രണ്ടാം ദിനം

 

1000

2

ദുര്‍ഗാ മനോജ്

ശരഥന്‍, രാമന് വിശ്വാമിത്രനൊപ്പം പോകുവാന്‍ അനുവാദം നല്‍കി. രാമന്‍ എവിടെപ്പോകുമ്പോഴും രാമനെ പിരിയാതെ ലക്ഷ്‌മണനും ഒപ്പമുണ്ടാകും. ഇവിടെയും അതുതന്നെ സംഭവിച്ചു. അങ്ങനെ രാമലക്ഷ്‌മണന്മാര്‍ വിശ്വാമിത്രമുനിയ്‌ക്കൊപ്പം യാത്രയായി. അന്നത്തെ യാത്ര അവസാനിച്ചത്‌ സരയൂ നദിക്കരയിലാണ്‌. അവിടെ വച്ച്‌ വിശപ്പും ദാഹവും ഒന്നും ബാധിക്കാതെ കാക്കുന്നതും, സര്‍വ്വവിജ്ഞാനങ്ങളും അടങ്ങുന്നതുമായ ‘ബല അതിബല’ മന്ത്രം വിശ്വാമിത്രന്‍ രാമന്‌ ഉപദേശിച്ചു. രാമന്‍ അത്‌ സര്‍വ്വലോകരക്ഷയ്‌ക്കായ്‌ സ്വീകരിച്ചു. ആ രാത്രി രാജകുമാരന്‍മാര്‍ ദര്‍ഭപ്പുല്ല്‌ വിരിച്ച ശയ്യയില്‍ ഉറങ്ങി. പുലര്‍ച്ചെ പ്രഭാതകൃത്യങ്ങള്‍ നടത്തി വീണ്ടും യാത്ര തുടര്‍ന്നു. പിന്നെ അവര്‍ എത്തിച്ചേര്‍ന്നത്‌ അതിഘോരമായ ഒരു വനത്തിലായിരുന്നു. എന്താണീ പ്രദേശം ഇങ്ങനെ എന്ന്‌ രാജകുമാരന്മാരുടെ ഉള്ളില്‍ ഒരു ചോദ്യം ഉയര്‍ന്നു.

അത്‌ മനസ്സിലാക്കി വിശ്വാമിത്രന്‍ പറഞ്ഞു: “രാമാ, ഇത്‌ താടകാവനമാണ്‌. ഈ പ്രദേശം കടന്നുവേണം നമുക്ക്‌ പോകേണ്ടത്‌. ഇന്ദ്രന്റെ അനുഗ്രഹത്തോടെ, വളരെയധികം ഐശ്വര്യത്തോടുകൂടി നിരവധി ജനങ്ങള്‍ പണ്ട് താമസിച്ചിരുന്ന ഒരിടമാണിത്‌. പക്ഷേ, ഇന്നിപ്പോള്‍ ഇവിടെ താടക എന്ന യക്ഷിണിയുടെ സഞ്ചാരപഥമാണ്‌. അവളെ പേടിച്ച്‌ ജനങ്ങള്‍ ഇവിടെ വിട്ടൊഴിഞ്ഞുപോയി. എന്റെ യജ്ഞങ്ങള്‍ മുടക്കുന്നത് ഇവളും, ഇവളുടെ പുത്രന്‍ മാരീചനും, അവന്റെ അനുചരരായ മറ്റ്‌ രാക്ഷസന്മാരും ചേര്‍ന്നാണ്‌.  ഇന്നിപ്പോള്‍ അവളെ വധിക്കേണ്ടത്‌ വളരെ അത്യാവശ്യമായി വന്നിരിക്കുന്നു രാമാ.”

പക്ഷേ, ഒരു സ്‌ത്രീയെ വധിക്കേണ്ടതുണ്ടോ എന്ന സംശയം രാമന്റെ ഉള്ളിലുയര്‍ന്നു. അത്‌ മനസ്സിലാക്കി മുനി പറഞ്ഞു: “സന്ദേഹം വേണ്ട രാമാ. ലോകഹിതത്തിന്‌ എതിരായി പ്രവര്‍ത്തിക്കുന്നവര്‍ സ്‌ത്രീകളാണെന്നാലും അവര്‍ അവധ്യരല്ല. അതില്‍ ധര്‍മ്മത്തിന്‌ നിരക്കാത്തതായി യാതൊന്നുമില്ല.” അതുകേട്ട്‌ രാമന്‍ പറഞ്ഞു: “എന്റെ അച്ഛന്‍ തന്ന വാക്ക്‌ പാലിക്കുന്നതിന് അങ്ങയുടെ ഈ ആജ്ഞ ഞാന്‍ അനുസരിക്കുകയാണ്. ആ ദുഷ്‌ടയെ ഞന്‍ ഇല്ലാതാക്കുക തന്നെ ചെയ്യും. പിന്നെ രാമന്‍ തന്റെ വില്ലെടുത്ത്‌ പിടിച്ച്‌  ദിഗന്തങ്ങള്‍ നടുങ്ങുന്ന ഞാണൊലിയിട്ടു. ആ ഘോരശബ്‌ദം താടകയും കേട്ടു. “ങ്‌ഹേ? ആരാണ്‌ എന്റെ സാമ്രാജ്യത്തിലേക്ക്‌ അതിക്രമിച്ച്‌ കയറിയത്‌?” ക്രോധത്തോടെ അവള്‍ ശബ്‌ദം കേട്ട ദിക്കിലേക്ക്‌ പാഞ്ഞടുത്തു.

