ഐക്യം തകർക്കുന്ന ഒന്നിനും സ്ഥാനമില്ല : പ്രധാനമന്ത്രി

narendramodi-redfort
രാജ്യത്തിന്റെ ഐക്യം തകർക്കുന്ന ഒന്നിനും സ്ഥാനമില്ലെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി.69ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയതിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയുടെ ഓരോ മൂലയിലും ലാളിത്യവും കൂട്ടായ്മയും കാണാൻ സാധിക്കും ഇന്ത്യയുടെ ശക്തി അതാണ്. ഈ കൂട്ടായ്മ നഷ്ടമാകുമ്പോൾ ജനങ്ങളുടെ സ്വപ്നവും തകരും. ജാതീയതയ്ക്കും വർഗീയതയ്ക്കും ഇവിടെ സ്ഥാനമില്ല. 125 കോടി ജനങ്ങളും ഒരു ശക്തിയായി പ്രവർത്തിച്ചാൽ രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കാൻ സാധിക്കുമെന്നും മോദി പറഞ്ഞു.

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി അന്തിമഘട്ടത്തിലാണെന്നും തത്വത്തില്‍ അംഗീകാരം നല്‍കി എന്നതായിരുന്നു പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശത്തിലെ പ്രധാന പ്രഖ്യാപനം. തൊഴിലാളികള്‍ക്കായി ശര്‍മേവ ജയതേ പദ്ധതി എന്നതായിരുന്നു മറ്റൊരു പ്രഖ്യാപനം. കൂടാതെ രാജ്യത്തിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാകുന്ന നിരവധി പദ്ധതികളുടെ പ്രഖ്യാപനങ്ങളും പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ഉണ്ടായി.

മുൻകാലങ്ങളിൽ ബാങ്കിന്റെ വാതിലുകൾ ഒരിക്കലും ദരിദ്രർക്കായി തുറന്നിരുന്നില്ല, എന്നാൽ, ഈ സർക്കാർ പാവങ്ങളുടെ സാമ്പത്തിക ഉന്നമനത്തിന് കൂടി പ്രാധാന്യം നൽകി. സാന്പത്തിക നില ഏകീകരിക്കുന്നതിന് ബാങ്ക് അക്കൗണ്ടുകൾ അത്യാവശ്യമാണ്. സാധാരണക്കാര്‍ ഉള്‍പ്പെടെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാമ്പത്തിക വളര്‍ച്ചയാണ് രാജ്യത്തിനു വേണ്ടതെന്നും, ജന്‍ ധന്‍ യോജനയിലൂടെ 17 കോടി ഇന്ത്യക്കാര്‍ ബാങ്ക് അക്കൗണ്ട് ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. സബ്‌സിഡികള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് നല്‍കിയതിലൂടെ മോഷണം തടയാനായെന്നും, സ്വച്ഛ് ഭാരതിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കുട്ടികളാണെന്നും, സ്‌കൂളുകളില്‍ ഇതുവരെ നാലുലക്ഷം ടോയ്‌ലെറ്റുകള്‍ ഉണ്ടാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതി തുടച്ചുനീക്കാന്‍ എല്ലാ തലങ്ങളിലും ശ്രമം ഉണ്ടാകണമെന്നും ഒരു വര്‍ഷത്തിനകം ഇന്ത്യ പുതിയ ഇന്ത്യയാകുമെന്നും, ടീം ഇന്ത്യയായി പ്രവര്‍ത്തിക്കുന്നതാണ് രാജ്യത്തിന്റെ വിജയത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സര്‍ക്കാരിന്റെ 15 മാസക്കാലത്തെ ഭരണകാലയളവില്‍ ഒരു അഴിമതി ആരോപണം പോലും സര്‍ക്കാരിനെതിരെ ഇല്ലെന്ന് സംസാരിച്ചു തുടങ്ങിയ പ്രധാനമന്ത്രി മുന്‍പ് അഴിമതി നടത്തിയവര്‍ ഇപ്പോള്‍ എങ്ങനെ അഴിമതി തടയണമെന്ന് പ്രസംഗിക്കുകയാണെന്നും ഞാന്‍ അഴിമതിക്കെതിരെ പ്രസംഗിക്കുകയല്ല പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നതെന്നും വ്യക്തമാക്കി. കല്‍ക്കരി, സ്‌പെക്ട്രം ലേലം സമയബന്ധിതമായി നടത്തുവാന്‍ കഴിഞ്ഞതു വഴി സര്‍ക്കാരിന് സാമ്പത്തികനേട്ടം ഉണ്ടാക്കുവാനായെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക സുരക്ഷയ്ക്കാണ് ഞങ്ങൾ ഊന്നൽ നൽകുന്നത്. കഴിഞ്ഞ വർഷം ഇവിടെ ഞാൻ സംവദിച്ചത് ശൗചാലയങ്ങളെക്കുറിച്ചും വൃത്തിയെക്കുറിച്ചുമായിരുന്നു. ഇത് എന്തൊരു പ്രധാനമന്ത്രിയാണെന്ന് അന്ന് ജനങ്ങൾ ചോദിച്ചു. എന്തിനാണ് ഇക്കാര്യങ്ങൾ സംസാരിക്കുന്നതെന്നും അതിശയിച്ചു. എന്നാൽ വൃത്തിയെക്കുറിച്ചുള്ള ഓരോ വാക്കുകളും ജനങ്ങളിൽ തൊട്ടു. മതനേതാക്കളും, മാധ്യമപ്രവർത്തകരും പ്രമുഖരും എല്ലാവരും തന്നെ ബോധവത്കരണത്തിനു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. സ്വച്ഛ് ഭാരത് അഭിയാന് ഏറ്റവും കൂടുൽ പിന്തുണ നൽകിയതും ഇത് ശക്തിപ്പെടുത്തിയതും രാജ്യത്തെ കുട്ടികളാണെന്നും മോദി കൂട്ടിച്ചേർത്തു.

