325-126:മോദിയുടെ രാജകീയ വിജയം

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ടി ഡി പി കൊണ്ടുവന്ന അവിശ്വസ പ്രമേയം വോടെടുപ്പിനിട്ട് തളളി. 325 പേര്‍ അവിശ്വാസ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ 126 പേര്‍ അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. പ്രതീക്ഷിച്ചതിലധികം പിന്തുണ മോദി സര്‍ക്കാര്‍ നേടി. പ്രതിപക്ഷത്തിന് വോട്ട് തിരിച്ചടിയായി, 154 വോട്ട് പ്രതീക്ഷിച്ചിടത്ത് കിട്ടിയത് 126 എണ്ണം മാത്രമാണ്.

എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മോദി ട്വീറ്റ് ചെയ്തു. ലോക്‌സഭയുടെ മാത്രമല്ല 125 കോടി ജനങ്ങളുടെ വിശ്വാസമാണ് എന്‍ഡിഎ നേടിയത്. പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ട്, മാറ്റത്തിനായുള്ള ശ്രമം തുടരുമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

അവിശ്വാസപ്രമേയം തള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ മറുപടി പ്രസംഗത്തില്‍ ആഹ്വാനം ചെയ്തിരുന്നു. വികസനവിരുദ്ധരെ തിരിച്ചറിയാനുള്ള അവസരമാണ് ഈ അവിശ്വാസപ്രമേയം തനിക്ക് നല്‍കിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റേത് നിഷേധാത്മക രാഷ്ട്രീയമാണെന്നും തന്നെ അധികാരത്തില്‍ നിന്നും മാറ്റാമെന്നുള്ളത് ചിലരുടെ ധാര്‍ഷ്ട്യം മാത്രമാണെന്നും പ്രധാനമന്ത്രി ആഞ്ഞടിച്ചു.

ജനമാണ് പ്രധാനമന്ത്രിയെ തീരുമാനിക്കുന്നത്. 2019ല്‍ പ്രധാനമന്ത്രിയാകാന്‍ ചിലര്‍ കുപ്പായം തയ്ച്ചുവെച്ചിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധിക്ക് നേരെ ഒളിയമ്പ് എയ്തത്തോടെ പ്രതിപക്ഷം ബഹളം തുടങ്ങി. മോദിയുടെ പൊളളത്തരം തുറന്നുകാട്ടാനായെന്ന് മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞു.

രാഹുലിന്റെ കണ്ണില്‍ നോക്കാന്‍ എനിക്ക് കഴിവില്ല. കാരണം ഞാന്‍ രാഹുലിനേക്കാള്‍ താഴ്ന്നവനാണ്. നിങ്ങളുടെ കണ്ണില്‍ നോക്കാന്‍ എനിക്ക് ശക്തിയുണ്ട് ചിലരുടെ കണ്ണുകൊണ്ടുള്ള കളി കണ്ടു, എന്ന് രാഹുലിന്റെ കണ്ണിറുക്കലിനെയും മോദി പരിഹസിച്ചു. 2024ലെങ്കിലും കോണ്‍ഗ്രസിന് അവിശ്വാസപ്രമേയം കൊണ്ടുവരാനാകട്ടെ. ബിജെപി ഭരണം തുടരുമെന്ന് മോദി മറുപടിയായി പറഞ്ഞു.

ഒരു കുടുംബത്തെ മാത്രം തുണച്ചതിന് കോണ്‍ഗ്രസിനെ രാജ്യം ശിക്ഷിച്ചു. പ്രണബിനോട് നെഹ്‌റു കുടുംബം കാണിച്ചത് അനീതിയാണ്. ദേവഗൌഡയോടും, സര്‍ദാര്‍ വല്ലഭായി പട്ടേലിനോടും, പോലെ കണ്ണില്‍ നോക്കി സംസാരിക്കാന്‍ തയ്യാറായ ,പലെരെയും കോണ്‍ഗ്രസ്‌ എത്തരത്തില്‍ ആണ് കൈകാര്യം ചെയ്തത്. ആന്ധ്രയെ വിഭജിച്ചത് രാഷ്ട്രീയനേട്ടത്തിനായി. തെലുങ്കാനയും ആന്ധ്രയും കോണ്‍ഗ്രസിനെ പുറത്താക്കി. വോട്ടിന് പണം നല്‍കിയ ചരിത്രമാണ് കോണ്‍ഗ്രസിന്റേത്. ടി.ഡി.പി രാഷ്ട്രീയം കളിക്കുകയാണ്. ആന്ധ്രയുടെ ദുര്‍ഗതിക്ക് കാരണം കോണ്‍ഗ്രസാണ്. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ വലയില്‍ ടിഡിപി വീണു. പ്രത്യേകപാക്കേജ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതാണെന്നും മോദി തുറന്നടിച്ചു.