വികൃതമുഖവും ഭയാനക ശരീരവുമുള്ള അവളെ കണ്ട മാത്രയില്‍ രാമന്‍ ലക്ഷ്‌മണനോട്‌ പറഞ്ഞു: “ലക്ഷ്‌മണാ, ഒരു മുന്നറിയിപ്പ്‌ എന്നനിലയില്‍ നമുക്ക്‌ ഇവളുടെ കാതുകളും മൂക്കും ഛേദിച്ച്‌ ഓടിച്ചുവിടാം.” രണ്ട്‌ കൃമികളായ മനുഷ്യരാണല്ലോ തന്റെ മുന്നില്‍ എന്നോര്‍ത്ത്‌ താടക ഭയങ്കരമായി കല്ലുമഴ പെയ്യിക്കാന്‍ ആരംഭിച്ചു. താടകയുടെ കല്ലുമഴ രാമന്റെ അസ്‌ത്രമഴയ്‌ക്ക്‌ മുന്നില്‍ തോറ്റുപോയി. പിന്നെ രാമന്റെ അസ്ത്രമേറ്റ്‌ അവളുടെ കൈകള്‍ അറ്റുവീണു. ലക്ഷ്‌മണബാണത്താല്‍ മൂക്കും ചെവികളും അറ്റു. പക്ഷേ, അവള്‍ പിന്‍മാറാന്‍ കൂട്ടാക്കിയില്ല. ഇത്രയുമായപ്പോള്‍ വിശ്വാമിത്രമുനി രാമേനാട്‌ പറഞ്ഞു: “രാമാ, സന്ധ്യയാകുന്നതോടെ അവള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കും. അതിനുമുമ്പ്‌ അവളെ വധിക്കണം. വേഗം…” പിന്നെ രാമന്‍ മടിച്ചു നിന്നില്ല. രാമബാണമേറ്റ്‌ അവള്‍ ചത്ത്‌ മലച്ചു. താടകാവധം അറിഞ്ഞ ദേവന്മാര്‍ സന്തുഷ്‌ടരായി.

thadaka vadham

പിറ്റേദിവസം മുനി നിരവധി ദിവ്യാസ്‌ത്രങ്ങളും പല വിദ്യകളും രാമന്‌ ഉപേദശിച്ചു. അതിനുശേഷം അവര്‍ സിദ്ധാശ്രമത്തിലേക്ക്‌ യാത്രയായി. സിദ്ധാശ്രമത്തില്‍ വച്ച്‌ മുനിക്ക്‌ ആറുനാള്‍ നീളുന്ന ഒരു യജ്ഞം നടത്തേണ്ടതുണ്ട്‌. അവിടെയെത്തിയ മുനി ദീക്ഷ സ്വീകരിച്ച്‌ യജ്ഞത്തിന്‌ തയ്യാറായി. അമ്പും വില്ലും ധരിച്ച്‌ രാമലക്ഷ്‌മണന്മാര്‍ യജ്ഞവേദിക്ക്‌ കാവല്‍ ആരംഭിച്ചു. ആദ്യ അഞ്ച്‌ ദിനങ്ങള്‍ തടസ്സമില്ലാതെ മുന്നോട്ട്‌ പോയി. എന്നാല്‍ ആറാം ദിനം, മാരീചനും അവന്റെ സുഹൃത്ത്‌ സുബാഹുവും യജ്ഞകുണ്ഡത്തിലേക്ക്‌ രക്തം വര്‍ഷിച്ച്‌ മലിനമാക്കി യജ്ഞം മുടക്കുവാനായി ആകാശത്ത്‌ നിരന്നു. രാമന്‍ ബാണങ്ങള്‍ എയ്‌ത്‌ യജ്ഞം മുടക്കുന്നത്‌ തടഞ്ഞു. പിന്നെ ‘മാനവാസ്‌ത്രം’ ഉപേയാഗിച്ച്‌ മാരീചനെ നൂറ്‌ യോജന ദൂരെ കടലില്‍ പതിപ്പിച്ചു. മറ്റ്‌ രാക്ഷസന്മാരെ വായവ്യാസ്‌ത്രം കൊണ്ട്‌ കൊല്ലുകയും ചെയ്‌തു. അങ്ങനെ വിശ്വാമിത്ര മഹര്‍ഷിയുടെ യാഗം മുടക്കമില്ലാതെ നടന്നു. പിറ്റേന്ന്‌ പ്രഭാതകൃത്യങ്ങള്‍ കഴിച്ച്‌ മുനിയുടെ മുന്നിലെത്തി, അവര്‍ ചോദിച്ചു: “ഇനി എന്താണ്‌ അവിടുത്തേക്ക്‌ ഞങ്ങള്‍ ചെയ്‌തുതരേണ്ടത്‌?” ഇതുകേട്ട മറ്റ്‌ മുനിമാര്‍, അവര്‍ എല്ലാവരും തന്നെ, മിഥിലാപുരിയുടെ രാജാവായ ജനകന്‍ നടത്തുവാനൊരുങ്ങുന്ന   ഒരു വിശിഷ്ഠയജ്ഞത്തില്‍ പങ്കെടുക്കുന്നതിനായി അവിേടേക്ക്‌ പോകുകയാണ്‌ എന്നു പറഞ്ഞു.

