രണ്ടുദിവസത്തിനകം 603 പേരെ തിരിച്ചെത്തിക്കും

ഇറാഖിലെ സംഘര്‍ഷരഹിത പ്രദേശങ്ങളില്‍ നിന്ന് രണ്ടു ദിവസത്തിനുള്ളില്‍ 603 ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇതിനായി പ്രത്യേക വിമാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രാലയ വക്താവ് സയ്യിദ് അക്ബറുദ്ദിന്‍ അറിയിച്ചു. 2200 പേരെങ്കിലും മടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വിമതപ്രശ്‌നം കാര്യമായി ബാധിച്ചിട്ടില്ലാത്ത നജഫ്, ബസ്‌റ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള ഇന്ത്യക്കാരെയാണ് തിരിച്ചെത്തിക്കുന്നത്. നജഫില്‍ നിന്ന് 317 പേര്‍ക്കും ബസ്‌റയില്‍ നിന്നുള്ള 286 പേര്‍ക്കുമായി രണ്ട് പ്രത്യേക വിമാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇറാഖ് എയര്‍വെയ്‌സിന്റെ വിമാനവും ഇതിനായി ഉപയോഗപ്പെടുത്തും.

117 ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള ആദ്യവിമാനം ഇറാഖി സമയം രാത്രി 2.30 നജഫില്‍ നിന്ന് യാത്ര തിരിക്കും. മടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച 2200 പേരില്‍ 1600 പേരുടെ യാത്രച്ചെലവ് ഇന്ത്യയും ബാക്കിയുള്ള 600 പേരുടെ ചെലവുകള്‍ അവര്‍ ജോലി ചെയ്യുന്ന കമ്പനികളും വഹിക്കുമെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു. ഇവരെ ഹൈദരാബാദ്, ബാംഗ്ലൂര്‍, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍ എത്തിക്കും. ഇന്ത്യക്കാരെ കൊണ്ടുവരാനായി മറ്റുവിമാന സര്‍വീസുകളുടെ സേവനവും ഉപയോഗപ്പെടുത്തും. ഇതിനായി ബാഗ്ദാദില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ പതിവു വിമാന സര്‍വീസ് നജഫ് വഴി തിരിച്ചു വിടും.

പ്രശ്‌നമുള്ള പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പ്രശ്‌നബാധിത മേഖലയിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ എംബസിയുടെ ഹെല്‍പ്പ് ലൈനുകളിലേക്ക് വരുന്ന കോളുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close