28 വര്‍ഷത്തിന് ശേഷം അള്‍ജീരിയക്ക് ലോകകപ്പ് ഗോള്‍

first goal

നാലാം ലോകകപ്പാണ് അള്‍ജീരിയക്കിത്. ആദ്യ മത്സരത്തിന് ടീമിറങ്ങിയപ്പോള്‍ അള്‍ജീരിയക്കാര്‍ അത് ആഘോഷമാക്കി. കഴിഞ്ഞ ലോകകപ്പില്‍ അള്‍ജീരിയ ഉണ്ടായിരുന്നു. പക്ഷെ ഒരൊറ്റഗോള്‍ പോലും ആഘോഷിക്കാന്‍ അവസരമുണ്ടാക്കാതെ ടീം ആദ്യ റൗണ്ടില്‍ പുറത്തായി. അതിനുമാറ്റമുണ്ടാകാന്‍ പ്രാര്‍ഥിച്ച ആരാധകരെ ആഹ്ലാദത്തിലാക്കി ഇരുപത്തിനാലാം മിനുട്ടില്‍ അള്‍ജീരിയയുടെ ലോകകപ്പ് ഗോള്‍ പിറന്നു. ഇരുപത്തിയെട്ട് വര്‍ഷത്തിനുശേഷം. വലന്‍സിയ താരമായ സോഫിയാനെ ഫെഗൂലിയുടെ പെനാല്‍റ്റി ഗോള്‍ ഗ്യാലറി പ്രാര്‍ഥനാ ഭരിതമായ നിമിഷം. 1986 ജൂണ്‍ മൂന്നിന് മെക്സിക്കോ ലോകകപ്പില്‍ വടക്കന്‍ അയര്‍ലാന്റിനെതിരെ സിദാനെ നേടിയ സമനില ഗോളിനുശേഷം ലോകകപ്പില്‍ അള്‍ജീരിയയുടെ ആദ്യ ഗോള്‍.

ചില്ലറക്കാരല്ല ഈ അള്‍ജീരിയ. 1982ല്‍ ആദ്യ ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ സാക്ഷാല്‍ പശ്ചിമ ജര്‍മനിയെ 2-1 ന് അട്ടിമറിച്ചവര്‍. ചിലിയെ 3-2ന് തോല്‍പിച്ചവര്‍. ആ പാരമ്പര്യത്തിന്റെ പട്ടികയില്‍ നിന്നുകൊണ്ടാണ് ഹസാര്‍ഡും കൊംപാനിയും ലുക്കാക്കുവുമൊക്കെയുള്ള ബല്‍ജിയത്തെ എഴുപത് മിനുട്ടോളം ഫെഗൂലിയുടെ ഗോളില്‍ അള്‍ജീരിയ വിറപ്പിച്ചത്. 1982 ല്‍ ചിലിക്കെതിരെ ഇരട്ട ഗോള്‍ നേടിയ അസ്സദിന്റെയും ബെന്‍സൗലയുടെയും ,ജര്‍മനിക്കെതിരെ ഗോള്‍ നേടിയ മജ്ദേറിന്റെയും ബല്ലൂമിയുടെയും 86ല്‍ ഗോള്‍ നേടിയ സിദാനെയുടെയും ഹീറോയിസത്തിന്റെ പട്ടികയിലാണ് ഇനി സോഫിയാനി ഫെഗൂലി. ഇനി രാജ്യം കാത്തിരിക്കുന്നത് ടീം ആദ്യമായി ലോകകപ്പിന്റെ രണ്ടാം റൗണ്ടിലെത്തുന്ന നിമിഷത്തിനായാണ്.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close