ഇരുപത്തിയൊന്നാം ദിനം

21

ദുര്‍ഗാ മനോജ്

 

രാമകോപം കണ്ട് സാഗരം ഞെട്ടിവിറച്ചു. പിന്നെ രാമനു മുന്നില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട് പറഞ്ഞു ”അഗാധതയും ദുസ്തരതയുമാണ് എന്റെ സ്വഭാവം. ആഴമില്ലായ്മയാണെന്റെ വികാരം. ഒരിക്കലും ഞാന്‍ എന്നിലെ ജലത്തെ സ്തംഭിപ്പിക്കുകയില്ല. എന്നാല്‍ അങ്ങേക്ക് കടല്‍കടക്കുവാന്‍ വേണ്ടത് ഞാന്‍ ചെയ്യാം. എല്ലാം ഞാന്‍ താങ്ങിക്കോളാം. സേന മറുകര എത്തുംവരെ യാതൊരു പ്രയാസവും അനുഭവപ്പെടില്ല.”
പിന്നെ എല്ലാം വേഗത്തിലായി. കയ്യില്‍ കിട്ടിയ മരങ്ങളും വന്‍പാറകളും സമുദ്രത്തില്‍ നിക്ഷേപിച്ചു തുടങ്ങി കപികള്‍. തികച്ചും ഭാരമില്ലാത്തതുപോലെ അവ ജലോപരിതലത്തില്‍ പൊങ്ങിക്കിടന്നു. വാനരശ്രേഷ്ഠനായ നളന്റെ നേതൃത്വത്തിലാണ് ചിറ നിര്‍മ്മാണം ആരംഭിച്ചത്. വിശ്വകര്‍മ്മാവിന്‍ തുല്യനായ നളന്റെ നിര്‍മ്മാണവൈദഗ്ദ്ധ്യം കണ്ട് ദേവകള്‍ ആഹ്ലാദിച്ചു.
ഒടുവില്‍ ചിറനിര്‍മ്മാണം പൂര്‍ത്തിയാക്കി വാനരര്‍ ഏവരും രാമലക്ഷ്മണ വിഭീഷണനോടൊത്ത് ലങ്കയുടെ തീരത്ത് എത്തി. ആ തീരത്തോട് ചേര്‍ന്നുള്ള കാടുകളില്‍ കടന്ന് വാനരര്‍ വിശപ്പടക്കി.
രാമന്റെ ദയയാല്‍ കൊല്ലപ്പെടാതെ രാവണ സദസില്‍ ശുകന്‍ എത്തിച്ചേര്‍ന്നു. ശുകന്‍ രാമസൈന്യത്തെക്കുറിച്ച് രാവണനോട് വിശദീകരിച്ചു. ജീവന്‍ തിരികെ കിട്ടിയത് ഭാഗ്യം കൊണ്ടാണ് എന്നുപറഞ്ഞ് ശുകന്‍ രാമനെ ഓര്‍ത്ത് കിലുകിലാന്ന് വിറച്ചു. രാമന്റെ പട രാവണന് നാശംവരുത്തും എന്ന ശുകന്റെ പറച്ചില്‍കേട്ട് രാവണന്‍ ഒട്ടും ഭയക്കാതെ ”സാരണന്‍” എന്ന അസുരനോടൊപ്പം വീണ്ടും ശുകനെ രാമപക്ഷത്തിലേക്ക് അയച്ച് ആ പെരുംപടയെക്കുറിച്ച് അറിഞ്ഞുവരുവാന്‍ ആവശ്യപ്പെട്ടു. രാമന്റെ പാളയത്തില്‍ കടന്ന ശുകസാരണന്മാര്‍ വിഭീഷണന്റെ കയ്യില്‍പ്പെട്ടു. വീണ്ടും രാമന്റെ ദയകൊണ്ട് മാത്രം ദൂതന്മാരാണെന്ന കാരണത്താല്‍ കൊല്ലാതെ അവര്‍ വിട്ടയക്കപ്പെട്ടു.
രാമന്റെ പടയാകെ മനസ്സിലാക്കിയ ശുകസാരണന്മാര രാവണനോട് വിജയം അവര്‍ക്ക് സുസാധ്യമാണെന്നും അതിനാല്‍ യുദ്ധമൊഴിവാക്കാന്‍ സീതയെ വിട്ടുകൊടുക്കുന്നതാണ് ബുദ്ധി എന്നും പറഞ്ഞുനോക്കി.
