നരേന്ദ്ര മോദിയുടെ ജന്മദിനത്തിന് 568 കിലോ ഭാരമുള്ള ലഡ്ഡുവുമായി കേന്ദ്രമന്ത്രിമാര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 68ാം ജന്മദിനത്തിന് 568 കിലോ ഭാരമുള്ള ലഡ്ഡുവുമായി കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവേദ്ക്കറും മുക്താര്‍ അബ്ബാസ് നഖ്‌വിയും. സുലഭ് ഇന്റര്‍നാഷണല്‍ സോഷ്യല്‍ സര്‍വീസ് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച ജന്മദിനാഘോഷ പരിപാടിയിലാണ് ലഡ്ഡു അവതരിപ്പിച്ചത്.

പ്രധാനമന്ത്രിയുെട ജന്മദിനം ‘സ്വച്ഛത ദിവസ’മായി കൊണ്ടാടുകയാണെന്ന് പ്രകാശ് ജാവേദ്ക്കര്‍ പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷമായി ശുചിത്വ പരിപാടികള്‍ രാജ്യത്ത് ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്നും, അതിന് ചുക്കാന്‍ പിടിച്ചത് നരേന്ദ്ര മോദിയാണെന്നും അതിനാല്‍ ഈ ദിവസം ഈ പേരില്‍ ആഘോഷിക്കുകയാണെന്നും ജാവേദ്ക്കര്‍ വ്യക്തമാക്കി.

സ്വച്ഛ് ക്യാമ്പെയിന്റെ ഭാഗമായി രാജ്യത്ത് ശൗചാലയങ്ങളുടെ നിര്‍മ്മാണത്തിനായി ഇതുവരെ ഒരു സര്‍ക്കാരും ചെയ്യാത്ത കാര്യമാണ് മോദി സര്‍ക്കാര്‍ ചെയ്തത്. 9000 കോടി രൂപയാണ് ശൗചാലയങ്ങളുടെ നിര്‍മ്മാണത്തിനായ് ചെലവഴിച്ചത്. രാജ്യത്ത് 62 വര്‍ഷങ്ങളായി 30 ശതമാനം ശൗചാലയങ്ങള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ 90 ശതമാനമായി ഇതു കൂടിയിട്ടുണ്ടെന്നും ജാവദേക്കര്‍ അവകാശപ്പെട്ടു.

ശൗചാലയങ്ങളുടെ നിര്‍മ്മാണം രാജ്യത്തെ സമഗ്ര വികസനങ്ങളിലൊന്നാണെന്ന് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വിയും പറഞ്ഞു. ശുചിത്വ ഭാരതം, സുന്ദര ഭാരതം എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി പ്രവര്‍ത്തിക്കുന്നത്. സ്വച്ഛ് ഭാരത് അഭിയാന്‍, സ്വച്ഛതാ ഹീ സേവ തുടങ്ങിയ പദ്ധതികള്‍ക്കെല്ലാ ജനങ്ങളുടെയും പൂര്‍ണ പിന്തുണയുണ്ടെന്നും നഖ് വി ട്വിറ്ററില്‍ കുറിച്ചു.

Show More

Related Articles

Close
Close