രാഹുലിനെതിരെയുള്ള ഒളിയമ്പുകള്‍ ഒരുക്കിവച്ചായിരുന്നു മോദിയുടെ പ്രസംഗം. ചര്‍ച്ചകളിവിടെ നടക്കുമ്പോള്‍ ഒരാള്‍ എന്നോട് വന്ന് ”ഉഠോ? ഉഠോ?” എന്ന് പറഞ്ഞു. ഇവിടെ ചര്‍ച്ചകളൊന്നും കഴിഞ്ഞിരുന്നില്ല. ആര്‍ക്കാണിവിടെ അധികാരത്തിലേക്ക് എത്താന്‍ ഇത്ര തിടുക്കം. ജനങ്ങളാണ് പ്രധാനമന്ത്രിയെ തീരുമാനിച്ചത്. അവര്‍ തീരുമാനിക്കും എപ്പോള്‍ മാറണമെന്ന്. ഒരു വാഗ്‌വാദത്തിന് കൃത്യമായ തയാറെടുപ്പുകളില്ലാതെ നിങ്ങളെന്തിനാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. അത് തള്ളികളയേണ്ടതാണ്. സര്‍ക്കാരിനെ താഴെയിറക്കാന്‍ എന്തിനാണിത്ര തിടുക്കം. ഇവിടെ ആകാശം ഇടിഞ്ഞുവീണോ? അതോ ഭൂകമ്പമുണ്ടായോ? നാലുവര്‍ഷം ചെയ്ത വികസനത്തിന്റെ പേരിലാണ് സഭയില്‍ നില്‍ക്കുന്നതെന്നും മോദി മറുപടി പ്രസംഗത്തില്‍ പരിഹാസരൂപത്തില്‍ പറഞ്ഞു.

അവിശ്വാസവുമായി വരുന്നവര്‍ക്ക് ഒപ്പമുള്ളവരില്‍ വിശ്വാസമുണ്ടാവണം. റാഫേല്‍ ഇടപാടില്‍ ചിലര്‍ നുണ പറയുന്നു. അറിയാത്തതിനെക്കുറിച്ച് തെറ്റായി പറയുന്നത് അവരുടെ ശീലം. സൈന്യത്തിന്റെ മിന്നലാക്രമണം തട്ടിപ്പെന്ന് പ്രചരിപ്പിച്ചു. എന്നെ പരിഹസിച്ചോളൂ, സൈനികരെ വേണ്ട. തന്നെ അധികാരത്തില്‍ നിന്ന് മാറ്റാന്‍ ശ്രമം നടക്കുന്നു. ജനം വിചാരിക്കാതെ മാറ്റാനാകില്ല. നാലുവര്‍ഷം ചെയ്ത വികസനത്തിന്റെ പേരിലാണ് സഭയില്‍ നില്‍ക്കുന്നതെന്നും മോദി പറഞ്ഞു. എല്ലാവര്‍ക്കുമൊപ്പം, വികസനത്തിനൊപ്പം എന്നുള്ളതാണ് ബിജെപി സര്‍ക്കാരിന്റെ മുദ്രാവാക്യമെന്ന് പ്രധാനമന്ത്രി പറഞ്ഞതോടെ ഞങ്ങള്‍ക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം ഉച്ചത്തിലാക്കി. പ്രധാനമന്ത്രിക്ക് അടുത്തേക്ക് നീങ്ങിയ ടി.ഡി.പി അംഗങ്ങളെ ബി.ജെ.പി അംഗങ്ങള്‍ തടഞ്ഞു. സഭയ്ക്കുളളില്‍ അംഗങ്ങള്‍ തമ്മില്‍ ഉന്തും തളളുമുണ്ടായി. പ്രധാനമന്ത്രിയുടെ പ്രസംഗം അല്‍പസമയം തടസപ്പെട്ടു

Show More

Related Articles

Close
Close