370 വിവാദം കൊഴുക്കുന്നു

jammu

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370-ാം വകുപ്പിനെച്ചൊല്ലി വിവാദം കൊഴുക്കുന്നു.
പ്രത്യകപദവി റദ്ദാക്കുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചനടത്തുന്നുവെന്ന് പറയുന്ന ഗുണഭോക്താക്കള്‍ ആരെന്ന് വ്യക്തമാക്കണമെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍അബ്ദുള്ള ആവശ്യപ്പെട്ടു. ജമ്മുകശ്മീര്‍ ഒമറിന്റെ കുടുംബസ്വത്തല്ലെന്ന് ആര്‍.എസ്.എസ്. തിരിച്ചടിച്ചു.
ജമ്മുകശ്മീരിന്റെ പ്രത്യേകപദവി നല്‍കുന്ന 370-ാംവകുപ്പ് റദ്ദാക്കുന്ന പ്രക്രിയ പുതിയ സര്‍ക്കാര്‍ ആരംഭിച്ചുവെന്ന, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ ചൊവ്വാഴ്ചത്തെ പ്രസ്താവനയാണ് വിവാദത്തിന് തുടക്കമിട്ടത്. ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ വിളിച്ച് വിശദീകരണം തേടി. തന്റെ വാക്കുകള്‍ തെറ്റായി ഉദ്ധരിച്ചതാണെന്ന് ജിതേന്ദ്രസിങ് പിന്നീട് പറഞ്ഞു.

എന്നാല്‍, ജമ്മുകശ്മീരിലെ ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ് ബുധനാഴ്ച ശ്രീനഗറില്‍ യോഗം ചേര്‍ന്ന് പ്രസ്താവനയെ അപലപിച്ചു. സംസ്ഥാനത്തെ ജനങ്ങളെ ഇത് മുറിപ്പെടുത്തിയെന്നും രാജ്യത്തിന്റെ അഖണ്ഡതയെയും സുരക്ഷയെയും അപകടപ്പെടുത്തുമെന്നും പാര്‍ട്ടി പറഞ്ഞു.

370-ാം വകുപ്പ് റദ്ദാക്കണമെങ്കില്‍ ആ പദവി നല്‍കിയ ഭരണഘടനാ നിര്‍മാണസഭ വിളിച്ചു ചേര്‍ക്കണമെന്ന് മുഖ്യമന്ത്രി ഒമര്‍അബ്ദുള്ള ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ജനങ്ങളെ ഇനിയും ഒറ്റപ്പെടുത്താന്‍ ഉദ്ദേശിച്ച് മനഃപൂര്‍വം സൃഷ്ടിച്ചതാണ് ഇപ്പോഴത്തെ ആശയക്കുഴപ്പമെന്ന് അദ്ദേഹം പറഞ്ഞു.

ഒമറിന്റെ നിലപാടിനോട് കോണ്‍ഗ്രസ് യോജിച്ചു. ഭരണഘടനാ നിര്‍മാണസഭയുടെ അനുമതി ആവശ്യമായ കാര്യമാണിത്. ഈ സഭ നിലവിലില്ല. ഇനിയും രൂപവത്കരിക്കുക സാധ്യമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. ഇത്തരം ഗൗരവമുള്ള സംഗതികളെക്കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കുംമുമ്പ് ഭരണഘടനയെക്കുറിച്ച് അടിസ്ഥാന ധാരണയെങ്കിലും വേണമെന്ന് അദ്ദേഹം പറഞ്ഞു.
370-ാം വകുപ്പ് റദ്ദാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചയാരംഭിച്ചെന്ന് പറയുന്ന മന്ത്രി ജിതേന്ദ്ര സിങ് ആരോടാണ് ചര്‍ച്ചചെയ്യുന്നതെന്ന് ഒമര്‍ അബ്ദുള്ള ചോദിച്ചു. സംസ്ഥാന മുഖ്യമന്ത്രിയായ താനോ തന്റെ പാര്‍ട്ടിയിലെ അംഗങ്ങളിലാരെങ്കിലുമോ ഇക്കാര്യം കേന്ദ്രവുമായി ചര്‍ച്ചചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

370-ാം വകുപ്പ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമായിരിക്കുമെന്ന് ആര്‍.എസ്.എസ്. നേതാവ് രാംമാധവ് പറഞ്ഞു. ജമ്മുകശ്മീര്‍ സ്വന്തം കുടുംബ സ്വത്താണെന്നാണോ ഒമര്‍ കരുതുന്നതെന്ന് അദ്ദേഹം ചോദിച്ചു. 370-ാം വകുപ്പ് സംബന്ധിച്ച സ്വതന്ത്രചര്‍ച്ചയില്‍ ആരും അസ്വസ്ഥരാകേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.

370-ാം വകുപ്പ് റദ്ദാക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മുകശ്മീരിലെ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കണമെന്ന് പി.ഡി.പി. നേതാവ് മെഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടു. ജിതേന്ദ്ര സിങ്ങിന്റെ പ്രസ്താവന സമാധാനം തകര്‍ക്കുമെന്ന് അവര്‍ പറഞ്ഞു.

370-ാം വകുപ്പ് റദ്ദാക്കുന്ന കാര്യത്തില്‍ ബി.ജെ.പി. തിടുക്കം കാട്ടേണ്ടതില്ലെന്ന് ആര്‍.എസ്.എസ്. നിര്‍ദേശിച്ചതായാണ് വിവരം. ഈ വിഷയത്തില്‍ ചര്‍ച്ച തുടങ്ങാനും അഭിപ്രായ ഐക്യത്തിലെത്താനും മാര്‍ഗരേഖ രൂപവത്കരിക്കാന്‍ ആര്‍.എസ്.എസ്. നേതാക്കള്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ ചുമതലപ്പെടുത്തിയെന്നും വാര്‍ത്തയുണ്ട്. എന്നാല്‍, ഈ വിഷയത്തില്‍ ബി.ജെ.പിയും ആര്‍.എസ്.എസുമായി ചര്‍ച്ച നടന്നെന്ന വാര്‍ത്തകള്‍ രാംമാധവ് നിഷേധിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close