപനം വരുംമുമ്പേ പി.സി.വിഷ്ണുനാഥ് കളത്തിൽ സജീവമായതാണ് ഇക്കുറി നേതാക്കളെ ചൊടിപ്പിച്ചത്. അദ്ദേഹം മണ്ഡലത്തിൽ വിശ്വസ്തരുടെ യോഗങ്ങൾ വിളിച്ചു ചേർത്തതിനെ മറു വിഭാഗം ഗ്രൂപ്പ് യോഗങ്ങളായാണ് വിശേഷിപ്പിക്കുന്നത്.
വിഷ്ണുനാഥിന് പുറമെ കെ.എൻ.വിശ്വനാഥൻ, അഡ്വ.എബി കുര്യാക്കോസ്, അഡ്വ.ഡി.വിജയകുമാർ തുടങ്ങിയവർ സ്ഥാനാർത്ഥിത്വ പട്ടികയിൽ പരിഗണിക്കപ്പെടുന്നവരാണ്. അഡ്വ.ഡി.വിജയകുമാറിന്റെ മകൾ ജ്യോതി വിജയകുമാറും പരിഗണിക്കപ്പെടുന്നുവെന്ന പ്രത്യേകയുമുണ്ട്.
എറെ കൂട്ടിക്കിഴിക്കലുകൾ നടത്തിയാണ് എല്ലാ മുന്നണിയുടെയും സ്ഥാനാർത്ഥി നിർണ്ണയം. എല്ലാവർക്കും ഇത് അഭിമാന പോരാട്ടമാണ്. കൈവിട്ടു പോയ കോട്ട ഉറപ്പിക്കലാണ് യു.ഡി.എഫിന്റെ ദൗത്യം. കയ്യിലെത്തിയ സീറ്റ് കാത്ത് സൂക്ഷിക്കാൻ എൽ.ഡി.എഫ് കച്ച മുറുക്കുന്നു. അഡ്വ. പി.എസ്.ശ്രീധരൻ പിള്ളയിലൂടെ കൈവരിച്ച കുതിച്ചു ചാട്ടം വിജയമാക്കാനുള്ള തന്ത്രങ്ങളുടെ പണിപ്പുരയിലാണ് ബി.ജെ.പി.
Show More

Related Articles

Close
Close