മലേഷ്യന്‍ വിമാന ദുരന്തം; മരിച്ചവരില്‍ 154 പേരും ഡച്ചുകാര്‍

malaysian plane accident in ukrane

ആംസ്റ്റര്‍ഡാമില്‍ നിന്ന് കൊലാലംപുരിലേക്ക് പോവുകയായിരുന്ന മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ യാത്രാവിമാനം തകര്‍ന്ന് വീണ് മരിച്ചവരില്‍ 154 പേരും ഡച്ചുകാരാണെന്ന് സ്ഥിരീകരിച്ചു. അപകടത്തില്‍ 15 ജോലിക്കാര്‍ ഉള്‍പ്പടെ വിമാനത്തിലുണ്ടായിരുന്ന 295 പേരും മരിച്ചു. ഹോളണ്ടുകാര്‍ക്ക് പുറമെ 27 ഓസ്‌ട്രേലിയക്കാരും 23 മലേഷ്യക്കാരും 11 ഇന്തോനേഷ്യക്കാരും ആറ് ബ്രിട്ടീഷുകാരും നാല് ജര്‍മ്മന്‍കാരും, നാല് ബെല്‍ജിയംകാരും മൂന്നു ഫിലിപ്പീന്‍സുകാരും ഒരു കനേഡിയന്‍ പൗരനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ദുരന്തത്തില്‍ പെട്ട് മരണമടഞ്ഞ മറ്റ് 47 പേര്‍ ഏത് രാജ്യക്കാരാണെന്ന് ഇതുവരെയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

യുക്രെയ്ന്‍ സേനയും വിഘടനവാദികളായ റഷ്യന്‍ അനുകൂല വിമതരും തമ്മില്‍ പോരാട്ടം നടക്കുന്ന കിഴക്കന്‍ യുക്രെയ്നു മീതെ 280 യാത്രക്കാരും 15 ജീവനക്കാരുമായി പറക്കുകയായിരുന്ന മലേഷ്യന്‍ യാത്രാവിമാനം മിസൈലേറ്റ് തകര്‍ന്നു.വിമാനത്തിലുണ്ടായിരുന്നവര്‍ മുഴുവന്‍ കൊല്ലപ്പെട്ടതായാണു വിവരം. കരയില്‍നിന്ന് ആകാശത്തേക്കു വിക്ഷേപിക്കാവുന്ന ബുക് മിസൈല്‍ പ്രയോഗിച്ചു രണ്ട് റഷ്യന്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിമതരാണു വിമാനം തകര്‍ത്തതെന്നു യുക്രെയ്ന്‍ സര്‍ക്കാര്‍ വക്താവ് ആരോപിച്ചു.

ഹോളണ്ട് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നിന്നു മലേഷ്യന്‍ തലസ്ഥാനമായ ക്വാലലംപൂരിലേക്കു പുറപ്പെട്ട ബോയിങ് 777 വിമാനം യുക്രെയ്നില്‍ കലാപം നടക്കുന്ന ഡൊനെറ്റ്സ്ക് മേഖലയിലെ ഷക്ടര്‍സ്ക് പട്ടണത്തിനടുത്താണു വീണത്. റഷ്യന്‍ അതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന ഇവിടെ പതിനായിരം മീറ്റര്‍ ഉയരത്തില്‍ പറക്കുകയായിരുന്ന വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.

റഷ്യന്‍ അനുകൂലികളായ കലാപകാരികളുടെ നിയന്ത്രണത്തിലുള്ളതാണ് ഇൌ പ്രദേശം. വിമാനാവശിഷ്ടങ്ങളും മൃതശരീരങ്ങളും കിലോമീറ്ററുകളോളം ചിതറിക്കിടക്കുകയാണ്. റഷ്യന്‍ വ്യോമാതിര്‍ത്തിക്ക് 50 കിലോമീറ്റര്‍ അടുത്തെത്തിയപ്പോഴാണു വിമാനത്തിനു മിസൈല്‍ ഏറ്റതെന്നു റിപ്പോര്‍ട്ടുണ്ട്.

വാഹനത്തില്‍ കൊണ്ടുപോകാവുന്ന വിക്ഷേപിണിയില്‍ നിന്നാണു മിസൈല്‍ പ്രയോഗിച്ചതെന്നാണു സൂചന. എസ്എ-17 ഗ്രിസ്ലി എന്നറിയപ്പെടുന്ന വിമാനവേധ മിസൈല്‍ സംവിധാനമാണു ബുക്. പറന്നുകൊണ്ടിരിക്കുന്ന വിമാനത്തെ പിന്തുടര്‍ന്നു തകര്‍ക്കാന്‍ കഴിയുന്ന ഈ മിസൈലിന് ഒരേസമയം വിവിധ ദിശകളിലായി ആറു ലക്ഷ്യങ്ങളില്‍ ആക്രമണം നടത്താന്‍ കഴിയും. ആംസ്റ്റര്‍ഡാമില്‍നിന്നു ക്വാലലംപൂരിലേക്കു പോകുന്നതു റഷ്യയുടെയും യുക്രെയ്ന്റെയും വ്യോമമേഖലയിലൂടെയാണ്. ആംസ്റ്റര്‍ഡാമില്‍ നിന്നു 12.14നു പുറപ്പെട്ട വിമാനം ക്വാലലംപൂരില്‍ 6.10ന് എത്തേണ്ടതായിരുന്നു.

നാലുമാസത്തെ ഇടവേളയില്‍ മലേഷ്യന്‍ യാത്രാവിമാനം വന്‍ദുരന്തത്തിന് ഇടയാകുന്നത് ഇതു രണ്ടാം തവണയാണ്. ക്വാലലംപൂരില്‍നിന്നു ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിലേക്കു കഴിഞ്ഞ മാര്‍ച്ച് എട്ടിന് 239 പേരുമായി പറന്ന വിമാനം കടംകഥ പോലെ അപ്രത്യക്ഷമായിരുന്നു.

ആ വിമാനത്തിനെന്തു സംഭവിച്ചു എന്നതിനെപ്പറ്റി ഇനിയും വ്യക്തമായ സൂചനയില്ല. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നുവീണതായാണു കരുതപ്പെടുന്നത്. എന്നാല്‍ കടലിന് അടിയില്‍ വ്യാപക തിരച്ചില്‍ നടത്തിയിട്ടും വിമാനാവശിഷ്ടം കണ്ടെത്താനായില്ല.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close