കള്ളപ്പണ വിഷയത്തിൽ മുൻ യു.പി.എ സർക്കാരിനെ രൂക്ഷമായി മോദി വിമർശിച്ചു. 60 വർഷം അധികാരത്തിലിരുന്ന് അഴിമതി നടത്തിയവരാണ് അഴിമതിക്കെതിരെ ഇപ്പോൾ സംസാരിക്കുന്നത്. കഴിഞ്ഞ 15 മാസത്തിനിടെ ഈ സർക്കാരിനു നേരെ ഒരു അഴിമതി ആരോപണം പോലും ഉന്നയിക്കാൻ പ്രതിപക്ഷത്തിന് ആയിട്ടില്ല. കള്ളപ്പണ നിക്ഷേപം കണ്ടെത്താനുള്ള നിയമം അനുസരിച്ച് 6500 കോടി പുറത്ത് വന്നിട്ടുണ്ട്. കള്ളപ്പണം തിരികെ കൊണ്ടു വരാനുള്ള നീക്കത്തിൽ സർക്കാർ പിന്നോട്ടില്ല. എന്തൊക്കെ സമ്മർദ്ദങ്ങളുണ്ടായാലും നിയമത്തിലെ ശക്തമായ വ്യവസ്ഥകളിൽ വെള്ളം ചേർക്കില്ലെന്നും മോദി പറഞ്ഞു. ബി.ജെ.പി സർക്കാർ അധികാരത്തിൽ വരുന്നതിന് മുന്പ് 800 അഴിമതി കേസുകൾ മാത്രമാണ് സി.ബി.ഐ രജിസ്റ്റർ ചെയ്തത്. എന്നാൽ, ഈ സർക്കാർ വന്നതിനു ശേഷം പത്തു മാസം കൊണ്ട് 1800 കേസുകളാണ് രജിസ്റ്റർ ചെയ്തതെന്നും മോദി ചൂണ്ടിക്കാട്ടി.
Rajghat

രാവിലെ മഹാത്മാഗാന്ധിയുടെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയതിനുശേഷമാണ് മോദി ചെങ്കോട്ടയിലെത്തിയത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുതിർന്ന ബിജെപി നേതാവ് എൽ.കെ. അഡ്വാനി, കേന്ദ്രമന്ത്രിമാരായ അരുൺ ജയ്റ്റ്‌ലി, സുഷമ സ്വരാജ്, രവിശങ്കർ പ്രസാദ്, രാജ്നാഥ് സിങ്, ബിജെപി അധ്യക്ഷൻ അമിത് ഷാ തുടങ്ങിയവർ പങ്കെടുക്കാനെത്തിയിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close