മിഥിലാപുരിയിലെ ജനകന്‌ പണ്ട്‌ യജ്ഞസദസ്സില്‍ വച്ച്‌ ലഭിച്ച അത്ഭുതകരമായ ധനുസ്സ്‌ കൊട്ടാരത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. ദേവന്മാര്‍ക്കോ അസുരന്മാര്‍ക്കോ ഗന്ധര്‍വ്വന്മാര്‍ക്കോ ഞാണേക്കാന്‍ സാധിക്കാത്തത്രയും വലിയ ആ വില്ല്‌  പ്രത്യേ കം പരിരക്ഷിക്കപ്പെട്ട്‌ പൂജിച്ച്‌ വരികയാണ്‌. അതൊന്ന്‌ കാണുവാനായ്‌ മാത്രം ധാരാളം പേര്‍ മിഥിലയില്‍ എത്തിച്ചേര്‍ന്നുകൊണ്ടിരുന്നു. അങ്ങനെ മിഥിലാധിപന്റെ യജ്ഞത്തില്‍ പങ്കുകൊള്ളുവാനും, ഒപ്പം മഹത്തായ ആ വില്ല്‌ കാണുവാനുമായി മറ്റ്‌ മുനിമാര്‍ക്ക്‌ ഒപ്പം മൂവരും യാത്രയായി.

വഴിമധ്യേ രാമന്‍ പുര്‍വ്വികരെക്കുറിച്ചുള്ള കഥകള്‍ കേള്‍ക്കാന്‍ താല്‌പര്യം കാണിച്ചു. അത്‌ കേട്ട മഹാമുനി വിശ്വാമിത്രന്‍ അദ്ദേഹത്തിന്റെ സ്വന്തം വംശത്തിന്റെ കഥയും, കുശവംശത്തില്‍ ജനിച്ചതുകൊണ്ട് കൗശികന്‍ എന്ന പേരു തനിക്ക് വന്നതും മറ്റും രാമലക്ഷ്‌മണന്മാര്‍ക്ക്‌ മനസ്സിലാക്കിക്കൊടുത്തു. ഒപ്പം കപിലമഹര്‍ഷിയെ അപമാനിക്കാന്‍ ശ്രമിച്ച്‌, അദ്ദേഹത്തിന്റെ ശാപത്താല്‍ ഭസ്‌മമാക്കപ്പെട്ട അറുപതിനായിരം സഗരപുത്രന്മാരെക്കുറിച്ചും, അവരുടെ  ശാപമോക്ഷത്തിന്‌ ഭഗീരഥന്‍ നടത്തിയ കഠിനമായ തപസ്സിനെപ്പറ്റിയും, ഒടുവില്‍ ഭഗീരഥന്‍ ദേവ ഗംഗയെ ഭൂമിയിലെത്തിച്ച്‌ അവര്‍ക്ക്‌ മോക്ഷം നേടിക്കൊടുത്തതും ഒക്കെ മഹര്‍ഷി വിശ്വാമിത്രന്‍ രാമലക്ഷ്‌മണന്മാര്‍ക്ക്‌ വിശദീകരിച്ചു കൊടുത്തു.

വിശ്വാമിത്രമുനിയുടെ കഥകള്‍ കേട്ട്‌ ആ രാത്രി കടന്നുപോയത്‌ അവര്‍ അറിഞ്ഞില്ല.

നേരം പുലര്‍ന്നു.

 

durga_atl@yahoo.com                                                                                                                                                             തുടരും…

1000 x 80 ad

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close