ശത്രുവിനെ വാഴ്ത്തുന്ന ശുകസാരണന്മാരെ അധിക്ഷേപിച്ച ശേഷം സീതയുടെ മനസ്സ് മാറ്റുവാനായി രാമന്‍ വധിക്കപ്പെട്ടു എന്നും മായാനിര്‍മ്മിതമായ രാമന്റെ വേര്‍പെട്ട ശിരസ്സുമായി രാവണന്‍ സീതക്ക് മുന്നിലെത്തി.
യുദ്ധം തുടങ്ങും മുമ്പുതന്നെ രാമന്‍ വധിക്കപ്പെട്ടിരിക്കുന്നു എന്ന് രാവണന്‍ പറഞ്ഞതുകേട്ട് സീത ബോധംകെട്ട് ആ മണ്ണിലേക്കു തന്നെ വീണു. ഈ സമയം വാനരസൈന്യത്തിന്റെ പടയൊരുക്കത്തിന്റെ കാഹളംകേട്ട് രാവണന്‍ അവിടെനിന്നും പോയി. ഈ തക്കത്തിന് സരമയെന്ന രാക്ഷസി സീതയുടെ അടുത്തെത്തി ഇപ്പോള്‍ നടന്നതൊക്കെ രാവണന്റെ മായാവിദ്യകളാണെന്നും അതിനാല്‍ കരയരുത് എന്നും ആവശ്യപ്പെട്ടു. മാത്രവുമല്ല ”സരമ” സീതയോട് കടല്‍കടന്ന് രാമനും സുഗ്രീവനും വന്‍പടയോടുകൂടി എത്തിയ വിവരവും അറിയിച്ചു. അങ്ങനെ സീത ഒരുവിധം സമാധാനം കൊണ്ടു.
പുറത്ത് രാമന്‍ പടയോട് കൂടി ലങ്ക മുടിക്കുവാനായി നില്‍ക്കുമ്പോള്‍ രാവണന്റെ കൊട്ടാരത്തില്‍ ‘മാല്യവാന്‍’ തുടങ്ങിയ മുതിര്‍ന്ന രാക്ഷസര്‍ രാവണയുദ്ധത്തില്‍ നിന്ന് പിന്മാറുവാനായി ഉപദേശിച്ചു. പക്ഷേ, അവര്‍ക്കൊക്കെ നല്ല ശകാരം രാവണനില്‍ നിന്ന് കേള്‍ക്കേണ്ടതായി വന്നു.
ഈ സമയം രാമന്റെ പക്ഷം സേനാ വിന്യാസം നടത്തിക്കഴിഞ്ഞിരിക്കുന്നു. ഹനുമാന്‍, ജാംബവാന്‍, വിഭീഷണന്‍, അംഗദന്‍, ലക്ഷ്മണന്‍, ശരഭന്‍, സുഷേണന്‍, മൈന്ദന്‍, ദ്വിവിദര്‍, നളന്‍, ഗവാഷന്‍, ഗജന്‍, കുമുദന്‍ പിന്നെ പനസന്‍ എന്നിവരായിരുന്നു നായകര്‍.
ഇത്രയും പറഞ്ഞ് രാമനും കൂട്ടരും സുവേലം എന്ന കുന്നിന്‍ പ്രദേശത്ത് ആ രാത്രി പാര്‍ക്കുകയും ലങ്കാനഗരത്തെ കാണുകയും ചെയ്തു. അവിടെ ത്രികുടത്തിലെ ഗോപുരത്തില്‍ നില്‍ക്കുന്ന രാവണനേയും രാമന്‍ കണ്ടു. ചെംപട്ടുടുത്ത് നീലമേഘത്തിന്റെ നിറത്തോട് കൂടിയ രാവണനെ രാമന്‍ ദൂരെനിന്നാണെങ്കിലും ആദ്യമായി കാണുകയായിരുന്നു.
പെട്ടെന്നാണത് സംഭവിച്ചത്. സുവേലത്തില്‍നിന്നും സുഗ്രീവന്‍ ഒറ്റച്ചാട്ടത്തിന് രാവണന്‍ നില്‍ക്കുന്ന ഗോപുരത്തിലെത്തി അവന്റെ കിരീടം തട്ടിത്താഴെയിട്ടു. പിന്നെ ഒരു ഘോരയുദ്ധം രാവണനും സുഗ്രീവനും തമ്മില്‍ നടന്നു. ഇതിനിടയില്‍ സുഗ്രീവന്റെ ബലം തിരിച്ചറിഞ്ഞ രാവണന്‍ തന്റെ മായാവിദ്യകള്‍ കാട്ടുവാന്‍ ഒരുങ്ങി. ഇത് മനസ്സിലാക്കിയ സുഗ്രീവന്‍ വേഗം അവിടെനിന്ന് മടങ്ങി രാമന് സമീപം എത്തി. സുഗ്രീവന്‍ കാട്ടിയ സാഹസം കണ്ട് രാമന്‍ സുഗ്രീവനോട് പരിഭവം പറഞ്ഞു. മുന്നറിയിപ്പില്ലാതെ ഇപ്രകാരം ചെയ്ത് എന്തെങ്കിലും ആപത്ത് വന്നെങ്കിലോ എന്ന് ഭയന്ന് സുഗ്രീവനോട് ”നിങ്ങളുടെ ഏവരുടേയും ജീവന്‍ എനിക്ക് വിലപ്പെട്ടതാണ്” എന്ന് രാമന്‍ പറഞ്ഞു.
