4 അണക്കെട്ടുകള്‍ കേരളത്തിന്റേത്: മുഖ്യമന്ത്രി

നാല് അണക്കെട്ടുകളുടെ ഉടമസ്ഥാവകാശത്തെക്കുറിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ അവകാശവാദം തെറ്റെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുല്ലപ്പെരിയാര്‍, പറമ്പിക്കുളം, പെരുവാരിപ്പള്ളം, തുണക്കടവ് അണക്കെട്ടുകള്‍ കേരളത്തിന്റേത് തന്നെയാണെന്നും വലിയ ഡാമുകള്‍ സംബന്ധിച്ച ദേശീയ രജിസ്റ്ററില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തിന്റെ സ്ഥലത്താണ് നാല് അണക്കെട്ടുകളും സ്ഥിതിചെയ്യുന്നത്. അണക്കെട്ടുകളുടെ നിര്‍മ്മാണവും തുടര്‍ നടപടികളും വ്യക്തമായ കരാറിന്റെ അടിസ്ഥാനത്തിലാണ് നടന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

നാല് അണക്കെട്ടുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനാല്‍ ഉടമസ്ഥാവകാശവും തങ്ങള്‍ക്കാണെന്നാണന്ന തമിഴ്‌നാട് മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റാണ്. വ്യക്തമായ കരാറിന്റെ അടിസ്ഥാനത്തിലാണ് നാല് അണക്കെട്ടുകളുടെ അറ്റകുറ്റപ്പണിയും പ്രവര്‍ത്തിപ്പിക്കലും തമിഴ്‌നാട് നടത്തുന്നത്. അറ്റകുറ്റപ്പണിയുടെയും നടത്തിപ്പിന്റെയും ചുമതല തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിനായിരിക്കുമെന്ന് കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജലം പങ്കുവയ്ക്കല്‍ അടക്കമുള്ളവ സംബന്ധിച്ചും കരാറില്‍ വ്യവസ്ഥയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ സാഹചര്യത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി നാല് അണക്കെട്ടുകളുടെ അവകാശവാദം ഉന്നയിച്ചത് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. തമിഴ്‌നാടുമായി നല്ല ബന്ധമാണ് കേരളം ആഗ്രഹിക്കുന്നത്. എന്തെങ്കിലും തരത്തിലുള്ള തര്‍ക്കമോ, വിവാദമോ ഉണ്ടാക്കാന്‍ സംസ്ഥാനം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു.

മുല്ലപ്പെരിയാര്‍, പറമ്പിക്കുളം, പെരുവാരിപ്പള്ളം, തുണക്കടവ് അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്ന് ശനിയാഴ്ച തമിഴ്‌നാട് മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. നാല് അണക്കെട്ടുകളുടെയും അറ്റകുറ്റപ്പണി നടത്തുന്നത് തമിഴ്‌നാട് സര്‍ക്കാരാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. നാല് അണക്കെട്ടുകളും തമിഴ്‌നാടിന് നഷ്ടമായെന്ന കരുണാനിധിയുടെ ആരോപണത്തോട് പ്രതികരിക്കവെയാണ് ജയലളിത അവകാശവാദം ഉന്നയിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close