വജ്രവ്യാപാരി നീരവ് മോദിയുടെ സ്ഥാപനങ്ങളിലും വീട്ടിലും ഉള്‍പ്പെടെ തിരച്ചില്‍

പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് 11,346 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍  വജ്രവ്യാപാരി നീരവ് മോദിയുടെ സ്ഥാപനങ്ങളിലും വീട്ടിലും ഉള്‍പ്പെടെ തിരച്ചില്‍ ശക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും സിബിഐയും. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നീരവ് മോദിയുടെ വിവിധ സ്ഥാപനങ്ങളില്‍ പരിശോധന തുടരുകയാണ്. സ്വര്‍ണവും വജ്രവും ആഭരണങ്ങളും ഉള്‍പ്പെടെ 5100 കോടിയുടെ സ്വത്ത് ഇതുവരെ പിടിച്ചെടുത്തു. 4000 കോടി രൂപയുടെ ബാങ്ക് നിക്ഷേപം മരവിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

നീരവ് മോദി, ഗീതാഞ്ജലി കലക്ഷന്‍സുമായി ബന്ധപ്പെട്ട 12 ഇടങ്ങളിലായിരുന്നു പരിശോധന. ഗുജറാത്തിലെ സൂറത്തിലും പരിശോധന നടന്നു. മുംബൈയിലെയും ഡല്‍ഹിയിലെയും നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള ഷോറൂമുകളിലും തിരച്ചില്‍ തുടരുകയാണ്. മുംബൈയിലെ ആറു സ്ഥാപനങ്ങള്‍ പൂട്ടി മുദ്ര വച്ചു. മുംബൈ കുര്‍ളയിലെ വീട്ടിലും തിരച്ചില്‍ നടന്നു. വര്‍ളിയിലുള്ള നീരവിന്റെ ഭാര്യ ആമിയുടെ വീട് പരിശോധിച്ച സിബിഐ നേരത്തേ അതു പൂട്ടി മുദ്രവച്ചിരുന്നു. ഇറക്കുമതിയുടെ വിവരങ്ങളടങ്ങിയ ബില്ലും മറ്റുമായി നൂറോളം രേഖകളും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. നീരവിന്റെ സ്വത്തുവകകളും പാസ്‌പോര്‍ട്ടും കണ്ടുകെട്ടുമെന്ന് നേരത്തേ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള നീരവിന്റെ ചിത്രം പുറത്തുവന്നതിനെത്തുടര്‍ന്നു വിശദീകരണവുമായും കേന്ദ്രം രംഗത്തെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും നീരവ് മോദിയുമൊത്തുള്ള ചിത്രങ്ങള്‍ കൈവശമുണ്ടെന്നാണ് അവകാശവാദം. ദാവോസില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക സംഘത്തില്‍ നീരവ് ഉണ്ടായിരുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

Show More

Related Articles

Close
Close