പിന്നെ രാമന്‍ പടയോടുകൂടി ലങ്കയിലേക്ക് കടന്നു. പിന്നെ രാവണന് സീതയെ യുദ്ധം കൂടാതെ തിരികെ നല്കുവാന്‍ ഒരു അവസരംകൂടി നല്‍കുവാനും ഇല്ലെങ്കില്‍ യുദ്ധത്തിന് പുറപ്പെടുവാനും പറഞ്ഞുകൊണ്ട് അംഗദനെ ദൂതനായി അയച്ചു.
അംഗദന്‍ രാമവാക്യം രാവണനെ അറിയിച്ചു. അതുകേട്ട് കോപംകൊണ്ട് വിറച്ച രാവണന്‍ അംഗദനെ പിടികൂടി കൊല്ലുവാന്‍ രാക്ഷസരെ അയച്ചു. എന്നാല്‍ അവന്‍മാരെ തട്ടിത്തെറിപ്പിച്ച് ആ കൊട്ടാരം തന്നെ പൊടിയാക്കി അംഗദന്‍ തിരികെ രാമന്റെ അടുത്തെത്തി.
പിന്നെ യുദ്ധം തുടങ്ങുകയായി. വാനരന്മാര്‍ മരങ്ങള്‍കൊണ്ടും പാറകള്‍കൊണ്ടും മുഷ്ടി ഉപയോഗിച്ചും രാവണന്റെ കോട്ടകള്‍ തകര്‍ത്തെറിഞ്ഞു. കിടങ്ങുകള്‍ തകര്‍ത്തു. ഈ സമയം മതിലിന്മേലിരുന്ന രാക്ഷസര്‍ വാനരന്മാര്‍ക്ക് നേരെ ഹരമഴ പെയ്യിച്ചു. പിന്നെ രാവണപക്ഷത്തെ പ്രമുഖര്‍ രാമപക്ഷ പ്രബലന്മാരുമായി യുദ്ധം തുടങ്ങി. ഇതിനിടയില്‍ രാത്രി വന്നു. രാത്രിയുടെ മറവില്‍ പ്രതാപം കൂടിയ ഇന്ദ്രജിത്ത് രാമലക്ഷ്മണന്മാര്‍ക്ക് നേരെ നാഗാസ്ത്രം പ്രയോഗിച്ചു. ശരീരമാസകലം അസ്ത്രംകൊണ്ട് മുറിവേറ്റ് രാമനും ലക്ഷ്മണനും നിലംപതിച്ചു. ഇത് കണ്ട് വാനരന്മാര്‍ അത്യന്തം ദീനരായി കരഞ്ഞുകൊണ്ട് പരക്കം പാഞ്ഞു. രാമലക്ഷ്മണന്മാര്‍ മുറിവേറ്റ് വീണത് കണ്ട് വിഭീഷണനും സുഗ്രീവനും അവിടേക്ക് ചെന്നു. ഏവരുടേയും വിഷാദം കണ്ട് വിഭീഷണന്‍ അവരെ ആശ്വസിപ്പിച്ചു. എന്നിട്ട് പറഞ്ഞു, ഇത് നാഗാസ്ത്രത്തിന്റെ പ്രഭാവത്തില്‍ ഇന്ദ്രജിത്ത് നടത്തിയ ഒളിയുദ്ധത്തിന്റെ ഫലമാണ്. എങ്കിലും ഭയക്കാതിരിക്കൂ ഇവര്‍ക്ക് ജീവന് ആപത്തൊന്നും സംഭവിച്ചിട്ടില്ല. ഒപ്പം വാനരസേനയെ മനോവീര്യം കെടാതെ ആക്രമണത്തിനു സജ്ജരാക്കുവാന്‍ സുഗ്രീവനോട് ആവശ്യപ്പെട്ടു.
ഈ സമയം ഇന്ദ്രജിത്ത് തന്റെ വീരകൃത്യങ്ങള്‍ രാവണനോട് പറഞ്ഞ് ആഹ്ലാദം കൊള്ളുകയായിരുന്നു. ഇതുതന്നെ തക്കമെന്ന് കരുതി. രാവണന്‍ വേഗം അശോകവനികയിലെത്തി സീതയോട് രാമന് മുറിവേറ്റ് മരണപ്പെട്ടിരിക്കുന്നു എന്നുപറഞ്ഞ് അത് സ്വയം ബോധ്യപ്പെടുവാന്‍ പുഷ്പകവിമാനത്തില്‍ കയറ്റി യുദ്ധക്കാഴ്ച കാണിക്കുവാന്‍ ത്രിജടയോട് ആവശ്യപ്പെട്ടു.
പുഷ്പക വിമാനത്തിലിരുന്ന് സീത താഴെ മുറിവേറ്റ് ചോരവാര്‍ന്ന് കിടക്കുന്ന രാമലക്ഷ്മണന്മാര്‍ കൊല്ലപ്പെട്ടു കിടക്കുന്നു എന്ന് ധരിച്ച് വാവിട്ട് നിലവിളിച്ച് ബോധരഹിതയായി. ഇതുകണ്ട് ത്രിജട സീതയെ സമാധാനിപ്പിച്ചുകൊണ്ട് ഇത് വിശ്വസിക്കരുത് എന്നും രാമലക്ഷ്മണന്മാര്‍ കൊല്ലപ്പെട്ടിട്ടില്ല എന്നും ഇത് മോഹാലസ്യമാണ് എന്നും അവളെ ബോധ്യപ്പെടുത്തി തിരികെ കൊണ്ടുപോന്നു.
കുറേ നേരം കടന്നുപോയപ്പോള്‍ രാമന്‍ നാഗാസ്ത്രബന്ധനത്തില്‍ നിന്ന് മോചിതനായി കണ്ണുതുറന്നു. പക്ഷേ, ലക്ഷ്മണന്റെ കിടപ്പുകണ്ട് തകര്‍ന്ന് രാമന്‍ വിലപിക്കാന്‍ തുടങ്ങി. ഈ സമയം സുഷേണന്‍ പറഞ്ഞു പണ്ട് നടന്ന ദേവാസുരയുദ്ധത്തിന്റെ അനുഭവത്തില്‍ ബൃഹസ്പതി ദേവന്മാരെ ചികിത്സിക്കാന്‍ ഉപയോഗിച്ച മരുന്നുകള്‍ എവിടെയുണ്ട് എന്ന് എനിക്കറിയാം. സമ്പാതി, പനസന്‍, പിന്നെ ഹനുമാന്‍ എന്നിവരോട് മരുന്നുകള്‍ ശേഖരിച്ചവരുവാന്‍ ചുമതലപ്പെടുത്തി. ഈ സമയം ഒരു വലിയ ചിറകടിയൊച്ച അവിടെ ഉയര്‍ന്നുപൊങ്ങി. അത് ഗരുഡന്റെ വരവായിരുന്നു. ഗരുഡന്‍ പ്രത്യക്ഷപ്പെട്ടതോടെ നാഗാസ്ത്രബന്ധനത്തിലായ രാമന്റേയും ലക്ഷ്മണന്റേയും ഉള്ളില്‍ നിന്നും നാഗങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിഞ്ഞു. ഒപ്പം അവരുടെ മുറിവുകളും ഭേദമായി. പിന്നെ ഗരുഡന്‍ പറഞ്ഞു ”മഹാപ്രഭോ സുരന്മാര്‍ക്കോ ഗന്ധര്‍വ്വന്മാര്‍ക്കോ ആര്‍ക്കും തന്നെ നാഗാസ്ത്രബന്ധനം അഴിക്കാന്‍ സാധിക്കുന്നതല്ല. അങ്ങയില്‍ പ്രവേശിച്ചത് കദ്രുപുത്രന്മാരായ നാഗങ്ങളാണ്. അതുകൊണ്ടാണ് എന്നെ കണ്ട മാത്രയില്‍ അവ ഒഴിഞ്ഞുപോയത്.” പിന്നെ ഗരുഡന്‍ രാമനുമായി സഖ്യം ഉറപ്പിച്ച് അവിടെനിന്നും മറഞ്ഞു.
വീണ്ടും വാനരര്‍ വര്‍ദ്ധിത വീര്യത്തോടെ പോരിന് തയ്യാറായി.

durga_atl@yahoo.com                                                                                                                                                             തുടരും…

1000 x 80 ad

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close